Connect with us

Ongoing News

കുട്ടികളെ കൊണ്ടുവന്നതില്‍ അപാകം; മനുഷ്യക്കടത്തെന്ന പ്രചാരണം അതിരുകടന്നത് - കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം: മുക്കം യതീംഖാനയിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് ഒരുപാട് അപാകം സംഭവിച്ചിട്ടുണ്ടെങ്കിലും ഇതിനെ മനുഷ്യക്കടത്തെന്ന് വിശേഷിപ്പിച്ചത് അതിരുകടന്നുവെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കുറച്ചുകൂടി ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നു. കുട്ടികള്‍ക്ക് യാത്രാടിക്കറ്റ് എടുക്കാത്തതും കൃത്യമായ അനുമതി വാങ്ങാത്തതും വീഴ്ചകളാണ്. അത്തരം കാര്യങ്ങളെ കുറച്ചുകാണുന്നില്ല. കുട്ടികളെ അനാഥാലയത്തിലേക്ക് കൊണ്ടുവന്ന സംഭവത്തെ ക്കുറിച്ച് ഹൈകോടതി നടത്തിയ പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ കൊണ്ടുവന്ന കാര്യത്തിലെ കൃത്യവിലോപങ്ങള്‍ക്കെതിരെ നടപടിയുണ്ടാകില്ലന്ന് ആരും പറഞ്ഞിട്ടില്ല. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയെടുക്കും. ഹൈക്കോടതിയുടെ പരാമര്‍ശം വളരെ ശരിയാണ്. കുട്ടികളെ മടക്കിക്കൊണ്ടുപോകുമ്പോഴും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. നിയപരമായും സുതാര്യമായും സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാക്കി നടപടിയെടുക്കാന്‍ സാധിക്കില്ലന്നും മന്ത്രി പറഞ്ഞു.
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സാമൂഹിക ക്ഷേമ വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെകൊണ്ടുവരികയാണെങ്കില്‍ നിയമപരമായി പാലിക്കേണ്ട എല്ലാ നിബന്ധനകളും പാലിച്ചുവേണം കൊണ്ടുവരാന്‍. ഇക്കാര്യത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

 

 

Latest