Connect with us

International

ഇറാഖ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നാളെ; സൈനികര്‍ വോട്ട് ചെയ്തു

Published

|

Last Updated

ബഗ്ദാദ്: നാളെ നടക്കുന്ന രാജ്യത്തിന്റെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇറാഖി സൈനികര്‍ വോട്ട് ചെയ്തു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു രാജ്യത്തുടനീളമുള്ള സൈനികര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇറാഖിന്റെ സ്വതന്ത്ര ഉന്നത തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഐ എച്ച് ഇ സി) തീരുമാനപ്രകാരമാണ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് തന്നെ രാജ്യത്തെ സുരക്ഷാ, സൈനിക ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയത്.
അതേസമയം, അന്യ രാജ്യങ്ങളിലുള്ള ഇറാഖ് പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ 19 രാജ്യങ്ങളിലെ 70 നഗരങ്ങളില്‍ ഇന്നലെയും അവസരമൊരുക്കിയിരുന്നു. ന്യൂസിലാന്‍ഡ്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളിലെ ഇറാഖി പൗരന്മാര്‍ ഞായറാഴ്ച അതത് നഗരങ്ങളില്‍ വോട്ട് രേഖപ്പെടുത്തി.
2010 മാര്‍ച്ച് ഏഴിനാണ് അവസാനമായി ഇറാഖില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന്, മുന്‍ പ്രധാനമന്ത്രി അയ്യാദ് അല്ലാവി നയിക്കുന്ന ഇറാഖി ദേശീയ മുന്നണിക്ക് ഭാഗിക വിജയം നേടാന്‍ കഴിഞ്ഞിരുന്നു. 91 സീറ്റുകളാണ് അല്ലാവിയുടെ മുന്നണിക്ക് നേടാനായത്. നിലവിലെ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി നയിക്കുന്ന മുന്നണി 89 സീറ്റുകള്‍ നേടി.
അതേസമയം, ആ തിരഞ്ഞെടുപ്പില്‍ ഒരുപാട് വിവാദങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായുള്ള ആരോപണങ്ങളായിരുന്നു ഏറെയും. നിരവധി ബൂത്തുകളില്‍ വോട്ടുകള്‍ വീണ്ടും എണ്ണേണ്ട സ്ഥിതിയും പിന്നീട് വന്നുചേര്‍ന്നു. ഇതേത്തുടര്‍ന്ന് 2010 നവംബറിലാണ് നൂരി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിലവില്‍ വന്നത്.
യു എസ് സൈനികരുടെ പിന്‍മാറ്റത്തിനു ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയാണ് ഇത്തവണത്തെ ഇറാഖ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ളത്. 276 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഐ എച്ച് ഇ സി അനുമതി കൊടുത്തിട്ടുള്ളത്. നൂരി അല്‍ മാലിക്കിയുടെ സ്റ്റേറ്റ് ഓഫ് ലോ കോലീഷന്‍, ദി സാഡ്രിസ്റ്റ് മൂവ്‌മെന്റ്, പ്രസിഡന്റ് ജലാല്‍ തല്‍ബാനിയുടെ ഖുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി തുടങ്ങിയവയാണ് ഇവയിില്‍ പ്രധാനപ്പെട്ടത്. മുന്‍ സൈനിക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടികളും ഈ പട്ടികയില്‍ ഉടം നേടിയിട്ടുണ്ട്.
328 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 6,425 പുരുഷ സ്ഥാനാര്‍ഥികളും 2,607 വനിതാ സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുള്ളത്.

Latest