Connect with us

Malappuram

റെയില്‍വേ വികസനം: ഗ്രീന്‍ സിഗ്‌നലും കാത്ത് മലപ്പുറം

Published

|

Last Updated

മലപ്പുറം:കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ലയും. മികച്ച പ്രഖ്യാപനങ്ങളുടെ ചൂളംവിളിക്കാണ് മലപ്പുറം കാതോര്‍ക്കുന്നത്. നിരവധി പദ്ധതികളാണ് ജില്ലക്ക് അടിയന്തിരമായി വേണ്ടത്. നിലമ്പൂര്‍ നഞ്ചന്‍കോഡ് റെയില്‍പാതയാണ് ഇതില്‍ പ്രധാന പദ്ധതി. തിരൂര്‍, കുറ്റിപ്പുറം, അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം എന്നിവടയടക്കം പുതിയ തീവണ്ടികളും സ്റ്റോപ്പുകളും യാത്രക്കാരുടെ നിരന്തരമായ ആവശ്യമാണ്. ഇതിനെല്ലാം ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പരിഹാരമുണ്ടാകുമോ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ആദ്യ ബജറ്റായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ജില്ല ബജറ്റിനെ കാണുന്നത്.

നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത
ഈ റെയില്‍പാതക്കായുള്ള കാത്തിരിപ്പ് ഇനിയും അനന്തമായി നീളുകയാണ്. 2013ല്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് പാതയുടെ സാധ്യത തുറന്നുകാട്ടിയത്. മൂന്ന് സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരവും വ്യവസായവും വികസിപ്പിക്കാന്‍ സാധിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 4266.8 കോടി രൂപയാണ്. മൊത്തം നീളം 236 കിലോമീറ്റര്‍. മൈസൂരു, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയും. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, തമിഴ്‌നാട്ടിലെ നീലഗിരി, കര്‍ണാടകത്തിലെ ചാമരാജനഗര്‍, മൈസൂരു, കുടക് എന്നീ പ്രദേശങ്ങളിലെ രണ്ടുകോടി ജനത്തിന് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതി. റെയില്‍വേ പ്രധാനമായും ലാഭം പ്രതീക്ഷിക്കുന്നത് ചരക്കുനീക്കം വഴിയാണ്.
റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം റെയില്‍മാര്‍ഗമായാല്‍ റെയില്‍വേക്ക് ലാഭകരമാണ്. സാമ്പത്തിക മുതല്‍ മുടക്കിന്റെ വലിപ്പവും പാരിസ്ഥിതിക പ്രശ്‌നവുമാണ് വെല്ലുവിളിയായുള്ളത്. പാതയുടെ പകുതി ചെലവ് സംസ്ഥാനങ്ങള്‍ വഹിച്ചാല്‍ ബാക്കി റെയില്‍വേ നല്‍കും.
പുതിയ ട്രെയിനുകള്‍
നിലമ്പൂരില്‍നിന്ന് രാവിലെ കോയമ്പത്തൂരിലേക്ക് പുതിയ ട്രെയിന്‍ എന്ന ആവശ്യം റെയില്‍വേ മന്ത്രാലയത്തിന് മുന്നിലെത്തിയിട്ട് കാലങ്ങളായിട്ടും യാഥാര്‍ഥ്യമായിട്ടില്ല. രാവിലെ നിലമ്പൂരില്‍നിന്നും പുറപ്പെടുന്ന, നിലവിലുള്ള ട്രെയിന്‍ ഷൊര്‍ണൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് നീട്ടുകയോ പുതിയ സര്‍വീസ് ആരംഭിക്കുകയോ വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

അടിസ്ഥാന സൗകര്യ വികസനം
റെയില്‍വേ സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റില്‍ തുക വകയിരുത്തേണ്ടതുണ്ട്. നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പുതിയ പ്ലാറ്റ്‌ഫോം അടക്കമുള്ള നിര്‍മാണപ്രവൃത്തി നടന്നുവരികയാണ്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ ലൈനില്‍ മേലാറ്റൂര്‍, കുലുക്കല്ലൂര്‍ എന്നിവിടങ്ങള്‍ ക്രോസിംഗ് സ്‌റ്റേഷനായി മാറ്റണം. ക്രോസിംഗ് സ്‌റ്റേഷനല്ലാത്തതിനാല്‍ ഒരു ട്രെയിന്‍ കടന്നുപോകുന്നതുവരെ മറ്റൊന്ന് പിടിച്ചിടുകയാണ് പതിവ്. ഗതാഗത തടസം ഒഴിവാക്കാന്‍ നിലമ്പൂര്‍ ലെവല്‍ ക്രോസിംഗില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്ന ആവശ്യവും നിലവിലുണ്ട്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ ലൈനില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സ്‌റ്റേഷനായ അങ്ങാടിപ്പുറത്ത് രണ്ട് പ്ലാറ്റ്‌ഫോമുകളിലൊന്നിന് മേല്‍ക്കൂരയില്ല. രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോം കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. പശിമയുള്ള മണ്ണ് നിറച്ചതിനാല്‍ ട്രെയിനിറങ്ങുന്നവര്‍ കാല്‍വഴുതി വീഴുന്നത് പതിവാണ്.
നിലമ്പൂര്‍-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനുകളുടെ ക്രോസിംഗ് സ്‌റ്റേഷനാണ് അങ്ങാടിപ്പുറം. ഫൂട്ട് ഓവര്‍ബ്രിഡ്ജ് ഇല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ടിക്കറ്റ് കൗണ്ടറില്‍ വേണ്ടത്ര സ്ഥലമില്ലാത്തതിനാല്‍ വെയിലും മഴയും കൊണ്ടുവേണം ക്യൂ നില്‍ക്കാന്‍. പോലീസ് എയ്ഡ്‌പോസ്റ്റ്, ക്ലോക്ക്‌റൂം എന്നീ ആവശ്യങ്ങള്‍ക്കും ഏറെക്കാലത്തെ പഴക്കമുണ്ട്. പുതിയ റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല.
രാത്രിയില്‍ സ്‌റ്റേഷനിലും അപ്രോച്ച് റോഡിലും ലൈറ്റില്ലാത്തത് സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുന്നു. അപ്രോച്ച് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം വേണം. ധാരാളം യാത്രക്കാര്‍ വന്നുപോകുന്ന ഈ സ്‌റ്റേഷനില്‍ ടോയ്‌ലറ്റ് സൗകര്യവുമില്ല. ഈ ലൈനിലെ മറ്റൊരു പ്രധാന സ്‌റ്റേഷനാണ് ചെറുകര. അലിഗഢ് യൂനിവേഴ്‌സിറ്റി ചേലാമലയില്‍ വരുന്നതോടെ സ്‌റ്റേഷന്റെ നിലവാരം ഉയരുമെന്ന് കരുതിയെങ്കിലും അവഗണനയില്‍നിന്ന് മോചനമായിട്ടില്ല.
അലിഗഡ് ക്യാമ്പസിലേക്കുള്ള ഇതര സംസ്ഥാന വിദ്യാര്‍ഥികളടക്കം ധാരാളം പേര്‍ ആശ്രയിക്കുന്ന ചെറുകര സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമില്‍ വേണ്ടത്ര സൗകര്യമോ വെളിച്ചമോ ഇല്ല. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളില്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാര്‍. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ 25 ശതമാനം മാത്രമാണ് മേല്‍ക്കൂരയുള്ളത്.
ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം ദീര്‍ഘിപ്പിച്ചെങ്കിലും മേല്‍ക്കൂര നിര്‍മിച്ചിട്ടില്ല. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്‌റ്റേഷന്റെ വടക്കേ അറ്റത്താണ്. ഇതും യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
കുറ്റിപ്പുറം സ്റ്റേഷന്‍
കുറ്റിപ്പുറം റെയില്‍വേസ്‌റ്റേഷന്‍ ഇപ്പോഴും പരാധീനതകളുടെ നടുവിലാണ്. മേല്‍ക്കൂരയില്ലാത്ത രണ്ടാം പ്ലാറ്റ്‌ഫോമും മേല്‍പ്പാലവും ടിക്കറ്റ് കൗണ്ടറും മതിയായ ജീവനക്കാരുമില്ലാത്തത് യാത്രക്കാരെ വലക്കുന്നുണ്ട്.
ഇവിടെ കുടിവെള്ളംപോലും ലഭ്യമല്ല. ജില്ലാ അതിര്‍ത്തിയിലെ പ്രധാന സ്‌റ്റേഷനായ ഇവിടേക്ക് ലഹരിക്കടത്തുകാരും സാമൂഹ്യവിരുദ്ധരുമെത്തി യാത്രക്കാര്‍ക്കുനേരെ അക്രമം നടത്തുമ്പോഴും ആര്‍പിഎഫിന്റെ ഔട്ട്‌പോസ്റ്റുപോലും അനുവദിച്ചിട്ടില്ല. ഏക ടിക്കറ്റ് കൗണ്ടറിലെ തിരക്കുമൂലം യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്. റിസര്‍വേഷന്‍ കൗണ്ടറുമില്ല.

അജ്മീര്‍
എക്‌സ്പ്രസിന്
സ്റ്റോപ്പ് വേണം
ദേശീയപാതയോട് ഏറെ അടുത്തുകിടക്കുന്നതും ഗുരുവായൂര്‍, പൊന്നാനി, കാടാമ്പുഴ, വെളിയങ്കോട്, തിരുന്നാവായ തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളോട് ഏറെ അടുത്തതുമായ കുറ്റിപ്പുറം സ്‌റ്റേഷനില്‍ പ്രധാന ട്രെയിനുകള്‍ക്കൊന്നും സ്റ്റോപ്പിലാത്തത് ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. മംഗളൂരു – കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ല. തിരൂര്‍ സ്റ്റേഷനിലും ഇതു തന്നെയാണ് അവസ്ഥ. 20 ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇവിടെ സ്‌റ്റോപ്പില്ല. അജ്മീര്‍ എക്‌സ്പ്രസിന്റെ സ്‌റ്റോപ്പും ഏറ്റവും ഒടുവില്‍ നിര്‍ത്തലാക്കി. ജില്ലയില്‍ ദിനേന നിരവധി പേരാണ് ഈ വണ്ടിയില്‍ അജ്മീറിലെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മാത്രമായി പുറപ്പെട്ടിരുന്നത്. ഇത് വലിയ തിരിച്ചടിയാണ് തീര്‍ത്ഥാടകര്‍ക്കുണ്ടാക്കിയിരിക്കുന്നത്.
സ്‌റ്റേഷന്റെ മധ്യഭാഗത്ത് ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുമെന്ന അധികൃതരുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മുന്‍വശത്തെ കെട്ടിടം പുനര്‍നിര്‍മിക്കാനായി പൊളിച്ചുമാറ്റിയെങ്കിലും നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ശുദ്ധ ജലക്ഷാമവുമുണ്ട്. ജനറേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ രാത്രി വൈദ്യുതി നിലച്ചാല്‍ സ്‌റ്റേഷന്‍ ഇരുട്ടിലാവും.

Latest