Connect with us

Thrissur

ആമകളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി വരുന്നു

Published

|

Last Updated

പീച്ചി(തൃശൂര്‍): ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന കടലാമകളുടേയും പശ്ചിമഘട്ട പ്രദേശങ്ങളില്‍ കാണുന്ന ആമകളുടേയും സംരക്ഷണത്തിനായി പുതിയ കര്‍മ പദ്ധതി വരുന്നു.
വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടേയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള വനഗവേഷണ സ്ഥാപനത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാലയാണ് കര്‍മ പദ്ധതിക്ക് രൂപം നല്‍കിയത്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും സമുദ്ര ജൈവവൈവിധ്യ സെല്ലുകള്‍ രൂപവത്കരിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പദ്ധതി.
സംസ്ഥാന തലത്തില്‍ കടലാമ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കുന്നതിനും ലക്ഷ്യമുണ്ട്. കടലാമകളുടെ പ്രജനനത്തിനും മറ്റുമായി സുരക്ഷിതമായ ആവാസവ്യവസ്ഥ ഉറപ്പുവരുത്തുക, കടലാമകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുക, കടലാമകളുടെ നാശത്തിന് കാരണമാകുന്ന പ്രവൃത്തികള്‍ നിയന്ത്രിക്കുക കടലാമകളുടെ വംശനാശത്തിന് കാരണമാകുന്ന പരിതസ്ഥിതികള്‍ തിരിച്ചറിയുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജൈവവൈവിധ്യ സെല്ലുകള്‍ വഴി നടത്തുക.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നതിനും പ്രാദേശികമായി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ജൈവവൈവിധ്യ സെല്ലുകള്‍ മുന്‍കൈയ്യെടുക്കും. ആമകളേക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയേക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പുതിയയിടങ്ങളില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ രേഖപ്പെടുത്തുക, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയും കര്‍മ്മ പദ്ധതിയിലുണ്ട്.
ലോകത്ത് കാണപ്പെടുന്ന ഏഴുതരം ആമകളില്‍ അഞ്ചും ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ പ്രജനനത്തിനും മറ്റുമായി വരുന്നുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിലും കടലാമകള്‍ മുട്ടയിടാറുണ്ട്. തീരപ്രദേശത്തെ ചൂളമരങ്ങള്‍ കടലാമകളുടെ നാശത്തിന് കാരണമാകുമെന്നതിനാല്‍ ചൂളമരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്താനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്.
പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ സഹകരണത്തോടെ കടലാമകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് തീരപ്രദേശ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നതിനും വനപാലകര്‍ക്ക് കടലാമകളേക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥ, പ്രജനന രീതി എന്നിവയേക്കുറിച്ചും പഠനശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതിനും പാഠ്യപദ്ധതി തയ്യാറാക്കും. കേരള വനഗവേഷണ സ്ഥാപനത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ അന്താരാഷ്ട്ര പ്രശസ്തനായ ഡോ.ബി സി ചൗധരി മുഖ്യപ്രഭാഷണം നടത്തി. ഒഡീഷ, ആന്‍ഡമാന്‍ നിക്കോബാര്‍, കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യവനപാലകര്‍ , സന്നദ്ധ സംഘടനാ പ്രതിനിധികള്‍, പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുത്തു.

 

Latest