Connect with us

Malappuram

ഉത്സവ പ്രതീതിയില്‍ മമ്പുറം പാലത്തിന് ശിലയിട്ടു

Published

|

Last Updated

തിരൂരങ്ങാടി: നാടിന് ഉത്സവഛായപകര്‍ന്ന് മമ്പുറംപാലത്തിന് ശിലയിട്ടു. മലപ്പുറം ജില്ലയിലെ വേങ്ങര- തിരൂരങ്ങാടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് പരപ്പനങ്ങാടി മലപ്പുറം സംസ്ഥാന പാതയില്‍നിന്നും മമ്പുറം മഖാംവഴി ദേശീയപാത 17നെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപന കര്‍മം മമ്പുറം മഖാം പരിസരത്ത് നിറഞ്ഞുനിന്ന ജനാവലിയുടെ സാന്നിധ്യത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് എം പിമാരായ ഇ അഹ്മദ് ഇടി മുഹമ്മദ് ബശീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ജില്ലാ കലക്ടര്‍ കെ ബിജു പികെ കുഞ്ഞു എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി ചീഫ് എന്‍ജിനീയര്‍ പി കെ സതീഷന്‍ കെ വി ആസിഫ് പ്രസംഗിച്ചു. ഉദ്ഘാടനത്തിന്റെ മുന്നോടിയായി വര്‍ണശഭളമായ ഘോഷയാത്രയും നടന്നു. 21 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. കേരളാ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. പുഴയുടെ ഇരുകരകളും തമ്മില്‍ 17 മീറ്റര്‍ ഉയര വ്യത്യാസമുള്ളതിനാല്‍ കര്‍വിംഗ് ആന്റ് ബ്ലോപ്പിംഗ് രീതിയിലാണ് പാലത്തിന്റെ നിര്‍മാണം. 25മീറ്റര്‍ നീളത്തിലുള്ള 10 സ്പാനുകളിലായി 250മീറ്റര്‍ നീളവും 8,30 മീറ്റര്‍ ടാര്‍ ഉപരിതലത്തോട് കൂടി നടപ്പാതയടക്കം 12മീറ്റര്‍ വീതിയുമുണ്ടായിരിക്കും. തിരൂരങ്ങാടി ഭാഗത്ത് 30 മീറ്ററും മമ്പുറം ഭാഗത്ത് 60മീറ്ററും സമീപ നിരത്തുകളും നിര്‍മിക്കും.
അടുത്തമാസം നടക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ച പരിപാടി കഴിഞ്ഞാലുടന്‍ പണി ആരംഭിക്കും. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന മമ്പുറത്തേക്ക് 30 വര്‍ഷം മുമ്പ് നിര്‍മിച്ച നടപ്പാതയാണ് ഇപ്പോഴുള്ള യാത്രാമാര്‍ഗം.

Latest