Connect with us

Ongoing News

7500 കര്‍ഷകര്‍ക്ക് കൂടി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: ഒരു വര്‍ഷത്തിനിടെ 7500 കര്‍ഷകര്‍ക്ക് കൂടി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നതിന് നടപടികള്‍ തുടങ്ങി. മണ്ണിന്റെ പരിശോധനാ ഫലങ്ങളും വിളകള്‍ക്ക് യോജിച്ച പരിപാലന മുറകളും രേഖപ്പെടുത്തിയ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നേരത്തെ 35,000 ത്തിലധികം കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഈ വര്‍ഷം 56.15 കോടി രൂപയുടെ 45 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വെള്ളപ്പൊക്കവും വരള്‍ച്ചയും പരിമിതപ്പെടുത്തി കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ 20,417 ഹെക്ടര്‍ സ്ഥലത്തിന്റെ സമഗ്രവികസനമാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ നടപ്പാക്കിവരുന്ന 42.51 കോടിയുടെ 81 പദ്ധതികള്‍ തുടരും.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നടപ്പാക്കിവരുന്ന മണ്ണുജല സംരക്ഷണ പദ്ധതിയില്‍ 213 കുളങ്ങളും 233 കിണറുകളും നവീകരിക്കും. ഒന്നാംഘട്ടത്തില്‍ അവശേഷിക്കുന്ന 3.6 കോടിയുടെ പദ്ധതികളും ഈ വര്‍ഷം പൂര്‍ത്തീകരിക്കും. വയനാട്ടിലെ ചെക്ക്ഡാം 3.4 കോടി രൂപ ചെലവിട്ട് ഈ വര്‍ഷം പൂര്‍ത്തിയാക്കും. കര്‍ഷകര്‍ക്ക് ജി ഐ എസ് സാങ്കേതിക വിദ്യയിലൂടെ ഭൂവിഭവ വിവരം ലഭ്യമാക്കുന്ന മൈക്രോ ലെവല്‍ സോയില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ തൃശൂര്‍, വയനാട് ജില്ലകളിലെ കൃഷിയിടങ്ങളിലെ മണ്ണിന്റെ രാസഭൗതിക സ്വാഭാവവും ഫലപുഷ്ടി അടക്കമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയ വിവിധതരം ഭൂപടങ്ങള്‍ സര്‍വേ നമ്പറടക്കം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പാലക്കാട് ജില്ലയിലെ 56 കുളങ്ങളുടെ പുനരുദ്ധാരണത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 12 കോടിയുടെ പ്രവൃത്തികള്‍ ചെയ്യും. വയനാട്, പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലെ കോരഗ, കാടാര്‍, കാട്ടുനായ്ക്കന്‍, ചോളനായ്ക്കന്‍ എന്നീ പ്രത്യേക വിഭാഗക്കാരുടെ കോളനികളിലെ സമഗ്ര വികസനത്തിനായി 8.32 കോടി രൂപയുടെ മണ്ണുജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ ശീതകാല പഴം, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനം, ജലലഭ്യത ഉറപ്പാക്കുക, ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സാമ്പത്തിക സഹായത്തോടെ 1.89 കോടി രൂപയുടെ മണ്ണു ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ ബലപ്പെടുത്തുന്നതിനായി എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കും. ചടയമംഗലത്തെ സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 2.35 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കും.

 

---- facebook comment plugin here -----

Latest