Connect with us

Articles

അറിയുമോ, നിശ്ശബ്ദനായ ഈ കൊലയാളിയെ?

Published

|

Last Updated

മനുഷ്യ ചരിത്രം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അപകടകരമായ അവസ്ഥാവിശേഷമാണ് പുകവലിമൂലം സംജാതമായിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2020 ആകുമ്പോള്‍ ലോകമാകെ പ്രതിവര്‍ഷം ഒരു കോടി ആളുകള്‍ ശ്വാസകോശ ക്യാന്‍സര്‍ കാരണം മരിക്കുമെന്ന് കണക്കാക്കുന്നു. 1950 മുതല്‍ 1998 വരെയുള്ള 48 വര്‍ഷത്തിനിടക്ക് അഞ്ച് കോടി പുരുഷന്മാരും ഒരു കോടി സ്ത്രീകളും പുകവലിജന്യ രോഗങ്ങളാല്‍ മരിച്ചു.
പുകയിലയില്‍ അടങ്ങിയ രാസവസ്തുക്കളില്‍ പലതും നേരിട്ട് ക്യാന്‍സറിന് കാരണമാകാം. ചുണ്ടുകള്‍, കവിളുകളുടെ ഉള്‍വശം, നാവ്, മേലെ അണ്ണാക്ക്, വായയുടെ അടിത്തട്ട്, മോണ, ടോണ്‍സിലുകള്‍, തൊണ്ട, ശബ്ദ പേടകം, ശ്വാസകോശം, അന്നനാളം എന്നിവയില്‍ ഉണ്ടാസുന്ന ക്യാന്‍സറുകള്‍ക്ക് മുഖ്യ കാരണം പുകയില കൂട്ടി മുറുക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതാണ്. പുകയിലയിലെ ചില രാസവസ്തുക്കള്‍ കരള്‍ പോലുള്ള ശരീര കലകളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴും ക്യാന്‍സറിന് കാരണമായ ചില രാസവസ്തുക്കള്‍ ഉണ്ടാകുകയും ഇവ രക്തചംക്രമണം വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ ചെന്നു ചേരുകയും ചെയ്യുന്നു. വൃക്കകള്‍, മൂത്രാശയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ഗര്‍ഭാശയ നാളം, പാന്‍ക്രിയാസ്, ആമാശയം മുതലായ അവയവങ്ങളിലുണ്ടാകുന്ന ക്യാന്‍സറുകള്‍ക്ക് പുകയില കാരണമാകുന്നത് രക്തചംക്രമണത്തിലൂടെ ശരീരഭാഗങ്ങളിലെത്തുന്ന രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായാണ്.
1950ലാണ് പുകവലി മൂലം ക്യാന്‍സര്‍ ബാധിക്കുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്ക, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ പുകയിലക്കെതിരെ പ്രചാരണം ആരംഭിച്ചു. സിഗരറ്റ് കത്തിയെരിയുമ്പോള്‍ ഉണ്ടാകുന്ന കറ (ഠീയമരരീ മേൃ)െയാണ് വായിലും തൊണ്ടയിലും ശ്വാസകോശത്തിലും ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ഏറെ നിമിത്തമാകുന്നത്. വായിലെ ക്യാന്‍സര്‍ പതിവായി പുകയില കൂട്ടി മുറുക്കുന്നവരിലാണ് സാധാരണ വരാറുള്ളത്. അതുകൊണ്ടുതന്നെ പുകയിലമുറുക്കും പുകവലിയും ശീലമാക്കിയിട്ടുള്ള ഒരാള്‍ക്ക് അപകട സാധ്യത ഏതെങ്കിലും ഒന്ന് ശീലമുള്ളവരേക്കാള്‍ 3.4 മടങ്ങ് കൂടുതലായിരിക്കും. ലോകത്ത് മൊത്തം കാണുന്ന ക്യാന്‍സറുകളില്‍ മൂന്നിലൊന്ന് പുകയിലജന്യമായ ക്യാന്‍സറുകളാണെന്ന് വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പുകവലി ഏറ്റവും മാരകമായി ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. ശ്വാസകോശങ്ങളും അവയുടെ ഉപശാഖകളും, വായു ശ്വസനേന്ദ്രിയത്തിലെത്തിക്കുന്നതിനും അത് പുറന്തള്ളുന്നതിനും മാത്രമുള്ളവയാണ്. ഈ നാളങ്ങളിലൂടെ പുക കടത്തിവിടുമ്പോള്‍ അവക്ക് ചില കേടുകള്‍ സംഭവിക്കുന്നു. ശ്വാസനാളങ്ങളിലെ പടലങ്ങളെ സദാ പ്രകോപിപ്പിക്കുന്നതിനാല്‍ ഈ നാളങ്ങളിലെ കോശങ്ങള്‍ ക്രമാതീതമായി വളരുന്നു. ഇത് കാരണം ശ്വാസനാളങ്ങളുടെ വിസ്തൃതി കുറയുകയും ദ്വാരം ക്രമേണ ചെറുതായി തീരുകയും ചെയ്യും. കോശങ്ങള്‍ അധികമാകുന്നതിനാല്‍ അവയില്‍ നിന്നുള്ള സ്രോതവും കൂടുന്നു. ഇങ്ങനെ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന “മ്യൂക്കസ്” ചുമയുണ്ടാക്കുന്നു. അതിനാലാണ് മിക്ക പുകവലിക്കാരും ചുമച്ചുകൊണ്ടിരിക്കുന്നത്. ഈ രോഗത്തെ “ക്രോണിക് ബ്രോങ്കൈറ്റിസ്” എന്നാണ് പറയുന്നത്.
ശ്വാസനാളങ്ങളുടെ വ്യാസം കുറഞ്ഞ് ശ്വാസോച്ഛാസം കഴിയാതെ ശ്വാസം മുട്ടുന്നു. ഇങ്ങനെ രാപകല്‍ മുഴുവന്‍ ചുമച്ച് തുപ്പേണ്ടി വരുന്നു. ഇത്തരം രോഗികള്‍ രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേറ്റാല്‍ ചുമച്ച് കാക്കറിക്കും. ഉറക്കത്തില്‍ കെട്ടിക്കിടന്ന കഫത്തെ ചുമച്ചു തുപ്പാനാണിവര്‍ ശ്രമിക്കുന്നത്. ശ്വാസനാളത്തിന്റെ ദ്വാരക്കുറവ് കാരണം പെട്ടെന്ന് കഫം പുറത്തുവരുന്നില്ല. അവസാനം ശ്വാസോച്ഛാസം ശബ്ദമുള്ളതാകുകയും നെഞ്ചിലെ പേശികള്‍ ക്ഷീണിച്ച് അവശമാകുകയും ചെയ്യും.
ശ്വാസനാളങ്ങളിലെ കൂടുതലുള്ള കഫവും അവയുടെ ദ്വാരക്കുറവും അണുക്കളടങ്ങിയ വായുവും കൂടുതല്‍ സമയം ശ്വാസകോശത്തില്‍ തങ്ങി നിന്ന് അവിടെ രോഗാണുക്കള്‍ കേന്ദ്രീകരിക്കാന്‍ സഹായകമാകുന്നതിനാല്‍ “ക്രോണിക് ബോങ്കൈറ്റിസ്” പുകവലിക്കാരെ പിടികൂടുന്നു. പുകയൂതുന്ന 100 ശതമാനം പേര്‍ക്കും ഇതുണ്ടാകുമെന്നാണ് കണക്ക്. ജലദോഷം, ചുമ, പനി, ശ്വാസംമുട്ടല്‍ എന്നിവ ഇത്തരം രോഗികള്‍ക്ക് വിട്ടുമാറാതെ ഉണ്ടാകും. പുകവലിക്കാര്‍ക്കുണ്ടാകുന്ന മറ്റൊരു ശ്വാസകോശ രോഗം “എംഫസീമ”യാണ്. രോഗം ബാധിച്ചാല്‍ എപ്പോഴും ശ്വാസം മുട്ടിക്കൊണ്ടിരിക്കും. ശ്വാസകോശങ്ങള്‍ വീര്‍ത്തിരിക്കുന്ന ഇവരുടെ നെഞ്ച് മുന്നോട്ട് തള്ളിയിരിക്കും. നടക്കാനും സ്വന്തമായി കുളിക്കാനും പല്ല് തേക്കാനും നന്നേ കഷ്ടപ്പെടേണ്ടിവരും. പിങ്ക് പഫര്‍മാര്‍, ബ്ലൂബോട്ടര്‍മാര്‍ എന്നീ രണ്ട് വിഭാഗമായി ഇവരെ വേര്‍തിരിച്ചിട്ടുണ്ട്. ആദ്യത്തെ വിഭാഗം ഇരുന്ന് വലിച്ചൂതുന്നവരും രണ്ടാമത്തെ വിഭാഗം തടിച്ച് നീരുവന്ന് വലിയ ശ്വാസംമുട്ട് കാണിക്കാത്തവരുമാണ്.
പുകവലിക്കുന്ന ഒരാള്‍ക്ക് ഹൃദ്രോഗം മൂലം പെട്ടെന്ന് മരിക്കാനുള്ള അപകട സാധ്യത പുകവലിക്കാത്തയാളെക്കാള്‍ നാലിരട്ടി കൂടുതലാണ്. സ്ഥിരമായി നെഞ്ച് വേദന ഉള്ളവരില്‍ പുകവലി രോഗലക്ഷണങ്ങള്‍ കൂടുതലാണ്. ഒരു നിത്യധൂമപാനിയുടെ രക്തത്തില്‍ വര്‍ധിച്ച അളവില്‍ അഡ്രിനാലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാലും രക്തത്തിലെ കൊളസ്റ്ററോളിന്റെയും കൊഴുപ്പിന്റെയും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതിനാലും ഹൃദ്രോഗം ബാധിക്കുന്നതാണ്.
സിഗററ്റ് പുകയിലെ നിക്കോട്ടിനും കാര്‍ബണ്‍ മോണോക്‌സൈഡുമാണ് ഹൃദയത്തേയും ധമനികളേയും ബാധിച്ച് മാറ്റങ്ങളുണ്ടാക്കുന്ന പ്രധാന ഘടകങ്ങള്‍. നിക്കോട്ടിന്‍ ശരീരത്തിനുള്ളില്‍ “കാറ്റകോളമീനുകള്‍” എന്ന രാസപദാര്‍ഥത്തെ കൂടുതലായി സ്രവിപ്പിക്കുന്നു. ഇതുമൂലം ഹൃദയമിടിപ്പും ഹൃദയ സങ്കോച ശക്തിയും രക്തസമ്മര്‍ദവും വര്‍ധിക്കുന്നു. പുകവലി നിമിത്തമുണ്ടാകുന്ന രണ്ട് പ്രധാന ധമനിരോഗങ്ങളാണ് 40 വയസ്സില്‍ താഴെയുള്ളവരില്‍ കാണുന്ന ത്രംബോ അന്‍ജീയിറ്റീസ് ഒബ്ലിറ്ററാന്‍സും പ്രായമായവരില്‍ കാണുന്ന അത്തറോസ് ക്ലീറോസിസും. രോഗബാധിത ധമനികള്‍ ക്രമേണ അടഞ്ഞുവരുന്നതുകൊണ്ട് കൈകാലുകളിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. ഇത് കാരണം വൃക്കകളിലേക്കുള്ള ധമനികള്‍ അടയുമ്പോള്‍ രക്തസമ്മര്‍ദവും ഹൃദയപേശികളിലേക്കുള്ള ധമനികള്‍ അടയുമ്പോള്‍ ഹൃദയാഘാതവും തലച്ചോറിലേക്കുള്ളവ അടയുമ്പോള്‍ പക്ഷാഘാതവും ഉണ്ടാകുന്നു.
ഹൃദയപേശികളില്‍ രക്തമെത്തിക്കുന്ന ധമനികളെന്നപോലെ തന്നെ പുകവലി കാലിലേയും കൈയിലേയും തലച്ചോറിലേയും മറ്റും ധമനികള്‍ അടച്ചുകളയുന്നു. ഇതുമൂലം പുകവലിക്കാര്‍ക്ക് പക്ഷാഘാതം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പക്ഷാഘാതം രക്തക്കുഴല്‍ പൂര്‍ണമായും അടഞ്ഞുപോകുന്നതുകൊണ്ടും രക്തക്കുഴല്‍ പൊട്ടി രക്തസ്രവമുണ്ടാകുന്നതുകൊണ്ടുമാകാം.
പുകവലി അസാധാരണമായ അന്ധതക്കും കാരണമാകാം. പുകയിലപ്പുകയിലെ വിഷമയ വസ്തുക്കള്‍ നേത്ര നാഡികള്‍ക്ക് ഹാനികരമാണ്. പുകവലിക്കാര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ രണ്ടിരട്ടിയാണ്. പുകവലിയും പ്രായത്തോടനുബന്ധിച്ചുള്ള പേശികളുടെ തളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ട്. ഈ പ്രശ്‌നമാണ് കാലക്രമേണ അന്ധതയിലേക്ക് നയിക്കുന്നത്. ഇംഗ്ലണ്ടിലാണ് ഇത് സംബന്ധിച്ച് ഗവേഷണങ്ങള്‍ നടന്നത്. പുകവലിക്കുന്ന ആയിരം പേരില്‍ ഏഴ് പേര്‍ക്ക് കാഴ്ചശക്തി നശിക്കുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞു. പുകവലിയും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതു പോലെ തന്നെയാണ് പുകവലിയും അന്ധതയും തമ്മിലുള്ള ബന്ധമെന്ന് പഠനം നടത്തിയ എ എം ഡി അലയന്‍സ് പറയുന്നു. പുകയിലയുടെ ഉപയോഗം വായിലെ രക്തചംക്രമണത്തെ കുറക്കുന്നു. ഇത് കാരണമായി വായിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസമെടുക്കുന്നു. ഒരു സിഗരറ്റ് വലിച്ചാല്‍ ഒരു മണിക്കൂര്‍ നേരത്തെ രക്തചംക്രമണത്തില്‍ 40 ശതമാനം കുറവുണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പല്ല് പറിച്ചതിന് ശേഷമുണ്ടാകുന്ന വേദനയും വീക്കവും നീര്‍ക്കെട്ടും അണുബാധയും പുകവലിക്കാരില്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി കാണുന്നു.
പുകയിലയുടെ ഉപയോഗം എത്രകൂടുന്നുവോ അത്രയും രുചിമുകുളങ്ങള്‍ (ഠമേെല യൗറ)െ നശിക്കുകയും ഭക്ഷണത്തിന്റെ യഥാര്‍ഥ രുചി ആസ്വദിക്കാനാകാതെ വരികയും ചെയ്യും. ഇത് കാരണം ആവശ്യത്തിലധികം ഉപ്പും മുളകും ഇതര മസാലകളും ഉപയോഗിക്കാന്‍ ഇടവരുന്നു. ഇത് പിന്നീട് മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
പുകവലിക്കാരില്‍ മോണ രോഗത്തിന്റെ ആധിക്യം വളരെ കൂടുതലാണ്. പല്ലില്‍ പറ്റിപ്പിടിക്കുന്ന ഒരു തരം ഇത്തിള്‍ (ഠമൃലേൃ ീൃ ഇമഹരൗഹൗ)െ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം പുകവലിമൂലമുള്ള കറകളാണ്. ഇത് മോണവീക്കത്തിലേക്ക് നയിക്കുന്നു. പുകവലിക്കാരിലുണ്ടാകുന്ന വായിലെ അണുബാധ പ്രതിരോധശക്തി കുറക്കുകയും മോണയുടെയും പല്ലിനെ താങ്ങിനിര്‍ത്തുന്ന എല്ലുകളുടെയും ബലക്ഷയത്തിന് കാരണമാകുകയും ചെയ്യുന്നു. പുകവലികൊണ്ട് പല്ലിന്റെ ഉപരിതല മിനുസം നഷ്ടപ്പെടുകയും കറ പിടിക്കുകയും ചെയ്യുന്നു. കൂടാതെ മോണകളുടെയും ചുണ്ടുകളുടെയും നൈസര്‍ഗികമായ നിറം നഷ്ടപ്പെടുകയും വായില്‍ ദുര്‍ഗന്ധം ഉണ്ടാകുകയും ചെയ്യുന്നു.
ഇന്ത്യയില്‍ പുകയിലജന്യരോഗങ്ങള്‍ മൂലം കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്. 27.761 കോടി രൂപ പുകയില ജന്യരോഗങ്ങള്‍ക്കായി ഇവിടെ ചെലവഴിക്കുന്നുണ്ട്. ഇതിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ തോത് കൂടുതലാണ്. വെ റ്റില മുറുക്ക്, പാന്‍മസാല, മൂക്കില്‍ പൊടി, ഹാന്‍സ്, മദ്യം തുടങ്ങിയവയും വായയിലെ ക്യാന്‍സറിന് കാരണമാകുന്നു. ഇവിടെയും പുകയിലയുടെ ലോകത്ത് ആകെയുണ്ടാകുന്ന വായ ക്യാന്‍സര്‍ രോഗികളില്‍ 33 ശതമാനവും ഇന്ത്യയിലാണ്. ഓരോ വര്‍ഷവും ഇത്തരത്തില്‍ 80,000 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശ്വാസകോശാര്‍ബുദം 90 ശതമാനവം പുകവലിക്കാരിലാണ് കാണുന്നത്. ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന്റെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനും 33 ശതമാനം ഹൃദയാഘാതം ഉണ്ടാക്കുന്നതിനും വില്ലനായി പ്രവര്‍ത്തിക്കുന്നതും പുകയില തന്നെ. ഖൈനി, മെഷറി, ടൂത്ത് പേസ്റ്റ് എന്നീ രൂപത്തില്‍ ലേപനമായും പുകയില ഉപയോഗിച്ചുവരുന്നു. മൂക്കില്‍ പൊടി വലിച്ചുകയറ്റുന്നു. ഇതിന്റെ ഉപയോഗം ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ 2020 ആകുമ്പോഴേക്കും പുകയിലജന്യരോഗങ്ങള്‍ കൊണ്ടുള്ള മരണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന എന്നോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഇങ്ങനെയൊക്കെയായിട്ടും ചില അബദ്ധ ധാരണകള്‍ വെച്ച് വലിച്ചൂതിക്കൊണ്ടിരിക്കുന്നു. ശരിയായ ശോധന ലഭിക്കാനും മനസ്സിന്റെ പിരിമുറുക്കം കുറക്കാനും ഉറക്കം വരാതിരിക്കാനും മുറിവും വ്രണങ്ങളും ഉണങ്ങിക്കിട്ടാനും ജലദോഷം മാറിക്കിട്ടാനും പുകവലിയും പുകയിലപ്പൊടിയും ഫലപ്രദമെന്നാണ് ചിലരുടെ വിശ്വാസം. എന്നാല്‍ മലബന്ധമുണ്ടാക്കാനും നിക്കോട്ടിനും മറ്റും നേരിട്ട് മുറിവിലൂടെ രക്തത്തില്‍ കലരാനും ഓക്‌സിജന്‍ വാഹകശക്തി കുറയുന്നതിനാല്‍ ഉറക്കമുണ്ടാകാനും മൂക്കിനുള്ളിലെ നേര്‍ത്ത സ്തരത്തിന് പ്രകോപനമുണ്ടാക്കി മൂക്കില്‍ നിര്‍ക്കെട്ട് ഉണ്ടാകാനും മാത്രമാണ് ഇത് ഉപകരിക്കുക.
20-ാം വയസ്സില്‍ സുഖം, മുപ്പതില്‍ തടുക്കാനാകാത്ത ദിനചര്യ, നാല്‍പ്പതില്‍ വേദനാകരമായ ലഹരി, അമ്പതില്‍ ഹൃദയനാളികളിലെ വിഷം, അറുപതിലും അതിനുശേഷവും ശ്വാസകോശ വീക്കം, നെഞ്ചുവേദന ഇതൊക്കെയാണ് പുകയില നല്‍കുന്ന സന്തോഷങ്ങള്‍.

Latest