Connect with us

Kollam

എ എസ് ഐ വധശ്രമം: വെഞ്ഞാറമ്മൂട് സി ഐ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: എ എസ് ഐ ബാബുകുമാര്‍ വധശ്രമവുമായി ബന്ധപ്പെട്ട് വെഞ്ഞാറമ്മൂട് സി ഐ വിജയനെ സി ബി ഐ അറസ്റ്റ് ചെയ്തു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനും രേഖകള്‍ മാറ്റിയതിനുമാണ് സി ഐയെ കേസില്‍ പ്രതി ചേര്‍ത്തത്. ചിന്നക്കട റസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തി സി ബി ഐ ഇന്‍സ്‌പെക്ടര്‍മാരായ കെ പി തോമസ്, കെ ജെ ഡാര്‍വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബാബുകുമാറിന് നേരെ ആക്രമണമുണ്ടാകുമ്പോള്‍ കൊല്ലം ഈസ്റ്റ് സി ഐ വിജയനായിരുന്നു.

കേസിലെ ഒന്നാം പ്രതി ജിണ്ടാ അനി എന്ന വിനേഷ് ഇപ്പോള്‍ ജാമ്യത്തിലാണ്. കേസ് സി ബി ഐ ഏറ്റെടുത്ത ശേഷം സി ഐ ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ മാപ്പു സാക്ഷിയായ കണ്ടെയ്‌നര്‍ സന്തോഷ്, ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി പുഞ്ചിരി മഹേഷ്, ഹാപ്പി രാജേഷ് വധക്കേസില്‍ ക്രൈം ബ്രാഞ്ച് പ്രതിപട്ടികയില്‍ ചേര്‍ത്ത പെന്റി എഡ്വിന്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
ബാബുകുമാര്‍ വധശ്രമക്കേസില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കുമെന്നാണ് സൂചന. ബാബുകുമാറിനെ ആക്രമിച്ച ശേഷം പെന്റി എഡ്വിന്‍ സി ഐ വിജയനെ കണ്ടതായി സി ബി ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് സി ബി ഐ.
2011 ജനുവരി 11നാണ് ആശ്രാമത്ത് നിര്‍മാണത്തിലായിരുന്ന വീടിന് സമീപം വെച്ച് അന്ന് ഈസ്റ്റ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന ബാബുകുമാര്‍ ആക്രമിക്കപ്പെട്ടത്. ജിണ്ട അനിയാണ് കുത്തിയതെന്നും മറ്റുള്ളവര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ബാബുകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി അട്ടിമറിക്കപ്പെട്ടതായാണ് സി ബി ഐ കണ്ടെത്തിയത്. സി ഐ വിജയന്റെയും അന്ന് ഈസ്റ്റ് സ്റ്റേഷനിലെ റൈറ്ററായിരുന്ന എ എസ് ഐ സുന്ദരേശന്റേയും വീടുകളില്‍ സി ബി ഐ സംഘം രണ്ടാഴ്ച മുമ്പ് റെയ്ഡ് നടത്തിയിരുന്നു.
കേസിന്റെ സി ഡി ഫയല്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷിച്ചുവരികയാണ്. സി ഡി ഫയല്‍ നഷ്ടമായ സംഭവം സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാബുകുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Latest