Connect with us

Malappuram

ശിലാ വിസ്മയ കാഴ്ചയുമായി 'എടക്കല്‍ ദി റോക്ക് മാജിക്'

Published

|

Last Updated

മഞ്ചേരി: വയനാട് എടക്കലിലെ ഗുഹാചിത്രങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയെ കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററി “എടക്കല്‍ ദി റോക്ക് മാജിക്”ന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ലോക പൈതൃക പദവിയിലേക്ക് ശിപാര്‍ശ ചെയ്യപ്പെട്ട എടക്കലിന്റെ അധികമാരുമറിയാത്ത വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഈ ഡോക്യുമെന്ററി ചില പുത്തന്‍ പഠനമേഖലകള്‍ക്ക് വഴി തുറന്നേക്കും.
സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹയിലെ എഴുത്തും ചിത്രങ്ങളും നരവംശ പഠനത്തില്‍ പ്രത്യേകം പ്രാധാന്യമുള്ളവയാണ്. സ്ത്രീ പുരുഷ ചിത്രങ്ങള്‍, സൂര്യ സൂചനയുള്ള ബിംബങ്ങള്‍, മാന്ത്രിക ചിഹ്നങ്ങള്‍ എന്നിവ നവീന ശിലായുഗത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. തമിഴ്-കന്നട-മലയാളം ഭാഷകളുടെ ചരിത്രം ഇവിടുത്തെ ബ്രാഹ്മി ലിഖിതങ്ങളിലൂടെ വായിച്ചെടുക്കാനാകും. ഭാഷോല്‍പ്പത്തിയുടെ പ്രഥമ തെളിവുകളും ഇവിടെ കാണാം. ഇവയുടെ പുതിയ വായനയാണ് ഡോക്യുമെന്ററി നിര്‍വഹിക്കുന്നത്. പുതിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ ഇത് വഴി വെച്ചേക്കാം. പ്രമുഖ ചരിത്രകാരന്മാരായ ഡോ. എം ജി എസ് നാരായണന്‍, ഡോ. എം ആര്‍ രാഘവ വാര്യര്‍, ഡോ. രാജന്‍ ഗുരുക്കള്‍ എന്നിവര്‍ തങ്ങളുടെ നിലപാടുകള്‍ ഈ ഡോക്യുമെന്ററിയിലൂടെ വ്യക്തമാക്കുന്നു.
പ്രസിദ്ധ ദക്ഷിണേന്ത്യന്‍ ചരിത്രകാരന്‍ ഐരാവതം മഹാദേവനും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മഞ്ചേരി എന്‍ എസ് എസ് കോളേജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന ഡോ. വിജയ ലക്ഷ്മിയും കെ പി ജിഷയുമാണ് ഡോക്യുമെന്ററി നിര്‍മാതാക്കള്‍. സന്തോഷ് കുറുപ്പ് സംവിധാനം ചെയ്ത “എടക്കല്‍ ദി റോക്ക് മാജിക്” ന്റെ കാമറ സുധീര്‍ നിലമ്പൂരും എഡിറ്റിംഗ് ഷാജഹാന്‍ സീറുവുമാണ്. മുഖ്യധാരാ ഏകോപനം നിര്‍വഹിച്ചിരിക്കുന്നത് പരിസ്ഥിതി സംഘാടനത്തിലൂടെ പ്രശസ്തനായ രാജേഷ് പച്ചപ്പ് ആണ്. ചിത്രീകരണം പൂര്‍ത്തിയായ ഡോക്യുമെന്ററിയുടെ അവസാന മിനുക്കു പണികളിലാണ് അണിയറ പ്രവര്‍ത്തകര്‍. ചരിത്രാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും ഏറെ സഹായകമാകും “എടക്കല്‍ ദി റോക്ക് മാജിക്”.