Connect with us

Kozhikode

തൃശൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

Published

|

Last Updated

വടകര: വിദേശത്തേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസില്‍ എക്‌സൈസ് സംഘം തൃശൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന തൃശൂര്‍ സ്വദേശി ഷിബി എന്ന ശഫീഖിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാള്‍ കുവൈത്തിലാണ്. മയക്കുമരുന്ന് അടങ്ങുന്ന പാര്‍സല്‍ അയക്കാന്‍ നടുവണ്ണൂര്‍ സ്വദേശിയെ ഏര്‍പ്പാടാക്കിയത് ശ്രീജിത്തായിരുന്നു.
ശഫീഖ് വിളിച്ചറിയിച്ചതിനെ തുടര്‍ന്നായിരുന്നു ശ്രീജിത്ത് ഇയാളുമായി ബന്ധപ്പെട്ടത്. ശഫീഖിനെതിരെ അടുത്തദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ രവീന്ദ്രനാഥ്, വി എ സലീം, ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനിവാസന്‍, ഷാജഹാന്‍, പ്രിവന്റീവ് ഓഫീസര്‍ എം കെ മോഹന്‍ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജിത്ത് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് തൃശൂരിലെത്തി അന്വേഷണം നടത്തിയത്. ഇതിനിടയില്‍ എക്‌സൈസ് ജീവനക്കാര്‍, ആത്മഹത്യ ചെയ്ത ചെമ്മരത്തൂര്‍ ചാക്യേരി ശ്രീജിത്തിന്റെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
ഇക്കഴിഞ്ഞ 13 ാം തീയതിയാണ് വിദേശത്തേക്ക് ബ്രൗണ്‍ഷുഗര്‍ കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ റാസിഖ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.

Latest