Kerala
കൊയിലാണ്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ പാലക്കുളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ യുവാക്കള്‍ മരിച്ചു. കൊയിലാണ്ടി ഗുരുകുലം റോഡില്‍ ഫ്ളോററ്റ് ഹൗസില്‍ സൈതാലി കോയ തങ്ങളുടെ മകന് സയ്യിദ് ഹിഷാം (22), പാലക്കുളം മന്നത്ത് ഹൗസില്‍ നൗഷാദിന്റെ മകന് ഷിജിന് (22) എന്നിവരാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍വശത്ത് നിന്നും അമിതവേഗത്തില്‍ എത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. പഠനസംബന്ധമായ ആവശ്യത്തിനായി ഷിജിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഹിഷാം തങ്ങള്‍.
ഹിഷാം തങ്ങളുടെ മയ്യിത്ത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകീട്ട് നാലരക്ക് കൊയിലാണ്ടി വലിയകത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഹിഷാമിന്റെ മാതാവ് സഫിയ. സഹോദരങ്ങള്‍ സയ്യിദത്ത് ശരീഫ റൗള ബീവി, സയ്യിദ് സാബിര്‍ തങ്ങള്‍ (ദുബൈ). ഐ എന്‍ എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഒ കെ തങ്ങളുടെ ഭാര്യാ സഹോദരനാണ് മരിച്ച ഹിഷാം തങ്ങള്‍.