Connect with us

National

ഇറാഖിലെ ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നു

Published

|

Last Updated

ഹോഷിയാര്‍പൂര്‍ (പഞ്ചാബ്): ഉത്തരേന്ത്യക്കാരായ യുവാക്കളെ ഏജന്റുമാര്‍ പണം നല്‍കി ഇറാഖിലേക്ക് കയറ്റി അയക്കുന്നതായി വെളിപ്പെടുത്തല്‍. ഇറാഖിലെ മൂസ്വിലില്‍ അജ്ഞാതരുടെ തടവിലായ പഞ്ചാബ് സ്വദേശിയുടെ സഹോദരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നാനൂറ് ഡോളറിനാണ് പഞ്ചാബ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളെ വില്‍ക്കുന്നതെന്ന് ഇറാഖില്‍ ബന്ദിയായ പഞ്ചാബ് സ്വദേശി കമല്‍ജിത് സിംഗിന്റെ ഇളയ സഹോദരന്‍ പരംജിത് സിംഗ് പറഞ്ഞു. എട്ട് മാസം മുമ്പ് ഇറാഖില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയയാളാണ് പരംജിത് സിംഗ്.
ബഗ്ദാദിലെത്തിയ ശേഷം ഏജന്റ് നാനൂറ് ഡോളറിന് ഉത്തരേന്ത്യന്‍ സ്വദേശികളെ മറ്റൊരു ഏജന്റിന് വില്‍ക്കുകയായിരുന്നുവെന്നാണ് പരംജിത് പറയുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണ്. പിന്നീടാണ് നിര്‍മാണ കമ്പനിയിലേക്ക് മാറുന്നതെന്നും പരംജിത് പറഞ്ഞു. മുംബൈയിലെയും ന്യൂഡല്‍ഹിയിലെയും ഏജന്റുമാരാണ് മധ്യപൗരസ്ത്യ മേഖലയിലെ എണ്ണ സമ്പന്ന രാജ്യങ്ങളിലേക്ക് ഉത്തരേന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും പരംജിത് വ്യക്തമാക്കി.
ഈ മാസം പതിനൊന്നിനാണ് ഇറാഖിലെ മൂസ്വിലില്‍ നിന്ന് കമല്‍ജിത് സിംഗിനെ കാണാതാകുന്നത്. പതിനഞ്ചിനാണ് കമല്‍ജിതുമായി ഫോണില്‍ സംസാരിച്ചതെന്ന് സഹോദരന്‍ പറയുന്നു. കമല്‍ജിത് ജോലി ചെയ്തിരുന്ന നിര്‍മാണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നും ജോലിക്കാരെ കുറിച്ച് വിവരമില്ലെന്നുമാണ് അവര്‍ നല്‍കിയ വിശദീകരണം. പതിനെട്ട് മാസം മുമ്പാണ് കമല്‍ജിത് ഇറാഖിലേക്ക് പോയത്. തെഹ്‌രക് നൂര്‍ അല്‍ ഹുദ നിര്‍മാണ കമ്പനിയിലായിരുന്നു ജോലി. ഇന്ത്യന്‍ പൗരന്മാരായ 42 പേരാണ് നിലവില്‍ ബന്ദികളാക്കപ്പെട്ടിട്ടുള്ളത്.