Connect with us

National

ഇറാഖ് കലാപം: അറുനൂറ് ഇന്ത്യക്കാരെ ഈ ആഴ്ച തിരിച്ചെത്തിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ അറുനൂറ് ഇന്ത്യക്കാരെ ഈ ആഴ്ച തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അറുനൂറിലധികം ഇന്ത്യക്കാരെ ഈ ആഴ്ച രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ മുന്‍ വാതിലുകളും പിന്‍ വാതിലുകളും മുട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖില്‍ ആക്രമണം തുടരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) നേതാക്കളുമായി ബന്ധപ്പെട്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നജഫ് മേഖലയില്‍ നിന്ന് അറുപത് പേരെയും മറ്റ് 31 പേരെയും ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് മന്ത്രാലയ അധികൃതര്‍ പറയുന്നത്. മുപ്പത് പേരെ തൊട്ടടുത്ത ദിവസവും നാട്ടിലെത്തിക്കും. കര്‍ബലയില്‍ നിന്ന് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ 230 ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. സ്വയം തിരിച്ചുവരാന്‍ സാധിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.