Connect with us

Kasargod

ലോകകപ്പ് ഫുട്‌ബോള്‍മത്സരം: ഗൂഡല്ലൂരില്‍ റോഡ് ഷോ നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്നലെ ബ്രസീലില്‍ തുടക്കം കുറിച്ചതിന്റെ സന്തോഷ സൂചകമായി ഫുട്‌ബോള്‍ പ്രേമികള്‍ ഗൂഡല്ലൂരില്‍ റോഡ് ഷോ നടത്തി. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ നിന്നെത്തിയ വിവിധ ഫാന്‍സുകളുടെയും, ക്ലബുകളുടെയും നേതൃത്വത്തിലായിരുന്നു റോഡ് ഷോ. ബാന്‍ഡ് മേളങ്ങളുമായി ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും ജഴ്‌സിയണിഞ്ഞ് നീങ്ങിയ റോഡ് ഷോ വര്‍ണശബളമായിരുന്നു. ഇത് കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ഹരംനല്‍കി. ഗൂഡല്ലൂരില്‍ ആദ്യമാണ് ലോകകപ്പിനെ വരവേറ്റ് ഇത്തരമൊരു റോഡ് ഷോ നടക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ വിളംബരത്തിന്റെ ഭാഗമായാണ് റോഡ് ഷോ നടത്തിയത്. ഗൂഡല്ലൂര്‍ ഐ ഡിയല്‍ സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ടൗണ്‍ ചുറ്റി ആസാദ് സ്റ്റേഡിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് ഗൂഡല്ലൂര്‍ ആസാദ് സ്റ്റേഡിയത്തില്‍ പ്രദര്‍ശന മത്സരം നടന്നു. ലോകകപ്പ് ഫുട്‌ബോള്‍ പ്രദര്‍ശന മത്സരത്തില്‍ ബ്രസീലും-അര്‍ജന്റീനയും ഏറ്റുമുട്ടി. കേരളത്തോട് തൊട്ടുരുമ്മി നില്‍ക്കുന്ന നീലഗിരിയും ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സര ജ്വരത്തിലാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ നേരത്തെ തന്നെഒരുങ്ങിയിരുന്നു. തെരുവോരങ്ങളില്‍ വിവിധ ടീമുകളുടെയും ഇഷ്ടതാരങ്ങളുടെയും കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ വര്‍ണ്ണാഭമായ ബോര്‍ഡുകളാണ് പലയിടത്തും സ്ഥാനംപിടിച്ചിരിക്കുന്നത്. നെയ്മര്‍, മെസ്സി, റൂണി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. പലയിടത്തും ഉത്സവപ്രതീതിയാണ് നിലനില്‍ക്കുന്നത്.