Connect with us

Kollam

മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവം: സിദ്ധന്‍ പിടിയില്‍

Published

|

Last Updated

കൊല്ലം: മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ സിദ്ധന്‍ ആദിക്കാട്ടുകുളങ്ങര ബിസ്മി മന്‍സിലില്‍ മുഹമ്മദ് സിറാജുദ്ദീനെ ( 45) പത്തനംതിട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സി ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിറാജുദ്ദീനെ പിടികൂടിയത്. പത്തനംതിട്ട കുലശേഖരപ്പേട്ടയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എട്ട് ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. ചികിത്സക്കിടയില്‍ കൈയബദ്ധം പറ്റിപ്പോയതാണെന്ന് ഇയാള്‍ പറഞ്ഞതായും കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പോലീസ് അറിയിച്ചു.

തഴവ കടത്തൂര്‍ കണ്ണങ്കരക്കുറ്റിയില്‍ ഹസന്റെ മകള്‍ ഹസീന (26) ആണ് കഴിഞ്ഞ 13ന് പുലര്‍ച്ച മന്ത്രവാദ ചികിത്സക്കിടെ കൊല്ലപ്പെട്ടത്. ഹസീനക്ക് മാനസിക പ്രശ്‌നമുണ്ടെന്നും ജിന്ന് ബാധയാണ് ഇതിന് കാരണമെന്നും പറഞ്ഞുകൊണ്ടായിരുന്നത്രെ ബന്ധുക്കള്‍ സിദ്ധന്റെ ചികിത്സ തേടിയത്. ഈ കേസില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത ഹസീനയുടെ പിതാവ് ഹസ്സന്‍കുഞ്ഞ്, മന്ത്രവാദിയുടെ സഹായി കബീര്‍ എന്നിവരെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മരണവിവരം പോലീസിനെ അറിയിക്കാതെ മൃതദേഹം വിട്ടുകൊടുത്ത കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
നട്ടെല്ല് തകര്‍ന്ന് ഇരുകാലുകളും പിരിച്ച് ഒടിഞ്ഞ നിലയിലും രക്തം അടിവയറ്റില്‍ കെട്ടിനിന്നുമാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദനത്തിന്റെ പാടുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖം ഭേദമാകാന്‍ മന്ത്രവാദിയെ വിളിച്ചുവരുത്തിയതിന് മൂന്നാം പ്രതിയാക്കിയാണ് യുവതിയുടെ പിതാവ് ഹസനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.
മന്ത്രിവാദിയെ കുടുംബത്തിന് പരിചയപ്പെടുത്തിയ പിതാവിന്റെ സുഹൃത്ത് കബീര്‍ രണ്ടാം പ്രതിയാണ്. മന്ത്രവാദിയായ സിറാജുദീന്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. യുവതിയുടെ മരണം സാധാരണ മരണമാണെന്ന നിലയില്‍ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാരായ ചിലരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

 

Latest