Connect with us

Wayanad

മാനന്തവാടി പോസ്റ്റ് ഓഫീസില്‍ സ്റ്റാമ്പില്ല: ഉപഭോക്താക്കള്‍ ദുരിതത്തില്‍

Published

|

Last Updated

മാനന്തവാടി: താലൂക്കിലെ മുഖ്യ തപാലാഫീസായ മാനന്തവാടി പോസ്റ്റ് ഓഫീസിലാണ് സ്റ്റാമ്പില്ലാത്തത് മൂലം ഉപഭോക്താക്കളെ വലക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലെ തപാല്‍ വിതരണം താറുമാറാക്കുന്നു.
ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപയുടെ സ്റ്റാമ്പ് വിതരണമാണ് പോസ്റ്റ് ഓഫീസില്‍ നിലച്ചത്. ഇത് പൊതു ജനങ്ങളെ ഏറെ വലക്കുകയാണ്. കത്തിടപാടുകള്‍, അപേക്ഷകള്‍, മറ്റ് തപാലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ എന്നിവക്ക് ഏറ്റവും കൂടുതലായി നിത്യോനെ ഉപയോഗിക്കുന്നത് അഞ്ച് രൂപയുടെ സ്റ്റാമ്പാണ്. എന്നാല്‍ ഇതിന്റെ വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
മാനന്തവാടി ഹെഡ് പോസ്റ്റ് ഓഫീസിന് കീഴില്‍ 17 ബ്രാഞ്ചുകളാണ് ഉള്ളത്. ഇവിടങ്ങളിലൊന്നും തന്നെ സ്റ്റാമ്പുകള്‍ ലഭിക്കാത്ത സാഹചര്യമാണ്. ഇപ്പോഴും കത്തിടപാടുകള്‍ക്ക് തപാല്‍ വകുപ്പിനെ കൂടുതലായി ആശ്രയിക്കുന്ന ഗ്രാമീണ മേഖലയെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്താണ് സ്റ്റാമ്പിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. എന്നാല്‍ ഈ സമയത്തൊന്നും മാനന്തവാടി പോസ്റ്റ് ഓഫീസില്‍ സ്റ്റാമ്പുകളുണ്ടായിരുന്നില്ല.
ജോലിക്കും മറ്റും അപേക്ഷകള്‍ അയക്കുന്ന ഉദ്യോഗാര്‍ഥികളെയാണ് ഇത് സാരമായി ബാധിക്കുന്നത്്. അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിക്കേണ്ട സ്ഥാനത്ത് രണ്ട് മൂന്ന് രൂപയുടെ സ്റ്റാമ്പുകള്‍ പതിക്കേണ്ട അവസ്ഥയിലാണ്. ഇത് സാമ്പത്തീക ബാധ്യതയും വരുത്തിവെക്കുന്നുണ്ട്. സ്റ്റാമ്പ് അന്വേഷിച്ചെത്തുന്നവര്‍ നിരാശയോടെ മടങ്ങുകയാണ് പതിവ്. പ്രതിദിനം 8000 രൂപയുടെ വരെ സ്റ്റാമ്പ് വില്‍പ്പന നടക്കാറുള്ള പോസ്റ്റ് ഓഫീസ് ആണ് മാനന്തവാടിയിലേത്. കല്‍പ്പറ്റ ഹെഡ് പോസ്‌റ്റോഫില്‍ നിന്നും നിന്നും സ്റ്റാമ്പ് ലഭിക്കാത്തതാണ് വിതരണം നിലക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.