Connect with us

Ongoing News

എം ബി ബി എസിന് 2750 സീറ്റ്, എന്‍ജിനീയറിംഗിന് 52,714

Published

|

Last Updated

തിരുവനന്തപുരം: വിവിധ മെഡിക്കല്‍ കോളജുകളിലായി എം ബി ബി എസിന് സംസ്ഥാനത്താകെ നിലവിലുള്ളത് 2750 സീറ്റുകള്‍. എന്‍ജിനീയറിംഗ് പഠനത്തിനായി 52,714 സീറ്റുകളും സംസ്ഥാനത്തുണ്ട്. മെഡിക്കല്‍ സ്ട്രീമില്‍ ബി ഡി എസ് (ഡെന്റല്‍)ന് 1120 സീറ്റും, ബി എ എം എസി (ആയുര്‍വേദം)ന് 910 സീറ്റും ബി എച്ച് എം എസി (ഹോമിയോ)ന് 250 സീറ്റും ബി എസ് എം എസി (സിദ്ധ)ന് 50 സീറ്റുമാണുള്ളത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്‌സുകളായ ബി എസ്‌സി അഗ്രികള്‍ച്ചറിന് 209ഉം ബി എസ്‌സി ഫോറസ്ട്രിക് 30 സീറ്റും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്‌സായ ബി വി എസ്‌സി ആന്‍ഡ് എച്ച് (വെറ്ററിനറി)ന് 160 സീറ്റും കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന് കീഴിലുള്ള കോഴ്‌സായ ബി എഫ് എസ്‌സി (ഫിഷറീസ്)ന് 50 സീറ്റുമാണ് നിലവിലുള്ളത്.
എം ബി ബി എസിന് ആകെയുള്ള 2750 സീറ്റില്‍ 1733 സീറ്റിലേക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണറായിരിക്കും അലോട്ട്‌മെന്റ് നടത്തുക. ഇതില്‍ സംസ്ഥാനത്തെ ഏഴു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 1100 എം ബി ബി എസ് സീറ്റില്‍നിന്ന് ഓള്‍ ഇന്ത്യാ ക്വാട്ട, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നോമിനീസ് മുതലായ സീറ്റുകള്‍ ഒഴികെയുള്ള 908 സീറ്റുകളിലേക്കായിരിക്കും കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തുക. ഒരു സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍കോളജിലെ 50 സീറ്റുകളിലേക്കും 14 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍കോളജുകളിലെ 775 സീറ്റുകളിലേക്കും കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. സര്‍ക്കാര്‍ ഡെന്റല്‍ കോളജിലെ 150 സീറ്റില്‍ അഖിലേന്ത്യാ ക്വാട്ട ഒഴികെയുള്ള 128 സീറ്റും സര്‍ക്കാര്‍ നിയന്ത്രിത ഡെന്റല്‍ കോളജിലെ 30 സീറ്റും 15 സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജിലെ 455 സീറ്റും ഉള്‍പ്പെടെ 613 സീറ്റിലായിരിക്കും കമ്മീഷണര്‍ പ്രവേശനം നടത്തുന്നത്. അഞ്ചു സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ കോളജുകളിലെ 241ഉം 11 സ്വകാര്യ സ്വാശ്രയ ആയുര്‍വേദ കോളജുകളിലെ 325 സീറ്റും അഞ്ചു സര്‍ക്കാര്‍, എയ്ഡഡ് ഹോമിയോ കോളജുകളിലെ 225 സീറ്റും സ്വകാര്യ സ്വാശ്രയ സിദ്ധ കോളജിലെ 25സീറ്റുകളിലും കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. ബി.എസ്‌സി അഗ്രികള്‍ച്ചര്‍ കോളജില്‍ 173 സീറ്റും ബി.എസ്‌സി ഫോറസ്ട്രി കോളജില്‍ 25 സീറ്റിലും കമ്മീഷണര്‍ പ്രവേശനം നടത്തും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് 134ഉം കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് കോഴ്‌സുകള്‍ക്ക് 41ഉം സീറ്റുകളിലാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രവേശനം നടത്തും.
എന്‍ജിനീയറിംഗ് സ്ട്രീമില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് 720 സീറ്റാണ് ഈവര്‍ഷം നിലവിലുള്ളത്. എഞ്ചിനീയറിംഗ് കോളജുകളില്‍ ആകെ 30,664 സീറ്റുകളിലും ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് 443 സീറ്റുകളിലും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. സര്‍ക്കാര്‍, എയ്ഡഡ് എഞ്ചിനീയറിംഗ് കോളജുകളില്‍ 4231ഉം അഗ്രികള്‍ച്ചര്‍, വെറ്ററിനറി സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ 99ഉം സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിംഗ് കോളജില്‍ 5694ഉം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ 20,640ഉം സീറ്റുകളിലാണ് കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തുന്നത്. ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ 183 സീറ്റ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലും 260 സീറ്റ് സ്വകാര്യ മേഖലയിലുമാണ്.

Latest