Connect with us

Malappuram

ഇ ടിയുടെ വിജയത്തിന് നിര്‍ണായകമായത് തിരൂരങ്ങാടിയിലെ ഭൂരിപക്ഷം

Published

|

Last Updated

തിരൂരങ്ങാടി: പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ തീപാറുന്ന മത്സരം നടന്നപ്പോഴും ഇ ടി മുഹമ്മദ് ബശീറിനൊപ്പം ഉറച്ചുനിന്നത് തിരൂരങ്ങാടി നിയമസഭാമണ്ഡലം. ഇ ടിയുടെ വിജയത്തിന് നിര്‍ണായകമായ പങ്ക് വഹിച്ചതും തിരൂരങ്ങാടി മണ്ഡലത്തിലെ ഭൂരിപക്ഷമാണ്. ഇ.ടിക്ക് ആകെയുള്ള ഭൂരിപക്ഷം ഇരുപത്തിനാലായിരത്തില്‍ ഒതുങ്ങിയെങ്കില്‍ അതില്‍ തിരൂരങ്ങാടി നിയമസഭാമണ്ഡലത്തില്‍ മാത്രം ഇ ടിക്ക് ഇരുപത്തിമുവ്വായിരത്തില്‍ പരം ഭൂരിക്ഷമാണ് നേടാനായത്. മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടക്കലില്‍ ഇ ടിക്ക് പതിനൊന്നായിരത്തില്‍ പരവും താനൂരില്‍ ആറായിരുവുമായി ഭൂരിപക്ഷം കുറയുകയാണുണ്ടായത്.എന്നാല്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി വി അബ്ദുര്‍ഹ്മാന്റെ തട്ടകമായ തിരൂരില്‍ ഇ.ടിക്ക് ഏഴായിരത്തിന്റെ ഭൂരിപക്ഷം നേടാനായത് ആശ്വാസമായിട്ടുണ്ട്. ലീഗ് പ്രതിനിധാനം ചെയ്യുന്ന നാല് മണ്ഡലങ്ങളില്‍ ആകെ ഇ ടിക്ക് നാല്‍പ്പത്തിഏഴായിരം വോട്ടിന്റെ ഭൂരിപക്ഷം നേടാനായെങ്കില്‍ എല്‍ഡിഎഫിന്റെ കൈവശമുള്ള തവനൂര്‍, പൊന്നാനി, തൃത്താല മണ്ഡലങ്ങളിലായി ഇരുപത്തിരണ്ടായിരത്തിലേറെ വോട്ടിന് എല്‍ഡിഎഫ് സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ മുന്നിലെത്തുകയായിരുന്നു. ഇതാണ് ഇ ടിയുടെ ഭൂരിപക്ഷം ഗണ്യമായി ഇടിയാന്‍ ഇടയായത്.
തിരൂരങ്ങാടി നിയമസഭാമണ്ഡലത്തില്‍ ഇ.ടിക്ക് വന്‍ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഇരുമുന്നണികളും നേരത്തെ തന്നെ കണക്കുകൂട്ടിയതാണ്.അത് നിലനിര്‍ത്താന്‍ സാധിച്ചുഎന്നതാണ് ഇ ടിക്ക് ഏറെ തുണയായത്.എന്നാല്‍ ലീഗിന്റെ മറ്റുമണ്ഡലങ്ങളിലേതുപോലെ തിരൂരങ്ങാടിയില്‍ ഇടതുപക്ഷത്തിന് കാര്യമായി ചെയ്യാന്‍കഴിയാതെ പോയതും എല്‍ ഡി എഫിന്റെ കൈവശമുള്ള മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതും അബ്ദുറഹ്മാന്‍ തിരിച്ചടിയാവുകയാണുണ്ടായത്. അബ്ദുറഹ്മാന്റെ വ്യക്തിസ്വാധീനവും ഇടത്പക്ഷത്തിന്റെ സംഘടനാ സംവിധാനവും മുസ്‌ലിംലീഗിനെ വിറപ്പിക്കാനായെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ തവണ ഇ ടിക്ക് എണ്‍പത്തിഅയ്യായിരം ഭൂരിപക്ഷം നേടിയത് ഇപ്പോള്‍ അതിന്റെ നാലിലൊന്നായി ചുരുങ്ങിയത് ലീഗ് പാളയത്തെ നെട്ടിച്ചിട്ടുണ്ട്. ഇ ടിമുഹമ്മദ് ബശീറിന്റെ വിജയത്തില്‍ തിരൂരങ്ങാടി മണ്ഡലത്തിന്റെ ആസ്ഥാനമായ ചെമ്മാട് നാളിതുവരെയും നടന്നിട്ടില്ലാത്ത വിധത്തിലുള്ള ആഹ്ലാദപ്രകടനമാണ് ഇന്നലെ നടന്നത്.