Connect with us

Gulf

അബുദാബി ചേംബര്‍ നാലു വര്‍ഷത്തിനകം 44,000 വാണിജ്യ ലൈസന്‍സുകള്‍ വിതരണം ചെയ്യും

Published

|

Last Updated

ദുബൈ: അടുത്ത നാലു വര്‍ഷത്തിനകം 44,000 വാണിജ്യ ലൈസന്‍സുകള്‍ അബുദാബിയില്‍ വിതരണം ചെയ്യപ്പെടുമെന്ന് അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം എ യൂസുഫലി പറഞ്ഞു. ദുബൈയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എട്ട് വര്‍ഷം ചേംബര്‍ ഡയറക്ടര്‍ എന്ന നിലയില്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞു. നാലു വര്‍ഷത്തില്‍ 22,000 ലൈസന്‍സുകളാണ് വിതരണം ചെയ്തത്. ഇതില്‍ ധാരാളം ഇന്ത്യക്കാര്‍ക്കും ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. അബുദാബിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ കൂടുതലായി വരുന്നത് ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം ലഭിക്കാന്‍ ഇടയാക്കും. അബുദാബി ചേംബര്‍ പ്രതിനിധികള്‍ താമസിയാതെ കേരളം സന്ദര്‍ശിക്കും. അവിടുത്തെ നിക്ഷേപ സാധ്യതകളെ വിലയിരുത്തും. വിവാദമുണ്ടാകില്ലെങ്കില്‍ നിക്ഷേപങ്ങള്‍ എത്തിക്കുന്നതിന് ശ്രമം നടത്തും.
യു എ ഇയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി നിക്ഷേപങ്ങള്‍ എത്തുന്നുണ്ട്. അത് അടിസ്ഥാന സൗകര്യ വികസനം മതിയായ തോതില്‍ ഉള്ളത് കൊണ്ടാണ്. അതിന് ഇവിടുത്തെ ഭരണകൂടങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് അബുദാബിയിലാണ്. എണ്ണ സമ്പത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയതോതില്‍ ഉപയോഗിക്കുന്നു. കൃത്രിമ ദ്വീപുകളടക്കം ഉണ്ടാക്കുന്നു. ഈ വര്‍ഷം മധ്യപൗരസ്ത്യ മേഖലയില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. 20 കോടി ഡോളറാണ് ഇതിന് മുതല്‍മുടക്കുന്നത്. സഊദി അറേബ്യ, ഈജിപ്ത്, ഖത്തര്‍, യു എ ഇ എന്നിവിടങ്ങളിലാണ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നത്. യു എ ഇയില്‍ ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലാണ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉയരുക. 2000ത്തോളം മലയാളികള്‍ക്ക് തൊഴില്‍ നല്‍കും. നാട്ടില്‍ ഐ ടി രംഗത്ത് 500 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ലാര്‍സന്‍ ആന്റ് ടൂബ്രോയുടെ കെട്ടിടങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനകം ഇത് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാക്കും. ബോള്‍ഗാട്ടിയുടെ ഉദ്ഘാടനം താമസിയാതെ നിര്‍വഹിക്കും. അവിടെ സര്‍ക്കാര്‍ ഉച്ചകോടികള്‍ നടത്തണമെന്നാണ് ആഗ്രഹം. യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം, റീജ്യനല്‍ ഡയറക്ടര്‍ ജയിംസ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ നന്ദകുമാര്‍, സെക്രട്ടറി ബിജു കൊട്ടാരത്തില്‍ എന്നിവര്‍ യൂസുഫലിയോടൊപ്പം ഉണ്ടായിരുന്നു.

Latest