Connect with us

Kasargod

ശസ്ത്രക്കിടയിലെ പിഴവ്; തീരാദുരിതവുമായി യുവതി ആശുപത്രിക്കിടക്കയില്‍

Published

|

Last Updated

കാസര്‍കോട്: വയറുവേദനയേതുടര്‍ന്ന് ഗര്‍ഭപാത്രം നീക്കുന്നതിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി തീരാവേദനയിലായത് കുടുംബത്തെ തളര്‍ത്തി. പാവപ്പെട്ട രോഗികളുടെ ജീവനു വിലപേശുന്ന സമീപനം സ്വീകരിച്ചതിലൂടെ ഗുരുതരനിലയിലായ യുവതിയുടെ അവസ്ഥ മാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിയതോടെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ആശുപത്രി അധികൃതരുടെ ശ്രമം.
ബന്തടുക്ക മാണിമൂലയിലെ അബ്ദുല്‍ഖാദറിന്റെ ഭാര്യ ലൈലയാണ് വേദനതിന്ന് ആശുപത്രിയില്‍ കഴിയുന്നത്. ആദ്യ ശസ്ത്രക്രിയയുടെ വേദന മാറുംമുമ്പേ വീണ്ടും രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയയായതോടെയാണ് ലൈല വേദനയുടെ പടുകുഴിയിലായത്.
കഴിഞ്ഞ മെയ് 29നാണ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ലൈലയുടെ ഗര്‍ഭപാത്രം നീക്കിയത്. ശസ്ത്രക്രിയയ്ക്കുമുമ്പ് ഡോക്ടര്‍ക്ക് 1,500 രൂപ കൈക്കൂലി നല്‍കിയതായി അബ്ദുല്‍ഖാദര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം ദിവസങ്ങളോളം കടുത്ത ഛര്‍ദി അനുഭവപ്പെട്ടു. ഡോക്ടറോട് ഇക്കാര്യം പറഞ്ഞെങ്കിലും കാര്യമാക്കിയില്ലെന്ന് ലൈല പറയുന്നു. ഒരാഴ്ച കഴിഞ്ഞ് ആശുപത്രിവിട്ടു. എന്നാല്‍, വേദന കൂടിയപ്പോള്‍ വീണ്ടും ജനറല്‍ ആശുപത്രിയിലെത്തി. 32 വയസ്സുകാരിയായ ലൈലയ്ക്ക് അസുഖം മാറാതായതോടെ രണ്ടുമക്കളടങ്ങിയ തന്റെ കുടുംബം തകര്‍ന്നിരിക്കുകയാണെന്ന് അബ്ദുല്‍ഖാദര്‍ പറഞ്ഞു. മക്കളെ സ്‌കൂളില്‍ വിടാന്‍പോലും കഴിയുന്നില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
സര്‍ജന്റെ മേല്‍നോട്ടത്തില്‍ അടുത്ത ശസ്ത്രക്രിയ. മൂന്നുമാസംകഴിഞ്ഞ് വീണ്ടും ശസ്ത്രക്രിയയ്ക്ക് എത്താന്‍ നിര്‍ദേശിച്ചാണ് അദ്ദേഹം ലൈലയെ ആശുപത്രിയില്‍നിന്ന് വിട്ടത്. മൂന്നുമാസംകഴിഞ്ഞ് എത്തിയപ്പോള്‍ വയറിന്റെ ഉള്ളിലെ മുറിവ് ഉണങ്ങിയില്ലെന്നുകണ്ട് ശസ്ത്രക്രിയ ഒരുമാസത്തേക്കുകൂടി നീട്ടി. അതനുസരിച്ചാണ് കഴിഞ്ഞദിവസം ജനറല്‍ ആശുപത്രിയിലെത്തിയത്. ഇപ്പോഴും ലൈലയുടെ ഉള്ളിലെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും അത് ശസ്ത്രക്രിയനടത്തി പരിശോധിക്കണമെന്നുമാണ് സര്‍ജന്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് അബ്ദുല്‍ഖാദര്‍ പറഞ്ഞു.
ആദ്യശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവാണ് ലൈലയുടെ ജീവിതം വേദനയിലാക്കിയതെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഉള്ളിലുണ്ടായ മുറിവ് ഉണങ്ങാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. അത് ഭേദമാക്കിയാലേ ലൈലയ്ക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാനാവുകയുള്ളൂ. ഉള്ളിലെ മുറിവ് കണ്ടെത്തി സുഖപ്പെടുത്താന്‍ ഇന്നലെ ശസ്ത്രക്രിയനടത്താനാണ് ഡോക്ടര്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് അബ്ദുല്‍ഖാദര്‍ പറഞ്ഞു. ചികിത്സയിലെ പിഴവാണ് ഭാര്യയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അബ്ദുല്‍ഖാദര്‍ ആശുപത്രി സൂപ്രണ്ടിനും കലക്ടര്‍ക്കും പരാതി നല്‍കി. സംഭവം അന്വേഷിക്കുമെന്ന് സൂപ്രണ്ട് ഡോ. നാരായണ നായിക് പറഞ്ഞു.