Connect with us

National

അഞ്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ നാളെ ബൂത്തിലേക്ക്‌

Published

|

Last Updated

ballot voting vote box politics choice election

ന്യൂഡല്‍ഹി: അഞ്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ശബ്ദ പ്രചാരണം അവസാനിച്ചു. അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളാണ് നാളെ വിധിയെഴുതുക. അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നീം സംസ്ഥാനങ്ങളിലെ മുഴുവന്‍ മണ്ഡലങ്ങളിലും നാളെ തിരഞ്ഞെടുപ്പ് നടക്കും. അരുണാചലിലും മേഘാലയയിലും രണ്ട് വീതം മണ്ഡലങ്ങളും മിസോറാമിലും നാഗാലാന്‍ഡിലും ഒന്നും വീതം മണ്ഡലങ്ങളാണുള്ളത്. മണിപ്പൂരില്‍ ഒരു മണ്ഡലത്തിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.

അരുണാചലില്‍ 2009ലെ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് വിജയക്കൊടി പാറിച്ചത്. മിസോറാമും മണിപ്പൂരും മേഘാലയയിലെ രണ്ട് സീറ്റുകളും കോണ്‍ഗ്രസാണ് നേടിയത്. മേഘാലയയിലെ ഒരു സീറ്റ് നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ( എന്‍ സി പി)യും നേടി. ശേഷിക്കുന്ന സീറ്റില്‍ വിജയിച്ചത് നാഗാ പീപ്പിള്‍സ് പാര്‍ട്ടിയാണ്.
അരുണാചല്‍ പ്രദേശിലെ അറുപതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും നാളെ നടക്കുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രി നബാം തുകിയും മത്സരരംഗത്തുണ്ട്. അരുണാചല്‍ പ്രദേശിലെ ലോക്‌സഭാ മണ്ഡലങ്ങളായ അരുണാചല്‍ വെസ്റ്റും അരുണാചല്‍ ഈസ്റ്റും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്. 75.94 ലക്ഷം വോട്ടര്‍മാരാണ് 2,158 പോളിംഗ് സ്റ്റേഷനുകളിലൂടെ ജനവിധിയെഴുതുക. 1980 മുതല്‍ കോണ്‍ഗ്രസ് തന്നെയാണ് അരുണാചലിന്റെ ആധിപത്യം നിലനിര്‍ത്തിയത്. 2003 ല്‍ മാത്രം ബി ജെ പി ജയിച്ചു. എന്നാല്‍, 42 ദിവസം മാത്രമേ ബി ജെ പി സര്‍ക്കാറിന് ആയുസ്സുണ്ടായിരുന്നുള്ളൂ.

നാഗാലാന്‍ഡില്‍ മുഖ്യമന്ത്രി നെയ്പിയു റിയോയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ വി പുസയാണ് എതിര്‍ സ്ഥാനാര്‍ഥി. റിയോയുടെ നാഗാ പീപ്പീള്‍സ് ഫ്രണ്ട് ബി ജെ പി സഖ്യത്തില്‍ അംഗമാണ്. 11.82 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വോട്ടവകാശം വിനിയോഗിക്കുന്നത്. 2,059 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
മണിപ്പൂരിലെ ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മറ്റൊരു മണ്ഡലമായ ഇന്നര്‍ മണിപ്പൂരില്‍ ഈ മാസം 17ന് അഞ്ചാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. പത്ത് സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരംഗത്തുള്ളത്. കോണ്‍ഗ്രസിന്റെ താംഗ്‌സോ ബായ്‌തെ, ബി ജെ പിയുടെ ഗംഗുമെയ് കാമേയ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കിം ഗാംന്‍തെ തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. ഔട്ടര്‍ മണിപ്പൂരില്‍ 89.9626 വോട്ടര്‍മാരാണ് ജനവിധി നിര്‍ണയിക്കുക. ഇവിടെ 1.406 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.

മിസോറാമാലെ ഏക ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി എല്‍ റൗലയും യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടി (യു ഡി എഫ്) ന്റെ റോബര്‍ട്ട് റോയട്ടും തമ്മിലാണ് പോര് നടക്കുന്നത്. ആം ആദ്മിക്ക് വേണ്ടി ലാല്‍മനാസുലയും രംഗത്തുണ്ട്. എട്ട് പാര്‍ട്ടികളാണ് യു ഡി എഫ് സഖ്യത്തിലുള്ളത്. മിസോ നാഷനല്‍ ഫ്രണ്ട് ആണ് സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. 1998 മുതല്‍ 2003 വരെയും 2003 മുതല്‍ 2008 വരെയും യു ഡി എഫാണ് വിജയിച്ചത്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ സീറ്റില്‍ 2004 ല്‍ മിസോ നാഷനല്‍ ഫ്രണ്ട് വിജയിച്ചിരുന്നു. ഹരന്‍ഗ്തുസോ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവല രണ്ട് നിയമസഭാ സീറ്റുകളില്‍ നിന്ന് വിജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ്. യു ഡി എഫ് സ്ഥാനാര്‍ഥി എച്ച് ലാല്‍ദുവാമക്കെതിരെ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്‍ലാല്‍പുയിയാണ്. 70,2189 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 1,126 പോളിംഗ് സ്റ്റേഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് പഴുതടച്ച സുരക്ഷക്കിടയിലാണ് ഇത്തവണയും പോളിംഗ് നടക്കുക. ബി എസ് എഫ്, കേന്ദ്ര റിസര്‍വ് പോലീസ്, അസം റൈഫിള്‍സ് എന്നിവയാണ് വിവിധ സ്ഥലങ്ങളിലെ സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെട്ടത്. ഹെലികോപ്റ്റര്‍ വഴിയും മൊബൈല്‍ നിരീക്ഷണ സ്‌ക്വാഡും തിരഞ്ഞെടുപ്പ് സുരക്ഷ വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. കാലാവസ്ഥയും സുര്യോദയ അസ്തമയ സമയങ്ങളിലെ വ്യത്യാസവും കണക്കിലെടുത്ത് ഇവിടെ പോളിംഗ് സമയത്തിലും മാറ്റമുണ്ട്.
മണിപ്പൂരിലും നാഗാലാന്‍ഡും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പോളിംഗ് സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും പോളിംഗ്.

Latest