Connect with us

Ongoing News

ബ്രസീലില്‍ ജയമില്ലാതെ ഏഷ്യ

Published

|

Last Updated

സ്യൂബ: ബ്രസീലിലെ മണ്ണ് ഏഷ്യക്കത്ര പറ്റിയിട്ടില്ല ! ഏഷ്യയെ പ്രതിനിധാനം ചെയ്ത ജപ്പാന്‍, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ, ഇറാന്‍ ടീമുകള്‍ ഒരൊറ്റ മത്സരം പോലും ജയിച്ചിട്ടില്ല. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദാരുണമായിരുന്നു ഏഷ്യയുടെ പ്രകടനം. 3-1ന് കോസ്റ്റാറിക്കയോട് തോറ്റ ആസ്‌ത്രേലിയ 2-3ന്് ഹോളണ്ടിനോടും തോറ്റു. എങ്കിലും ഹോളണ്ടിനെ വിറപ്പിച്ച ആസ്‌ത്രേലിയ തലയെടുപ്പോടെ നില്‍ക്കുന്നു. ഇറാന്റെ ആശ്വാസം അര്‍ജന്റീനയെ പ്രതിരോധ തന്ത്രത്തില്‍ തൊണ്ണൂറ് മിനുട്ട് നേരം പിടിച്ചുകെട്ടാന്‍ സാധിച്ചുവെന്നതിലാണ്.
ഒടുവില്‍ ഇഞ്ചുറി ടൈമില്‍ മെസി ഗോളില്‍ ഇറാന്‍ വീണു. നൈജീരിയക്കെതിരെ സമനില പിടിച്ച ഇറാന് വലിയ തിരിച്ചടി നേരിട്ടിട്ടില്ല. ദക്ഷിണകൊറിയ ആകെ നിരാശപ്പെടുത്തി. റഷ്യക്കെതിരെ വിജയത്തിലേക്ക് നീങ്ങിയ ശേഷം സമനില വഴങ്ങി. അള്‍ജീരിയക്ക് മുന്നില്‍ 4-2ന് തകര്‍ന്നടിയുകയും ചെയ്തു. ജപ്പാന്‍ ഐവറികോസ്റ്റിനോട് മുന്നിട്ട് നിന്ന ശേഷം പരാജയത്തിലേക്ക് വഴുതി. പത്ത് പേരുമായി കളിച്ച ഗ്രീസിനോട് ഗോള്‍രഹിത സമനിലയും.
1990 ഇറ്റാലിയ ലോകകപ്പില്‍ യു എ ഇ, ദക്ഷിണകൊറിയ ടീമുകള്‍ ജയമില്ലാതെ മടങ്ങിയിരുന്നു. 1994 ലോകകപ്പില്‍ സഊദി അറേബ്യ നോക്കൗട്ട് റൗണ്ടിലെത്തി വിസ്മയം സൃഷ്ടിച്ചു. 1998 ലോകകപ്പില്‍ ഇറാന്‍ ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചത് ലോകരാഷ്ട്രീയത്തിലും ചര്‍ച്ചയായി. 2002ല്‍ ആദ്യമായി ഏഷ്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ദ.കൊറിയ സെമി വരെ കുതിച്ചത് ചരിത്രം. ജപ്പാന്‍ പ്രീക്വാര്‍ട്ടറിലുമെത്തി.
2006 ജര്‍മനി ലോകകപ്പില്‍ ആസ്‌ത്രേലിയ നോക്കൗട്ട് റൗണ്ടില്‍ ചാമ്പ്യന്‍മാരായ ഇറ്റലിയോട് തോറ്റാണ് മടങ്ങിയത്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ജപ്പാന്‍ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചു. പരാഗ്വെയോട് ഷൂട്ടൗട്ടിലാണ് ജപ്പാന്‍ തോല്‍വി സമ്മതിച്ചത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ഏഷ്യ തീര്‍ത്തും മങ്ങി.