Connect with us

Malappuram

ബിജുവിന്റെ കാതുകളില്‍ ഇപ്പോഴും ആര്‍ത്തലച്ചെത്തിയ വെള്ളത്തിന്റെ ഇരമ്പല്‍

Published

|

Last Updated

എടക്കര: ബിജുവിന്റെ കാതുകളില്‍ നിന്നും ഇപ്പോഴും ആര്‍ത്തലച്ചെത്തിയ വെള്ളത്തിന്റെ ഇരമ്പലാണ്.
ഒരാഴ്ചയോളമായി ദുരിതകയത്തില്‍ കുടങ്ങിയ ബിജു ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. പോത്തുകല്ല് പാതാര്‍ പൂളപ്പാടത്തെ മൂടുംതോട്ടില്‍ പരേതനായ എം പി ജോസഫിന്റെ മകന്‍ ബിജു (38) ആണ് തിങ്കളാഴ്ച രാത്രിയോടെ വീട്ടില്‍ തിരിച്ചെത്തിയത്. ഒരാഴ്ചയോളം കാശ്മീരില്‍ നിന്നും രക്ഷപ്പെടാനാവാതെ കുടുങ്ങിയിരിക്കുകയായിരുന്നു. 14 വര്‍ഷമായി ശ്രീനഗറിലെ ഭട്ട് വാരയില്‍ മിലിട്ടറി കാന്റീന്‍ നടത്തിവരികയായിരുന്നു ബിജു. ബണ്ട് പൊട്ടി പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്.
മണല്‍ ചാക്കുകളുമായെത്തണമെന്ന് പള്ളികളില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും പ്രദേശമാകെ ആര്‍ത്തലച്ച് വെള്ളം കയറുകയായിരുന്നു. റോഡുകളും വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ബിജു നോക്കിയപ്പോള്‍ ഒഴുകി വരുന്ന വാഹനങ്ങളാണ് കണ്ടത്. നാലുനില കെട്ടിടത്തിന്റെ താഴെ നിലയിലായിരുന്നു ബിജു താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ മുകളില്‍ കയറിയാണ് ബിജുവും സുഹൃത്തുക്കളും രക്ഷപ്പെട്ടത്.
ഓരോ ദിവസവും ആര്‍ത്തലെച്ചെത്തുന്ന വെള്ളത്തില്‍ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഇതിനിടയില്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലു കഴിഞ്ഞില്ല. പ്രദേശത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായും താറുമാറായിരുന്നു. ശ്രീനഗറിലെ പ്രസന്റേഷന്‍ സ്‌കൂളിലെ അധ്യാപകനായ സഹോദരന്‍ പോള്‍സ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അണ്ടര്‍ സെക്രട്ടറിയുമായും മന്ത്രി ആര്യാടന്‍ മുഹമ്മദുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് ബിജുവിന് നാട്ടിലേക്ക് പുറപ്പെടാനുള്ള വഴി തെളിഞ്ഞത്. ഞായറാഴ്ചയാണ് ശ്രീനഗറില്‍ നിന്നും തിരിച്ചത്. ഡല്‍ഹിയില്‍ എത്തിയെങ്കിലും നാട്ടിലേക്ക് പോരാനുള്ള സഹായം പ്രതീക്ഷിച്ച ഡല്‍ഹിയില്‍ തങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്ന് ബിജു പറയുന്നു. ഒടുവില്‍ സഹായം ലഭിക്കാതെ വന്നതോടെ സ്വന്തം ചിലവില്‍ നാട്ടിലെത്തുകയായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബിജു തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തുകയായിരുന്നു. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ബിജുവും കൂടെയുണ്ടായിരുന്ന ഭാര്യ: ദീപ, ആല്‍വിസ്, ആലസ, അസമേരി എന്നിവര്‍ മക്കളാണ്.

Latest