Connect with us

Gulf

200 സ്മാര്‍ട് സര്‍വീസുകളുമായി റാസല്‍ ഖൈമ സര്‍ക്കാര്‍

Published

|

Last Updated

റാസല്‍ ഖൈമ: 200 സ്മാര്‍ട് സര്‍വീസുകളുമായി റാസല്‍ ഖൈമ ഇ-ഗവണ്‍മെന്റ് രംഗത്ത്. സര്‍ക്കാരിന്റെ ഇ-ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോമിന്റെ കീഴിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും 9.2 ലക്ഷം സന്ദര്‍ശകര്‍ ഇ-സര്‍വീസുകള്‍ സന്ദര്‍ശിക്കുന്നതായാണ് വിവരം. ഇതില്‍ രാജ്യത്തുള്ളവരും വിദേശത്തു നിന്നുള്ളവരും ഉള്‍പ്പെടും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇ-ഗവണ്‍മെന്റ് സംവിധാനമെന്നതിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് ആര്‍ എ കെ ഇ-ഗവേണ്‍മെന്റ് അതോറിറ്റി ജനറല്‍ മാനേജര്‍ എഞ്ചി. അഹമ്മദ് ബിന്‍ സഈദ് അല്‍ സയ്യാഹ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രക്രിയകള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചിരിക്കയാണ്. ഇത് പൂര്‍ത്തിയാവുന്നതോടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും എളുപ്പത്തില്‍ റാസല്‍ ഖൈമ സര്‍ക്കാരിന്റെ ഇ-സേവനങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. നിലവില്‍ നല്ല പ്രതികരണമാണ് സര്‍ക്കാരിന്റെ ഇ-സേവനങ്ങള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാരുമായി പൊതുജനങ്ങള്‍ക്ക് ഏത് കോണില്‍ നിന്നും ബന്ധപ്പെടാന്‍ സാധിക്കുന്ന തരത്തിലാണ് സ്മാര്‍ട് സേവനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഉപഭോക്തൃ സൗഹൃദമായ ഇലട്രോണിക് പ്ലാറ്റ്‌ഫോം എന്നതാണ് സാര്‍ക്കാരിന്റെ ലക്ഷ്യം. അത് ഏറെക്കുറെ സാക്ഷാത്ക്കരിച്ചിരിക്കുന്നു. പ്രാദേശികമായും രാജ്യാന്തരമായുമുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ റാസല്‍ ഖൈമ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും അധികം സ്മാര്‍ട് സേവനങ്ങള്‍ നല്‍കുന്നത്. ഇതിന്റെ എണ്ണം ഭാവിയില്‍ ഇനിയും വര്‍ധിപ്പിക്കും. രാജ്യാന്തര നിലവാരം നിലനിര്‍ത്തിയാണ് ഇ-സേവനങ്ങള്‍ സ്മാര്‍ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവക്കായി രൂപകല്‍പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം അവസാനിച്ച ജൈറ്റക്‌സ് ടെക്‌നോളജി വീക്കില്‍ റാസല്‍ ഖൈമയുടെ പവലിയനില്‍ ഇ-സേവനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ധാരാളം ആളുകളാണ് ഇവയെക്കുറിച്ച് അറിയാന്‍ പവലിയനില്‍ എത്തിയത്.
ദ റാക് ഡോട്ട് എഇ പ്ലാറ്റ്‌ഫോം ഇതുവരെയില്ലാത്തത്രയും ബൃഹത്തായ ഇ-സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്വദേശി ഉപഭോക്താക്കള്‍ക്ക് പുറമേ, താമസക്കാര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍, സഞ്ചാരികള്‍ തുടങ്ങിയവര്‍ക്കും ഇവ ഏറെ പ്രയോജനകരമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികമായ കാര്യങ്ങള്‍, ജോലി സംബന്ധമായ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ ഒരു പ്ലാറ്റ്‌ഫോമിന് കീഴിലെ വിവിധ സര്‍വീസുകളിലൂടെ അറിയാന്‍ സാധിക്കും.
ആര്‍ എ കെ ഇ-ഗേറ്റ് സംവിധാനത്തിലൂടെ വിനോദസഞ്ചാരികള്‍ക്ക് മുന്‍കൂട്ടി സന്ദര്‍ശനം നടത്താന്‍ ഏറ്റവും അനുയോജ്യമായ കാലം ഏതാണെന്നും അറിയാന്‍ കഴിയും. മുന്‍കൂട്ടി വിസക്ക് അപേക്ഷിക്കാനും അതോടൊപ്പം എമിറേറ്റിലെ പ്രധാന ടുറിസ്റ്റ് കേന്ദ്രങ്ങളെയും അവയുടെ പ്രത്യേകതകളും വിശദമായി മനസിലാക്കാനും സ്മാര്‍ട് സര്‍വീസ് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest