Connect with us

Malappuram

ഒരു നോക്ക് കാണാന്‍ ഗുരുസന്നിധിയില്‍ ആയിരങ്ങള്‍

Published

|

Last Updated

തിരൂരങ്ങാടി: ഒരു നോക്ക് കാണാന്‍ ഗുരുസന്നിധിയായ കല്ലിങ്ങലകത്ത് തറവാട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.
പണ്ഡിത തറവാട്ടിലെ കാരണവരും തിരൂരങ്ങാടിയുടെ മത സാമൂഹിക രംഗത്തെ നെടും തൂണുമായിരുന്ന തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ക്ക് സുന്നി കൈരളി പ്രാര്‍ഥനാപൂര്‍വം വിടനല്‍കി.
മരണവാര്‍ത്തയറിഞ്ഞത് മുതല്‍ തിരൂരങ്ങാടിയിലെ കല്ലിങ്ങലകത്ത് വീട്ടിലേക്ക് നിലക്കാതെ ജനപ്രവാഹമായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെത്തന്നെ പണ്ഡിതരും സാദാത്തുക്കളും സുന്നീപ്രവര്‍ത്തകരും തിരൂരങ്ങാടിയിലെ വസതിയിലേക്ക് ഒഴുകുകയായിരുന്നു. ഒരുനോക്കുകാണാനും ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കാനുമായി നീണ്ടനിരതന്നെ പ്രത്യക്ഷപ്പെട്ടു.
ഉച്ചയോടെ മയ്യിത്ത് കുളിപ്പിച്ച് മൂന്നുമണിക്ക് തിരൂരങ്ങാടി നടുവിലെപ്പള്ളിയിലേക്ക് ജനാസ കൊണ്ടുപോയി. ആദ്യ നിസ്‌കാരത്തിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 12 തവണയാണ് മയ്യിത്ത് നിസ്‌കാരം നടന്നത്. സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, വൈലത്തൂര്‍ സയ്യിദ് യൂസുഫുല്‍ ജീലാനി, സയ്യിദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി, എളങ്കൂര്‍ മുത്തുക്കോയതങ്ങള്‍, സയ്യിദ് അഹമ്മദ് ഹുസൈന്‍ ശിഹാബ് തിരൂര്‍ക്കാട്, സയ്യിദ് ഹബീബ്‌കോയതങ്ങള്‍, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍, ശിറിയ അലികുഞ്ഞി മുസ്‌ലിയാര്‍ കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ.കെ എം എ റഹീം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ്, വടശേരി ഹസന്‍ മുസ്‌ലിയാര്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ഡോ.അബ്ദുല്‍ഹകീം അസ്ഹരി സയ്യിദ് ഫള്‌ലുല്‍ഹഖ് ബാഅലവി അല്‍ഹദ്രോസി മുംബൈ, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഒ പി എം മുത്തുക്കോയതങ്ങള്‍, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, എന്‍ കെ മുഹമ്മദ് മുസ്‌ലിയാര്‍, പൊഫ. എ പി അബ്ദുല്‍ വഹാബ്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ ഖാദര്‍, വയനാട് ഹസന്‍മുസ്‌ലിയാര്‍, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുഹമ്മദ് ഫാറൂഖ് നഈമി, എന്‍ വി അബ്ദുറസാഖ് സഖാഫി, മജീദ് അരിയല്ലൂര്‍, മമ്പീതി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ തുടങ്ങീ നിരവധി പ്രമുഖര്‍ ജനാസ സന്ദര്‍ശിച്ചു.
അഞ്ചുമണിയോടെ ഉസ്താദിന്റെ വീടിന്റെ സമീപം പ്രത്യേകം തയ്യാര്‍ ചെയ്ത മഖ്ബറയിലാണ് മയ്യിത്ത് ഖബറടക്കിയത്. ശിഷ്യരും അവരുടെ ശിഷ്യരുമടങ്ങുന്ന പണ്ഡിതരുടേയും മുതഅല്ലിംകളുടേയും സുന്നീ പ്രവര്‍ത്തകരുടേയും നിലക്കാത്ത ദിക്‌റുകള്‍ക്കും തസ്ബീത്തിനും ഇടയില്‍ ജനാസ ഖബറിലേക്ക് വെച്ചു. ജനാസ നിസ്‌കാരത്തിനെത്തുന്നവര്‍ക്ക് അംഗശുദ്ധി വരുത്താനായി തിരൂരങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലും വിവിധ പള്ളികളിലും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
ആളുകള്‍ക്ക് ദാഹമകറ്റാന്‍ പ്രദേശ വാസികള്‍ വിവിധ കേന്ദ്രങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്തിരുന്നു. ഉസ്താദ് പ്രസിഡന്റായ തിരൂരങ്ങാടി ഹിദായത്തുസ്വിബ്‌യാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നൂറുല്‍ഹുദാ കേന്ദ്ര മദ്രസയില്‍ പ്രത്യേക പ്രാര്‍ഥനയും അനുസ്മരണവും നടന്നു. നാളെ ഉസ്താദിന്റെ മഖ്ബറയില്‍ ദിക്‌റും ദുആ മജ്‌ലിസും നടക്കും. ശിഷ്യന്‍മാരും ഗുണകാംക്ഷികളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest