Connect with us

Idukki

പോലീസ് ഓപറേഷന്‍ നിലച്ചു; കുബേരന്മാര്‍ വീണ്ടും കളത്തില്‍

Published

|

Last Updated

തൊടുപുഴ: ബ്ലേഡ് മാഫിയയുടെ കെണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ച് നടപ്പാക്കിയ ഓപറേഷന്‍ കുബേര ഇടുക്കിയില്‍ പാളി. പരിശോധന നിര്‍ത്തിയതോടെ ബ്ലേഡുകാരും തമിഴ് വട്ടിപ്പലിശക്കാരുമെല്ലാം വീണ്ടും കളത്തില്‍ സജീവമായി. ഫലത്തില്‍ നല്ലൊരു വിഭാഗം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അനധികൃത സാമ്പത്തിക ഇടപാട് നടത്തുന്നവരുമായൊരു ബന്ധം ഉണ്ടാക്കിയെടുക്കാനായതാണ് ഓപറേഷന്‍ കുബേരയുടെ “ആത്യന്തിക വിജയ” മെന്നു തുറന്നു സമ്മതിക്കുന്ന പോലിസുകാരേറെയുണ്ട്. റെയ്ഡിന്റെ വേള പോലിസുകാരുടെ കൊയ്ത്തു കാലമായിരുന്നു. ബ്ലേഡുകാരില്‍ നിന്നു കണക്കു പറഞ്ഞു പണം പറ്റുന്ന പോലിസുകാര്‍ ജില്ലയിലെ മിക്ക സ്‌റ്റേനുകളിലുമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഇതൊക്കെ ഇങ്ങനെയേ നടക്കൂ എന്ന വിശ്വാസമാണ് ഇവര്‍ക്കെല്ലാം.
തുടക്കത്തില്‍ വലിയ റെയ്ഡുകളൊക്കെ നടത്തി ശക്തമായി മുന്നോട്ടുപോയ പോലിസ് ഓപറേഷന്‍ ഓരോ ദിവസം പിന്നിടുമ്പോഴും ദുര്‍ബലമാവുകയായിരുന്നു. റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നു തുടങ്ങിയതോടെ അതും പ്രഹസനമായി. തമിഴ്‌നാട്ടുകാരായ ബ്ലേഡ് ഇടപാടുകാരോടു തത്കാലം മാറിനില്‍ക്കെന്ന നിര്‍ദേശം പോലും പോലിസ് ഭാഗത്തു നിന്നുണ്ടായി. ഇതോടെ ഇക്കൂട്ടര്‍ കുടുംബസഹിതം സ്ഥലം വിട്ടു. വന്‍കിട പലിശക്കാരെ ഓപറേഷനില്‍ നിന്ന് അകറ്റിയതും കുബേരയെ തളര്‍ത്തി. പരിശോധന നടത്തിയ കേസുകളിലും വമ്പന്മാര്‍ രക്ഷപ്പെട്ടു. ഇത്തരത്തില്‍ ഇഴഞ്ഞു നീങ്ങിയ കുബേര ഇപ്പോള്‍ പൂര്‍ണമായി നിലച്ച മട്ടാണ്. ഇപ്പോള്‍ ഇതു സംബന്ധിച്ച പരാതികള്‍ക്ക് പോലിസ് അത്ര പ്രാധാന്യവും നല്‍കുന്നില്ല.
ഓപറേഷന്‍ കുബേര ദുരുപയോഗവുമുണ്ടായി. കടം വാങ്ങിയ പണം തിരികെ ചോദിച്ചാല്‍ കുബേര കേസില്‍ അകത്താക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ നിരവധിയാണ്. ജില്ലയില്‍ 150 ഓളം കുബേര കേസുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ പ്രതികളായത് 196 പേരാണ്. അറസ്റ്റിലായത് 78 പേരും. ബാക്കിയുള്ളവരെല്ലാം സ്വാധീനത്താല്‍ ഒഴിവാക്കപ്പെടുകയായിരുന്നു. പിടിയിലായവരില്‍ നിന്ന് 217 ചെക്കുകളും 1477 ഗ്രാം സ്വര്‍ണവും, 12,89,760 രൂപയും പിടിച്ചെടുത്തു. ജില്ലയില്‍ കരിങ്കുന്നം, കരിമണല്‍, പെരുവന്താനം സ്‌റ്റേഷനുകളില്‍ ഇതുവരെ ഒരു കുബേര കേസ് പോലും ചാര്‍ജ് ചെയ്തില്ല. പീരുമേട്, ആനവിലാസം, മേപ്പാറ തുടങ്ങിയ തോട്ടം മേഖലകളിലെല്ലാം തമിഴ്‌നാട്ടില്‍ നിന്നു വട്ടിപ്പലിശക്കാര്‍ എന്നറിയപ്പെടുന്ന ബ്ലേഡുകാര്‍ പണം കൊയ്യുകയാണ്. ദിവസ പലിശക്ക് നൂറിന് അഞ്ചെന്ന കണക്കിനാണ് പലിശ ഈടാക്കുന്നത്. ശനിയാഴ്ചകളില്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ഇവര്‍ തിരികേ പോകുന്നത് ലക്ഷക്കണക്കിനു പലിശപ്പണവുമായാണ്.

Latest