Connect with us

Wayanad

മദ്യത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം: സുധീരന്‍

Published

|

Last Updated

മാനന്തവാടി; മദ്യം കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയിരിക്കുകയാണ് എന്നും മദ്യത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നേതൃയോഗത്തിലെ സംവാദത്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യാസക്തി മൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നു. മദ്യ പാനം മൂലം കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പോലും മദ്യാസക്തിയുടെ പിടിയിലാണ്. കൂലിപ്പണിയെടുക്കുന്ന തൊഴിലാളികള്‍ കിട്ടുന്ന വേതനത്തിന്റെ സിംഹഭാഗവും മദ്യത്തിനായി ചിലവഴിക്കുന്നു. ഇതിനെതിരായി കേരളത്തിന്റെ സാമൂഹിക മന:സാക്ഷി ഉണരേണ്ടിയിരിക്കുന്നു. മദ്യത്തിനെതിരായി ഈ മാസം 26ന് നടക്കുന്ന മദ്യ വിരുദ്ധ കൂട്ടായ്മയില്‍ രാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനങ്ങളും അണി നിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തിയോടെ തിരിച്ച് വരുമെന്നും വി എം സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പോയപ്പോഴൊക്കെ ഇനി കോണ്‍ഗ്രസ്സിന് തിരിച്ച് വരവില്ലെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ശക്തമായ മറുപടി നല്‍കികൊണ്ട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ടുണ്ട്.
ബി ജെ പി അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ സാധാരണ ജനങ്ങളുടെ ജീവിത ഭാരം കൂടുന്ന നടപടികളുമായി മുന്നോട്ട് പോകുന്നു. ഡി സി സി പ്രസിഡ് കെ എല്‍ പൗലോസ് അധ്യക്ഷത വഹിച്ചു.
എം.ഐ. ഷാനവാസ് എം.പി., ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ., പി.കെ. ഗോപാലന്‍, പി.വി. ബാലചന്ദ്രന്‍, എന്‍.ഡി. അപ്പച്ചന്‍, കെ.കെ. അബ്രഹാം, എം.എസ്.വിശ്വനാഥന്‍, സി.പി. വര്‍ഗ്ഗീസ്, പ്രൊഫസര്‍ കെ പി തോമസ്, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ സംസാരിച്ചു.