Connect with us

Ongoing News

ഫലം വന്നത് റെക്കോര്‍ഡ് വേഗത്തില്‍

Published

|

Last Updated

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് എസ് എസ് എല്‍ സി ഫലം പുറത്തുവന്നത് ഏറ്റവും കുറഞ്ഞ സമയത്തിനിടെ. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 നാണ് ഫലം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി ഒഴിവു ദിവസങ്ങള്‍ അടുത്തു വന്നിട്ടും എട്ട് ദിവസം മുമ്പേ ഫലം പ്രസിദ്ധീകരിക്കനായത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമായാണ് കാണുന്നത്.
എസ് എസ് എല്‍ സി പരീക്ഷ പൂര്‍ത്തിയായ മാര്‍ച്ച് 27ന് സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ പൂര്‍ത്തിയാക്കിയാണ് മൂല്യനിര്‍ണയ നടപടികളിലേക്ക് കടന്നത്. ലഭിക്കുന്ന മാര്‍ക്കുകള്‍ മൂല്യനിര്‍ണയം നടത്തുന്ന ദിവസം തന്നെ ക്യാമ്പുകളില്‍നിന്ന് പരീക്ഷാ ഭവന്റെ സെര്‍വറിലേക്ക് നേരിട്ടാണ് അപ്‌ലോഡ് ചെയ്തത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ 64 പേപ്പറുകളാണ് ഒരു ദിവസം അധ്യാപകന്‍ മൂല്യനിര്‍ണയം നടത്തിയത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ 36 ഉം രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതിന്റെ 24 ഉം പേപ്പറുകളാണ് പ്രതിദിനം മൂല്യനിര്‍ണയം നടത്തിയത്.
സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാമ്പുകളിലായിരുന്നു 4,64,310 വിദ്യാര്‍ഥികള്‍ എഴുതിയ എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യനിര്‍ണയം. 12,000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കാളികളായി. നാല് സോണുകളാക്കി തിരിച്ചായിരുന്നു മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക്, ബയോളജി വിഷയങ്ങള്‍ക്ക് ഓരോ സോണിലും രണ്ട് വീതം ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു. മറ്റു വിഷയങ്ങള്‍ക്ക് ഓരോ ക്യാമ്പ് ആണുണ്ടായിരുന്നത്. അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ വിഷയങ്ങള്‍ക്ക് രണ്ട് പ്രത്യേക ക്യാമ്പുകളും ഒരുക്കിയിരുന്നു.

Latest