Connect with us

Alappuzha

കടല്‍ക്ഷോഭം ജീവിതം തകര്‍ത്ത കുടുംബങ്ങള്‍ കണ്ണീരും നോവുമായി സ്‌കൂള്‍ പാചകപ്പുരയില്‍

Published

|

Last Updated

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ട് സര്‍ക്കാര്‍ സ്‌കൂളിന്റെ പാചകപ്പുരയില്‍ അഭയം പ്രാപിച്ച മൂന്ന് കുടുംബങ്ങള്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ ദുരിതമനുഭവിക്കുന്നു. പുറക്കാട് തെക്കുപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ പുതുവലില്‍ കുഞ്ഞുമുഹമ്മദ്, പുത്തന്‍പുരക്കല്‍ രാജ്കുമാര്‍, ഉദയകുമാര്‍ എന്നിവരുടെ കുടുംബത്തിലെ പതിനൊന്നോളം അംഗങ്ങളാണ് അനാഥരായി പുറക്കാട് എസ് ഡി വി യുപി സ്‌കൂളിലെ പാചകപ്പുരയില്‍ കഴിഞ്ഞുകൂടുന്നത്. 2012 ലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് സര്‍വതും നഷ്ടപ്പെട്ടവരാണ് സ്‌കൂള്‍ പാചകപ്പുരയില്‍ കഴിയുന്നത്.
ദുരന്തത്തെ തുടര്‍ന്ന് മൂന്ന് മാസക്കാലം ഓരോ കുടുംബത്തിനും അരകിലോ വീതമുളള അരിയുള്‍പ്പെടെ മൂന്നോളം ധാന്യങ്ങളാണ് വില്ലേജധികാരികള്‍ ഇവിടെ എത്തിച്ചുകൊണ്ടിരുന്നത്.ആദ്യ മൂന്ന് മാസത്തിന് ശേഷം ഇത് നിലച്ചു. ഉടുതുണി മാറാന്‍ പോലും സൗകര്യമില്ലാത്ത ഒരു ചെറിയ ഹാളാണ് ഇവര്‍ രാവും പകലും കഴിഞ്ഞുകൂടുന്ന പാചകപ്പുര.ഈ കുടുംബങ്ങളോടൊപ്പം കൈകുഞ്ഞും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാതെ കഴിഞ്ഞു കൂടുകയാണ്. വര്‍ഷം രണ്ട് പിന്നിട്ടിട്ടും ഇവര്‍ക്ക് ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കാനോ മാറ്റി പാര്‍പ്പിക്കാനോ അധികാരികള്‍ക്കായില്ല.ദേശീയപാതയുടെ തൊട്ടരികില്‍ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിന്റെ പാചരപുരക്ക് വാതിലോ ജനലുകളോ ഒന്നും തന്നെയില്ല. കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ നനഞ്ഞു വിറച്ചാണ് ഈ മൂന്ന് കുടുംബത്തിലെ അംഗങ്ങള്‍ കഴിഞ്ഞുകൂടുന്നത്. വല്ലപ്പോഴുമാണ് ഇവരുടെ അടുപ്പുപുകയുന്നത്. അതും പ്രദേശവാസികളുടെയും അധ്യാപകരുടെയും സന്മനസ്സു കൊണ്ടുമാത്രം. തങ്ങളെ പുനരധിവസിപ്പിക്കാന്‍ ഇനിയും ആരുമെത്താത്തതില്‍ മനമുരുകി കഴിയുകയാണ് ഈ ഹതഭാഗ്യര്‍.

Latest