Connect with us

Kasargod

നഗരസഭാ ഭൂമി കുംഭകോണം: അന്വേഷിക്കാന്‍ നാലംഗ സബ്കമ്മിറ്റി

Published

|

Last Updated

കാഞ്ഞങ്ങാട്: അലാമിപ്പള്ളിയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണമുള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിയമാനുസൃതം അക്വയര്‍ ചെയ്ത കോടികള്‍ വിലയുള്ള ഭൂമി കൈയ്യേറി കെട്ടിട സമുച്ചയങ്ങള്‍ പണിത സംഭവം നഗരസഭാ കൗണ്‍സില്‍ യോഗത്തെ പ്രക്ഷുബ്ധമാക്കി.
നഗരസഭയുടെ 45 സെന്റോളം സ്ഥലം കൈയ്യേറി കെട്ടിടം നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി നല്‍കുന്നതിന് കൗണ്‍സില്‍ യോഗതീരുമാനം കളവായി മിനുട്‌സില്‍ രേഖപ്പെടുത്തിയ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭ കൗണ്‍സിലിന്റെ പ്രത്യേക യോഗം നാലംഗ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അനില്‍ വാഴുന്നോറടി, പ്രതിപക്ഷ നേതാവ് രവീന്ദ്രന്‍ പുതുക്കൈ, ബി ജെ പി യിലെ സി കെ വത്സന്‍ എന്നിവരടങ്ങുന്നതാണ് സബ് കമ്മിറ്റി. മിനുട്‌സ് പരിശോധിച്ച് സപ്തംബര്‍ 11നകം റിപ്പോര്‍ട്ട് നല്‍കണം.
റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സപ്തംബര്‍ 15ന് കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സ് തിരുത്തിയ സംഭവം വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ ഹസീന താജുദ്ദീനും, ടി വി ഷൈലജയും ആവശ്യമുന്നയിച്ചതോടെയാണ് ചൂടേറിയ ചര്‍ച്ചകള്‍ തുടങ്ങിയത്. ഒടുവില്‍ സബ്കമ്മിറ്റിയെക്കൊണ്ട് പരിശോധന നടത്തിയതിനു ശേഷം വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് യോഗത്തില്‍ ധാരണ ഉരുത്തിരിഞ്ഞു. ഇതിനിടെ ആരോപണ വിധേയമായവര്‍ തന്നെ സബ്കമ്മിറ്റിയില്‍ കയറിക്കൂടാനുള്ള നീക്കവും കൗണ്‍സില്‍ യോഗത്തില്‍ നടന്നു.
അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വികസനത്തിന് ഏറ്റെടുത്ത കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുത്തതായി ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തിയിട്ടുള്ളത്.
ഏതാണ്ട് 22 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം അട്ടിമറിച്ച് സ്ഥലം ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി നല്‍കി ഭൂവുടമകളില്‍ നിന്ന് നഗരഭരണവുമായി ബന്ധപ്പെട്ട ചിലര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണം നിലനില്‍ക്കെയാണ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. മുന്‍ ഭരണ സമിതിക്ക് നേതൃത്വം നല്‍കിയ ചിലര്‍ നടത്തിയ ഭൂമി കുംഭകോണം ഓരോന്നായി പുറത്തു വരുന്നതിനിടെയാണ് നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തത്.

 

Latest