Connect with us

Thrissur

കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചാണ് ആന്റണി ആശങ്കപ്പെടേണ്ടത്: യെച്ചൂരി

Published

|

Last Updated

തൃശൂര്‍: സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൊഴിയുന്നതിനെക്കുറിച്ചാണ് പ്രതിരോധ മന്ത്രി എ കെ ആന്റണി ആദ്യം ആശങ്കപ്പെടേണ്ടതെന്ന് സി പി എം പി ബി അംഗം സീതാറാം യെച്ചൂരി. തൃശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിക്കിടെ ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടി വരുമെന്ന ആന്റണിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന്റെ 56 സിറ്റിംഗ് എം പിമാരാണ് ബി ജെ പിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബി ജെ പിക്ക് വോട്ട് ചെയ്യുക, കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പിയെ വീണ്ടും വിജയിപ്പിക്കുക എന്നാണ് ഇതിനെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ തന്നെ വന്നത്. അദ്ദേഹത്തിന് ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചുള്ള ഉത്കണ്ഠയില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ അജന്‍ഡ ഉള്ളതുകൊണ്ടാണ് ബി ജെ പിയുടെ പ്രകടന പത്രിക വൈകുന്നത്. മോദി അനുകൂല തരംഗം ഉണ്ടെങ്കില്‍ പിന്നെ എന്തിനാണ് മുരളി മനോഹര്‍ ജോഷിയെ മാറ്റി വാരണാസി തന്നെ മത്സരിക്കാന്‍ മോദി തിരഞ്ഞെടുത്തത്. മോദിക്ക് പുറമേ ബി ജെ പിയില്‍ തന്നെ അദ്വാനിയും സുഷമയും രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആം ആദ്മി പാര്‍ട്ടി ഇടതുപക്ഷത്തിന്റെ ഇടം കൈയടക്കിയെന്ന് പറയാന്‍ കഴിയില്ല. ടു ജി അഴിമതി ഉള്‍പ്പെടെയുള്ള ആം ആദ്മി ഉന്നയിക്കുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ഇടത് പക്ഷം നേരത്തെ മുതല്‍ പറയുന്നതാണ്. തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണമാണ് അഴിമതി ഉണ്ടാകുന്നത്. എന്നാല്‍ സാമ്പത്തിക നയങ്ങളെക്കുറിച്ച് ആപ്പ് ഒന്നും മിണ്ടുന്നില്ല. മൂന്നാം ബദലിന് ആം ആദ്മി പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.