Connect with us

Kasargod

തിരഞ്ഞെടുപ്പ് ജോലിക്കിടെ അക്രമം; 150 ഓളം പേര്‍ക്കെതിരെ കേസ്‌

Published

|

Last Updated

കാസര്‍കോട്: തിരഞ്ഞെടുപ്പ് ജോലിക്കിടെ പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ 150ഓളം പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
കാസര്‍കോട് എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ അജയ് വിന്‍സണ്‍, പ്രവീണ്‍ എന്നിവരെയാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് ദിവസം ഉച്ചക്ക് ചേരൂര്‍ ഇത്തിഹാദൂല്‍ ഇസ്‌ലാം എല്‍ പി സ്‌കൂളിലെ 79-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
ഒരു സംഘം കൂട്ടംകൂടി നിന്നതിനെ ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു പോലീസുകാര്‍ക്കുനേരെ കയ്യേറ്റ ശ്രമമുണ്ടായത്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്നതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അബ്ദുല്ല, ഷരീഫ്, റശീദ്, ജപ്പു, നാസര്‍, മുനീര്‍, അഹമ്മദ്, ബാബുസല തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
മൊഗ്രാല്‍പുത്തൂര്‍ ഉജിര്‍കര യു പി സ്‌കൂളിന് സമീപം ലീഗ്-സി പി എം സംഘട്ടനം. നാലുപേര്‍ക്ക് പരുക്കേറ്റു. ലീഗ് പ്രവര്‍ത്തകനായ കല്ലങ്കൈയിലെ ജീലാനി(29)യെ നുള്ളിപ്പാടി സ്വകാര്യ ആശുപത്രിയിലും സി പി എം പ്രവര്‍ത്തനായ ബൂത്ത് ഏജന്റ് അബ്ദുല്‍ ഹമീദ്(23), മുഹമ്മദ് റഫീഖ്(34), മെഹ്ദി(23) എന്നിവരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണ് സംഭവമെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. ജീലാനിയുടെ പരാതിയില്‍ ജെലു എന്ന ജലീല്‍, മെഹ്‌റിന്‍, എപ്പി, സഫീര്‍, ജെപ്പി എന്ന ജാഫര്‍ തുടങ്ങിയ ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
മുഹമ്മദ് റഫീഖിന്റെ പരാതിയില്‍ അശ്‌റഫ് തങ്ങള്‍, സിലോണ്‍ ഖലീല്‍ എന്നിവര്‍ക്കെതിരെയും അബ്ദുല്‍ സഫീറിന്റെ പരാതിയില്‍ ജീലാനി, ഹമീദ്, സിദ്ദീഖ്, സലീം, അശ്‌റഫ്, ലത്തീഫ് തുടങ്ങി 10 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Latest