Connect with us

Malappuram

അതുല്യ'നേട്ടത്തിന് ജില്ല ഒരുങ്ങുന്നു മലപ്പുറത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ലയാക്കും

Published

|

Last Updated

മലപ്പുറം: സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ലയാക്കി മലപ്പുറത്തെ മാറ്റുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന “അതുല്യം പദ്ധതിയിലാണ് മലപ്പുറത്തെ 2015 ഏപ്രിലില്‍ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ലയാക്കുക.
പദ്ധതി നടത്തിപ്പു സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു അധ്യക്ഷത വഹിച്ചു. പദ്ധതി നടത്തിപ്പിന്റെ ആദ്യ ഘട്ടമായി പഞ്ചായത്ത് – വാര്‍ഡ് തല സമിതികള്‍ രൂപവത്കരിക്കും.
ഈമാസം 22 നും 27 നുമിടയില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സമിതി രൂപവത്കരിക്കാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സാക്ഷരതാ പ്രേരക് കണ്‍വീനറുമായാണ് സമിതി രൂപവത്ക്കരിക്കുക. വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായാണ് വാര്‍ഡുകളില്‍ സമിതിയുണ്ടാക്കുക. കുടുംബശ്രീ- ഐ സി ഡി എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍വെ നടത്തി അതത് പ്രദേശത്ത് നാലാം തരം ജയിക്കാത്തവരെ കണ്ടെത്തും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും 10 ലക്ഷവും നഗരസഭകള്‍ക്ക് മൂന്ന് ലക്ഷവും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷവും ചെലവഴിക്കാം. പഠിതാക്കള്‍ക്ക് നല്‍കുന്ന പഠനോപകരണങ്ങളുടെ ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനും പദ്ധതിയുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്‍ അംഗം സലീം കുരുവമ്പലം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ പി ജല്‍സീമിയ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം അബ്ദുല്ല കുട്ടി, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഇസ്മാഈല്‍, ജെ എസ് എസ് ഡയറക്ടര്‍ വി ഉമ്മര്‍ കോയ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി കെ ജയന്തി, ഡയറ്റ് സീനിയര്‍ ലക്ചര്‍ സുബ്രഹമണ്യം, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.എ ഖാദര്‍, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബദുല്‍ റശീദ് പങ്കെടുത്തു.

Latest