Connect with us

Gulf

പുസ്തകമേള നവംബര്‍ അഞ്ച് മുതല്‍;പത്ത് ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തും

Published

|

Last Updated

ഷാര്‍ജ:ഈ വര്‍ഷത്തെ രാജ്യാന്തര പുസ്തകമേളയില്‍ പത്ത് ലക്ഷത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക് ഫെയര്‍ ഡയറക്ടര്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ അമീരി പറഞ്ഞു. ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തോളം ആളുകള്‍ പുസ്തകമേള സന്ദര്‍ശിച്ചിരുന്നു.

ഈ വര്‍ഷം പ്രമുഖ ലൈബ്രറികളെ പങ്കെടുപ്പിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ ഏറെ വര്‍ധിക്കാനാണ് സാധ്യത. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള പുസ്തകമേളകളിലൊന്നാണ് ഷാര്‍ജയിലേത്. പത്ത് ലക്ഷത്തിലധികം കൃതികളാണ് രാജ്യാന്തര പുസ്തകമേളയിലേക്കെത്തുന്നത്. യാതൊരു സെന്‍ഷര്‍ഷിപ്പും പുസ്തകങ്ങളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്താറില്ല.
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പുസ്തകോത്സവം. നവംബര്‍ അഞ്ച് മുതല്‍ 13 വരെ നടക്കും. 33-ാം വര്‍ഷത്തിലേക്ക് പുസ്തകമേള കടന്നിരിക്കുകയാണ്. 1,256 പ്രസാധകരെയാണ് പ്രതീക്ഷിക്കുന്നത്. 59 രാജ്യങ്ങളില്‍ നിന്ന് പ്രസാധകരും എഴുത്തുകാരും സന്ദര്‍ശകരുമെത്തും.
പ്രസാധകരുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 35 രാജ്യങ്ങളില്‍ നിന്ന് പ്രസാധകര്‍ ഉണ്ട്. ഐസ്‌ലാന്റ്, ഫിന്‍ലാന്‍ഡ്, മെക്‌സികോ, ക്രൊയേഷ്യ, ലാത്ത്‌വിയ, സ്ലോവേനിയ, ഹങ്കറി, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ പുതുതായി പങ്കെടുക്കും. റഷ്യയില്‍ നിന്ന് 75 പ്രസാധകരുണ്ട്. അറബ് ലോകത്ത് നിന്ന് ഈജിപ്തിലെ മുന്‍ വിദേശ കാര്യ മന്ത്രി അഹമ്മദ് അബൂ അല്‍ ഗെയ്ത്ത്, അറബ് മേഖലയിലെ പ്രമുഖ എഴുത്തുകാരന്‍ അഹ്‌ലം മുസ്തഗ്‌നാമി, അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ മുന്‍ പ്രസിഡന്റ് ഡോ. അഹമ്മദ് ഉമര്‍ ഹാഷിം തുടങ്ങിയ പ്രമുഖര്‍ എത്തും. അബ്ദുല്‍ അസീസ് അല്‍ തുവൈജിരി വിശിഷ്ടാതിഥിയായിരിക്കും.
മലയാളത്തില്‍ നിന്ന് ശശീ തരൂര്‍ എം പി, എം പി വീരേന്ദ്രകുമാര്‍, കവി വി മധുസൂദനന്‍ നായര്‍, പ്രഭാ വര്‍മ, കെ ആര്‍ മീര, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ എത്തുന്നുണ്ട്. രാജ്യാന്തര പ്രസിദ്ധരായ ബാന്‍ ബ്രൗണ്‍, പാക്കിസ്ഥാനിലെ കാമില ശംസി, അമേരിക്കയിലെ ഡഗഌസ് ബ്രിന്‍സ്റ്റണ്‍, ഇന്ത്യയിലെ ഷിവ്‌കേര, അമിതാബ് ഗോഷ് തുടങ്ങിയവരും എത്തും. സാമൂഹിക മാധ്യമങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ചാ വേദി ഉണ്ടാകും. യു എ ഇയിലെ പോലീസ് മേധാവികള്‍ പങ്കെടുക്കും.
പുസ്തകമേളയോടനുബന്ധിച്ചുള്ള പ്രൊഫഷനല്‍ പ്രോഗ്രാം രണ്ട് ദിവസം നീണ്ടു നില്‍ക്കും. ഇത് പുസ്തകമേള തുടങ്ങുന്നതിന് മുമ്പുള്ള ദിവസങ്ങളിലാണ്. നിരവധി പ്രസാധകര്‍ ഇതിലും പങ്കെടുക്കും. അല്‍ അമീരി പറഞ്ഞു.