Connect with us

Ongoing News

സഖ്യത്തിന് വാതില്‍ തുറന്നിടും: ജഗന്‍മോഹന്‍

Published

|

Last Updated

കഡപ്പ: തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് സാധ്യമായ മുഴുവന്‍ വാതിലുകളും തുറന്നിടുമെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢി. ആന്ധ്രാപ്രദേശിനെ വിഭജിച്ചുകൊണ്ടുള്ള നടപടി അതിക്രൂരമായതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് സാധ്യമായ മുഴുവന്‍ സാധ്യതകളും തുറന്നിടും. ചിലരെ പിന്തുണക്കാന്‍ എന്തിനാണ് ധൃതി കാണിക്കുന്നത്? തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി ആരെങ്കിലുമായി സഖ്യത്തിലേര്‍പ്പെടുകയോ ധാരണയിലെത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴും വാതിലുകള്‍ തുറന്നുകിടക്കുകയാണ്. ഏറ്റവും വേദനകരമായ സംഭവം ആന്ധ്രാപ്രദേശിനെ വിഭജിച്ചു എന്നുള്ളതാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം റെഡ്ഢി വ്യക്തമാക്കി. കഡപ്പ ജില്ലയിലെ പുലിവെന്തുലയിലാണ് റെഡ്ഢി, ഇദ്ദേഹത്തിന്റെ മാതാവ് വൈ എസ് വിജയമ്മ, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ജഗ്‌മോഹന്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ വൈ എസ് ഭാരതി അവകാശപ്പെട്ടു.
ആന്ധ്രപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ജനങ്ങള്‍ എല്ലാവരെയും വിശ്വസത്തിലെടുക്കില്ല. മൂന്നരപതിറ്റാണ്ടായി ഇവര്‍ ചന്ദ്രബാബു നായിഡുവിനെ കണ്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഏറ്റവും നിന്ദ്യനായ രാഷ്ട്രീയക്കാരനായാണ് ജനങ്ങള്‍ കരുതുന്നത്. ഇദ്ദേഹം പറയുന്ന ഒരു വാക്കുപോലും ഇവര്‍ വിശ്വാസത്തിലെടുക്കുകയില്ലെന്നും വൈ എസ് ഭാരതി കുറ്റപ്പെടുത്തി.
ആന്ധ്രാപ്രദേശിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിന് ശേഷവും പിന്തുണ തുടരുമെന്ന് നേരത്തെ റെഡ്ഢി വ്യക്തമാക്കിയിരുന്നു. നിലവില്‍ തെലങ്കാനയിലും സീമാന്ധ്രയിലും ടി ഡി പിയും ബി ജെ പിയും സഖ്യകക്ഷികളായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സീമാന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടങ്ങളില്‍ വൈ എസ് ആര്‍ സി പി പ്രവര്‍ത്തകരും ടി ഡി പി പ്രവര്‍ത്തകരും കല്ലേറ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ രണ്ട് മുതലാണ് തെലങ്കാന സംസ്ഥാനം പിറവിയെടുക്കുക.

 

Latest