Connect with us

Ongoing News

കെ എസ് ആര്‍ ടി സിക്ക് പുതിയ പാക്കേജ്

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി നേരിടുന്ന രൂക്ഷമായ പ്രതിസന്ധി മറികടക്കുന്നതിനായി തയ്യാറാക്കിയ പാക്കേജിന് തിങ്കളാഴ്ച അന്തിമരൂപമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇതിനായി പ്രത്യേകയോഗം ചേരും. മന്ത്രിമാരായ കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പാക്കേജ് വിശദമായി ചര്‍ച്ച ചെയ്തു.
തിങ്കളാഴ്ചയിലെ യോഗത്തിലുണ്ടാകുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിഷയത്തെക്കുറിച്ച് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും.
കെ എസ് ആര്‍ ടി സിയെ ഇന്നത്തെ നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്നും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം കോര്‍പറേഷന്റെ മാസച്ചെലവുകള്‍ക്കായി സര്‍ക്കാറിനെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സിയുടെ സാമൂഹിക പ്രാധാന്യം കണക്കിലെടുത്ത് സ്ഥാപനം നിര്‍ത്താന്‍ കഴിയില്ല. നിരന്തരമായി ലക്ഷക്കണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ആര്‍ ടി സി. അതിനാല്‍, കെ എസ് ആര്‍ ടി സിയെ കാര്യക്ഷമതയോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ സമഗ്രപരിപാടിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. മൊത്തത്തിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി പല നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കാതെയും ഒരാളെയും പിരിച്ചുവിടാതെയുമായിരിക്കും പദ്ധതി നടപ്പാക്കുക. കെ എസ് ആര്‍ ടി സിയിലെ ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. കൃത്യമായി ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനാല്‍, സര്‍ക്കാരിന്റെ നടപടികള്‍ക്ക് ജീവനക്കാരുടെ പൂര്‍ണ സഹകരണവും പിന്തുണയുമുണ്ടാകണം.
മുന്‍കാല ബാധ്യതകളില്‍ നിന്നു സര്‍ക്കാറിന് ഒളിച്ചോടാന്‍ സാധിക്കില്ല. പുനരുദ്ധാരണത്തിനായി തയ്യാറാക്കിയ ടിക്കറ്റിന് പെന്‍ഷന്‍ സെസ് ഉള്‍പ്പെടെ നടപടികള്‍ക്കൊപ്പം പുതിയ ചില നിര്‍ണായക തീരുമാനങ്ങളും തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ വിഷയമാവുമെന്നാണ് സൂചന.