Connect with us

Kerala

നളിന്‍ സത്യനിലൂടെ സഅദിയ്യക്ക് അംഗീകാരം; കമ്പ്യൂട്ടറിന്റെ ആറ് 'കീ'യില്‍ ഇനി ഏത് ഭാഷയും

Published

|

Last Updated

കാസര്‍കോട്: ദേളി സഅദിയ്യ കോളജ് വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് ഗൂഗിളിന്റെ അംഗീകാരം. കമ്പ്യൂട്ടറിലെ കീബോര്‍ഡിലെ എ, ഉ, ട, ഖ, ഗ, ഘ എന്നീ ആറ് അക്ഷരങ്ങള്‍ വരുന്ന കീ ഉപയോഗിച്ച് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാവുന്ന ഐബസ് ശാരദ ബ്രെയില്‍ എന്ന ഓപണ്‍ സോഫ്റ്റ്‌വേയര്‍ വികസിപ്പിച്ചെടുത്ത കാസര്‍കോട് വിദ്യാനഗറിലെ നളിന്‍ സത്യനെയാണ് ഗൂഗിളിന്റെ അംഗീകാരം തേടിയെത്തിയത്.
ആറ് ഡോട്ടുകളിലൂടെ 63 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ സങ്കേതിക തത്വങ്ങള്‍ ഉപയോഗിച്ചാണ് പുതിയ സ്വതന്ത്ര സോഫ്റ്റ്‌വേയര്‍ വികസിപ്പിച്ചത്. രണ്ട് തവണയായി ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് അംഗീകാരം നേടിയതിലൂടെ 10, 500 ഡോളര്‍ (ഏഴ് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സ്റ്റൈപെന്റിനും ഉടമയായി. 2013ല്‍ ടക്‌സ് ഫോര്‍ കിഡ്‌സിന്റെ ടക്‌സ് ടൈപ്പ്, ടക്‌സ് മാത്സ് എന്നീ സോഫ്റ്റ് വെയറുകള്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകും വിധം ശബ്ദ പിന്തുണ നല്‍കിയ നളിനിന്റെ പ്രോജക്ടിനാണ് ഗൂഗ്ള്‍ സമ്മര്‍ ഓഫ് കോഡിന്റെ ആദ്യ അംഗീകാരം ലഭിച്ചത്.
കാസര്‍കോട് ദേളി സഅദിയ്യ കോളജിലെ അവസാനവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ നളിന്‍ കാഴ്ചയില്ലാത്ത പിതാവ് കാസര്‍കോട് സ്‌പെഷ്യല്‍ ബ്ലൈന്‍ഡ് സ്‌കൂള്‍ അധ്യാപകന്‍ കെ സത്യശീലനില്‍ നിന്നാണ് ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ കാഴ്ചയില്ലാത്തവര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പാകപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പിതാവിന്റെ സഹായത്തോടെ നളിന്‍ കണ്ടെത്തിയത്. കാഴ്ചയുള്ളവര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതുപോലെ കാഴ്ചയില്ലാത്തവര്‍ക്ക് സാധ്യമല്ല. പ്രത്യേകിച്ച് കമ്പ്യൂട്ടറിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് 108 കീകളുപയോഗിക്കുന്നതിന്റെ പ്രയോഗിക ബുദ്ധിമുട്ടുകള്‍ കാഴ്ചയില്ലാത്തവര്‍ക്ക് വളരേ വലുതാണ്. അതിനാല്‍ കാഴ്ചയില്ലാത്തവര്‍ക്കുകൂടി ഉപയോഗിക്കുന്നതിനായി ലക്ഷ്യമിട്ട് വികസിപ്പിച്ച സോഫ്റ്റ്‌വേയര്‍ നിലവില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നത് കമ്പ്യൂട്ടര്‍ ലോകത്ത് അനന്ത സാധ്യതയാണ് നല്‍കുക.
പുതിയ സോഫ്റ്റ് വേയറിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തിലുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ഭാഷകളിലെയും അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനും ലാംഗ്വേജ് എഡിറ്റിംഗ്, അബ്രിവിയേഷന്‍ എഡിറ്റിംഗ് എന്നിവ നടത്താനും ആറ് കീകള്‍ മതി. നിലവില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, സ്പാനിഷ് ഭാഷകള്‍ ഈ സോഫ്റ്റ് വേയര്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. എന്നാല്‍, ഈ മാസം 25നകം 40ഓളം ഭാഷകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിന്റെ സാങ്കേതികത്വം വികസിപ്പിക്കുന്നതിനുള്ള അണിയറയിലാണ് നളിന്‍.
ബ്രെയില്‍ ലിപിയിലെ ചുരുക്കെഴുത്ത് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നതോടെ ടൈപ്പിംഗിന്റെ വേഗത പതിന്മടങ്ങ് വര്‍ധിപ്പിക്കാമെന്നതും കീബോര്‍ഡ് ചെറുതായി ചുരുക്കാമെന്നതുമാണ് ഈ കണ്ടുപിടിത്തത്തിന്റെ മറ്റൊരു പ്രധാന്യം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന സംഘടന മുഖേനയാണ് ഈ പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഫ്രഞ്ചുകാരനായ സാമുവല്‍ ടിബല്‍ട്ട്, ബംഗളൂരു സ്വദേശി അനിവര്‍ അരവിന്ദ്, കാസര്‍കോട് സ്വദേശിയും കെല്‍ട്രോണിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ തലവനുമായ അനില്‍ കുമാര്‍ എന്നിവരാണ് ഐബസ് ശാരദാ ബ്രെയില്‍ സോഫ്റ്റ്‌വേയര്‍ വികസിപ്പിച്ചെടുക്കാന്‍ നളിന്‍ സത്യന് വഴികാട്ടികളായത്.

Latest