Connect with us

Malappuram

തിരിച്ചറിയല്‍ കാര്‍ഡ് മാത്രം അംഗീകൃത രേഖ: മറ്റുള്ളവക്ക് സത്യവാങ്മൂലം നല്‍കണം

Published

|

Last Updated

മലപ്പുറം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലാതെ അനുബന്ധ രേഖകളുമായി വോട്ടുചെയ്യാന്‍ വരുന്നവര്‍ സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ കെ ബിജു അറിയിച്ചു.
വോട്ടര്‍ സ്ലിപ്പും അനുബന്ധ രേഖയായി മാത്രമെ കണക്കാക്കൂയെന്നതിനാല്‍ വോട്ടര്‍ സ്ലിപ്പ് കൊണ്ടുവരുന്നവരും ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ഇത് സംബന്ധിച്ച് അവ്യക്തതകള്‍ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് അംഗീകൃത രേഖയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ അത് എന്ത് കാരണത്താലാണെന്ന് വിശദീകരിച്ച് സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കിയ ശേഷം മാത്രമേ മറ്റ് രേഖകള്‍ ഉപയോഗിച്ച് വോട്ടു ചെയ്യാന്‍ അനുവദിക്കൂ. സത്യവാങ്മൂലം ബി എല്‍ ഒ മാരുടെ ഹെല്‍പ്പ് ഡെസ്‌കില്‍ ലഭിക്കും.
തുടര്‍ന്ന് സമ്മതിദായകന്റെ ഒപ്പ് കൂടാതെ വിരലടയാളവും പ്രിസൈഡിംഗ് ഓഫീസറുടെ മുന്നില്‍ വെച്ച് രേഖപ്പെടുത്തണം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റേയോ ഫോട്ടോ പതിച്ച പാസ് ബുക്ക് (സഹകരണ ബാങ്കുകളുടേത് ഒഴികെ), പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ ജി ഐ) നാഷനല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്‍) പദ്ധതിയില്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ അംഗീകൃത വോട്ടര്‍ സ്ലിപ്പ് എന്നിവ അനുബന്ധ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാം.

Latest