Connect with us

Articles

നവ രാഷ്ട്രീയത്തിന്റെ ഗ്രഹപ്പിഴകള്‍

Published

|

Last Updated

ഇന്ത്യന്‍ രാഷ്ട്രീയത്തിന് യഥാര്‍ഥത്തില്‍ എത്ര വയസ്സായി എന്ന ചോദ്യത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ഉണര്‍ത്തിവിട്ട തരംഗങ്ങളെ നവ രാഷ്ട്രീയം എന്ന് വ്യവഹരിക്കുന്ന വിശകലനങ്ങള്‍ക്ക് മുമ്പില്‍ ഏതാണ് നവമല്ലാത്ത രാഷ്ട്രീയമെന്ന ചോദ്യത്തിന്റെ ആമുഖമായിരിക്കുക എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വയസ്സന്വേഷണം നിര്‍വഹിക്കുന്ന ദൗത്യം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയം എന്ന വാക്കിന് വിപുലമായ അര്‍ഥതലങ്ങളുണ്ട്. കൊളോണിയല്‍ അനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമൂഹം സ്വത്വബോധത്തിലും സ്വാതന്ത്ര്യ ചിന്തയിലും കൊളോണിയല്‍വിരുദ്ധ ചിന്തകളിലും എന്നാണ് എത്തിച്ചേര്‍ന്നത്, അന്നാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജന്മദിനം. സ്വാതന്ത്ര്യം, സ്വാഭിമാനം, സ്വത്വവിമോചനം, സ്വരാജ് തുടങ്ങിയ നിരവധി “സ്വം”കളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അന്തഃസത്ത.
സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയം പാര്‍ലിമെന്ററി സംവിധാനങ്ങളുടെ സാധ്യതകളുമായി ഇണച്ചും പിണച്ചും കൈകാര്യം ചെയ്യപ്പെട്ടപ്പോള്‍ മേല്‍പ്പറഞ്ഞ “സ്വം”കള്‍ക്ക് നഷ്ടം വന്നു. അധികാരമോഹം, സ്വാര്‍ഥം, ചൂഷണം, അഴിമതി തുടങ്ങി ജനതയുടെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കുന്ന പ്രവണതകള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു അരവിന്ദ് കെജ്‌രിവാളിന് ഇന്ത്യയെ ഇളക്കിമറിക്കാന്‍ കഴിഞ്ഞതും നവ രാഷ്ട്രീയത്തിന്റെ പ്രത്യാശകളെ മിന്നിച്ചെടുക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്. ഇന്ത്യന്‍ മനസ്സില്‍ പതിറ്റാണ്ടുകളായി സുഷുപ്തിയിലിരിക്കുന്ന ഒരു രാഷ്ട്രീയ സങ്കല്‍പ്പത്തെ “മുഛേ ചായിയേ സ്വരാജ്” എന്ന വാക്കുകള്‍കൊണ്ട് പുറത്തെടുക്കാന്‍ കെജ്‌രിവാളിന് സാധിച്ചു. കൊളോണിയല്‍ ദുഷ്പ്രവണതകളുടെ ദുരനുഭവങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ വ്യവസ്ഥയിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതികളിലും മറ്റു തരത്തിലുമായി തിരിച്ചുവരവ് നടത്തിയ ആറ് പതിറ്റാണ്ടിന്റെ അനുവഭവമാണ് അരവിന്ദ് കെജ്‌രിവാളിന് ഇടം ലഭ്യമാക്കിയത്. ആറ് പതിറ്റാണ്ടിന്റെ പ്രായമെത്തിയ വര്‍ത്തമാനകാല ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തെ ഒന്നര വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ ശിശു പരാജയപ്പെടുത്തിയതില്‍ ചില പാഠങ്ങള്‍ ഉള്‍ച്ചേര്‍ന്ന് കിടപ്പുണ്ട്. ഇന്ത്യയിലെ മൂപ്പെത്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ട പാഠങ്ങളാണ് അവയില്‍ പലതുമെങ്കിലും അവര്‍ അതിന് ശ്രമിക്കുന്നില്ല.
രാഷ്ട്രീയ കക്ഷികള്‍ മാറിമാറി അധികാരത്തിലെത്തുകയും അധികാരത്തിലേക്ക് പാര്‍ട്ടികള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന തിരിഞ്ഞെടുപ്പുകള്‍ ഇന്ത്യന്‍ ഖജനാവിന്റെ വലിയൊരു അംശത്തെ ചോര്‍ത്തിക്കളയുന്ന ചെലവേറിയ പ്രക്രിയയായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട് എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതാനുഗതിയായ ചലനം മാത്രമായാണ് പൊതുസമൂഹം കാണുന്നത്. രാഷ്ട്രീയം എന്നത് കഴിഞ്ഞ പതിറ്റാണ്ടുകളുടെ അനുഭവം വെച്ച് നോക്കുമ്പോള്‍ വിവിധ പാര്‍ട്ടികള്‍ക്ക് അധികാരത്തിലെത്താനുള്ള ഒരിടപാടായി മാത്രം പരിമിതപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമീപകാലത്ത് ബദല്‍ രാഷ്ട്രീയ ചിന്തകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തോന്നലുകള്‍ക്കും ആശയങ്ങള്‍ക്കും പ്രസക്തിയും ബഹുജന സ്വീകാര്യതയും ലഭ്യമാകുന്നത്. വ്യവസ്ഥിതിയോടുള്ള വിയോജിപ്പുകളില്‍ നിന്ന് ആരംഭിക്കുകയും ശീലിച്ച അനുഭവങ്ങളെ മറി കടക്കാന്‍ അഭിലഷിക്കുകയും ചെയ്യുന്ന പൊതുസമൂഹത്തിന്റെ മാറിനടപ്പാണ് പുതിയ രാഷ്ട്രീയത്തിന്റെ ആശയങ്ങളെ സ്വാധൂകരിക്കുന്നത്. എല്ലാ രംഗങ്ങളിലും തിരസ്‌കരിക്കപ്പെടുന്ന ബഹുജനം എന്ന അടിസ്ഥാന വിഭാഗത്തിന്റെ വികാര വിചാരങ്ങളിലെ പരിവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് അടിയുറച്ചുപോയ വ്യവസ്ഥിതിയുടെ തകരാറുകളെ മറി കടക്കാന്‍ ശക്തിയുണ്ട് എന്ന യാഥാര്‍ഥ്യം ആം ആദ്മിയുടെ ആവിര്‍ഭാവത്തോടെ തെളിയിക്കപ്പെടുകയുണ്ടായി. മുഖ്യധാരാ രാഷ്ട്രീയത്തില്‍ അടിഞ്ഞുകൂടിയ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ തിന്മകളെ ഉന്മൂലനം ചെയ്യാനുള്ള ശക്തിയും ശേഷിയും മാറിച്ചിന്തിക്കാന്‍ തയ്യാറാകുന്ന പൊതുസമൂഹത്തിലുണ്ട് എന്ന പാഠമാണ് ആം ആദ്മിയുടെ സാന്നിധ്യം തെളിയിക്കുന്നത്. എന്നാല്‍ ഈ പാഠത്തെ ഫലപ്രദമായ വിധത്തില്‍ പ്രയോഗവത്കരിക്കാന്‍ ആം ആദ്മി രാഷ്ട്രീയത്തിന് സാധിക്കുമോ എന്നതോടൊപ്പം നവ രാഷ്ട്രീയം എന്നതുകൊണ്ട് വ്യവഹരിക്കപ്പെടുന്ന പരിണാമം അതിന്റെ പൂര്‍ണതയില്‍ എത്താന്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ അനുവദിക്കാനിടയുണ്ടോ എന്നതും സന്ദേഹങ്ങളായി ശേഷിക്കുന്നു.
കെജ്‌രിവാളിന്റെ നേതൃത്വത്തിലാരംഭിച്ച ചലനങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വിധേയമായി എന്നത് യാഥാര്‍ഥ്യമാണ്. പാരമ്പര്യ മുഖ്യധാരാ പാര്‍ട്ടികളുടെ നയങ്ങളിലും ചെറിയ തോതിലെങ്കിലും അത് ചലനങ്ങളുണ്ടാക്കുകയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ബഹുജന പ്രസ്ഥാനമായി വികാസം പ്രാപിക്കാന്‍ അതിന് സാധിക്കാതെ വരുന്നുണ്ട്. ആരംഭശൂരത്വത്തിന്റെ ബാലിശതകളും അരാഷ്ട്രീയതയില്‍ നിന്നു പൂര്‍ണമായ ഒരു വേറിടല്‍ സാധ്യമാകാത്തതിന്റെ പരിമിതികളും ആ പ്രസ്ഥാനത്തിനുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ പിടികൂടാനിടയുള്ള മാനുഷികവും വ്യക്തിനിഷ്ഠവുമായ ദൗര്‍ബല്യങ്ങളും ആം ആദ്മിയെ പിടികൂടുകയുണ്ടായി. ആ കൂട്ടായ്മയില്‍ നിന്ന് പലരും പുറത്തുവന്നതും കെജ്‌രിവാളിന്റെ “ഏകാധിപത്യ” സ്വാഭാവം ചര്‍ച്ചയായതും പതിവു രാഷ്ട്രീയത്തിന്റെ ഗ്രഹപ്പിഴകളില്‍ നിന്നും ഉപജാപത്തില്‍ നിന്നും ആം ആദ്മിയും മോചിതമായിട്ടില്ല എന്ന് തെളിയിച്ച അനുഭവമാണ്. ഒരു വൈകാരികതയുടെ പുറത്ത് ഒരുമിച്ച് കൂടുന്ന അരാഷ്ട്രീയ സ്വഭാവമുള്ള അഭിപ്രായ സമാനതകള്‍ പതിവു രാഷ്ട്രീയത്തിന്റെ ജീര്‍ണതകള്‍ക്കെതിരായ ചോദ്യചിഹ്നമായി പരിണമിക്കുന്ന അനുഭവമാണ് ഒരര്‍ഥത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ഈ പരിമിതി അംഗീകരിച്ചുകൊണ്ട് വേണം ആ പ്രസ്ഥാനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാന്‍.
ഇന്ത്യയിലാകെ കുറഞ്ഞ നാളുകള്‍ കൊണ്ട്, സോഷ്യല്‍ മീഡിയയുടെയും നവ മാധ്യമങ്ങളുടെയും സഹായത്തോടെ പതിവ് രാഷ്ട്രീയത്തിനെതിരായ പ്രതിഷേധ വികാരങ്ങളുള്ള സമൂഹത്തിലെ ചിലരെ ഒന്നിപ്പിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞുവെങ്കിലും അര്‍ഥവത്തായ ഒരു ബഹുജന മുന്നേറ്റമായി അത് വളരാതെ പോയതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. രാഷ്ട്രീയം എന്നത് പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും വൈകാരികതകളില്‍ നിന്ന് ഉരുത്തിരിയുന്നതല്ല എന്ന യാഥാര്‍ഥ്യത്തെയും ആം ആദ്മി പ്രതിനിധാനം ചെയ്യുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയവും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന പ്രാദേശിക, ജാതി രാഷ്ട്രീയവും ഭൂതകാലാനുഭവങ്ങളുടെയും അനേക കാലത്തിന്റെയും അവശിഷ്ട ബലങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവയാണ്. സാധാരണക്കാരന്റെയും അസാധാരണക്കാരന്റെയും ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടും അവരുമായി ഇടപഴകിയും വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇറങ്ങിച്ചെന്നും വേരോട്ടം നേടിയവയാണ് മുഖ്യധാരാ പാര്‍ട്ടികളും അവയുടെ ഉപഗ്രഹ സ്വഭാവമുള്ള പ്രാദേശിക കക്ഷികളും. അനേകായിരം മനുഷ്യരുടെ, നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെട്ട വലിയൊരു ജനസഞ്ചയത്തിന്റെ അനേക കാലത്തെ പ്രവര്‍ത്തനങ്ങളുടെ സമാഹൃദ സത്തകളാണ് പാര്‍ട്ടികള്‍. വിവര സാങ്കേതിക വിപ്ലവവും നവ മാധ്യമങ്ങളുടെ പിന്‍ബലവും ഇല്ലാതിരുന്ന ഇന്ത്യയുടെ ഭൂതകാലങ്ങളിലൂടെ കടന്നുവന്ന് പിളര്‍ന്നും വളര്‍ന്നും തളര്‍ന്നും ഇടം നേടിയ ചെറുതും വലുതുമായ ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് കിട പിടിക്കാന്‍ നവ രാഷ്ട്രീയത്തിന്റെ ശൈശവ ദൗര്‍ബല്യങ്ങള്‍ക്കാകില്ല. സാധാരണക്കാര്‍ക്കിടയില്‍ അവരുടെ ജനന മരണ വേളകളിലും സര്‍ക്കാര്‍ കാര്യാലയ വരാന്തകളിലും ക്ഷേമാനുകൂല്യ സാധ്യതകളിലും അരിയുടെയും മണ്ണെണ്ണയുടെയും മരുന്നിന്റെയും കാര്യങ്ങളിലും ഇടപെട്ടുകൊണ്ട് വേരോട്ടം നേടിയ ദൈനംദിന രാഷ്ട്രീയത്തിന്റെ പ്രതിനിധാനം വഹിക്കുന്ന പാര്‍ട്ടികളെ വൈകാരികമായ ആവേശത്തള്ളിച്ചയില്‍ ഒരുമിച്ച് കൂടുന്ന ആള്‍ക്കൂട്ടങ്ങളുടെ അരാഷ്ട്രീയ അവ്യക്തതകള്‍ കൊണ്ട് കീഴടക്കാനാകില്ല എന്നത് യാഥാര്‍ഥ്യം മാത്രമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ നവജാത ശിശുക്കള്‍ക്ക് പതിറ്റാണ്ടുകളുടെ തഴക്കവും വഴക്കവും വന്നിട്ടുള്ള രാഷ്ട്രീയ മുത്തച്ഛന്മാരോട് എതിരിടാനാകില്ല എന്നത് യാഥാര്‍ഥ്യമാണെങ്കില്‍ അത്ര തന്നെ യാഥാര്‍ഥ്യമാണ് ജനാധിപത്യത്തിലെ നവജാത ശിശുക്കളുടെ ബാലിശങ്ങളായ വിപ്ലവങ്ങളെ ഭയപ്പെടുമാറ് രാഷ്ട്രീയ മുത്തച്ഛന്മാര്‍ അപരാധികളാണ് എന്നതും.
മുഖ്യധാരാ രാഷ്ട്രീയത്തിന്റെ വേരുകള്‍ ആഴത്തില്‍ പടര്‍ന്നവയാണ്. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അവയെ കടപുഴക്കി എറിയാന്‍ നവ രാഷ്ട്രീയത്തിന് കഴിയില്ല. എന്നാല്‍ നിശ്ചലമായിക്കിടക്കുന്ന പാരമ്പര്യ രാഷ്ട്രീയത്തിലെ ചില നിര്‍ജീവ തലങ്ങളെ ചലിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമാറ് മുഖ്യധാരാ രാഷ്ട്രീയത്തെ ഉണര്‍ത്താന്‍ അതിന് കഴിയും. അടിയന്തിരാവസ്ഥയെ തുടര്‍ന്നുള്ള നാളുകളില്‍ ഇന്ത്യന്‍ സമൂഹം വലിയൊരു രാഷ്ട്രീയ മാറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് സംഭവിക്കുകയുണ്ടായില്ല. ആം ആദ്മി പാര്‍ട്ടി ആ കാലത്തിന്റെ ഓര്‍മകളെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. നവ രാഷ്ട്രീയം അഥവാ മുന്‍കാല രാഷ്ട്രീയത്തില്‍ നിന്നുള്ള വഴിമാറ്റം എന്നും ഇന്ത്യന്‍ ജനതയില്‍ ഒരു വിഭാഗത്തിന്റെ അഭിലാഷമായി ശേഷിക്കുന്നുണ്ട്. ജയപ്രകാശ് നാരായണ്‍ ഇന്ത്യയെ ഇളക്കിമറിച്ചു മുന്നേറിയ കാലത്ത് ഉയര്‍ന്നുവന്ന നവ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ അവയുടെ ബാല്യത്തിലേ കൂമ്പടഞ്ഞു. പുതുരാഷ്ട്രീയത്തില്‍ പങ്കാളിത്തം വഹിക്കുന്ന ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ വൈകാരികമായ പരിമിതികള്‍ എക്കാലവും ഇന്ത്യന്‍ നവ രാഷ്ട്രീയത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പാരമ്പര്യ രാഷ്ട്രീയത്തിന്റെ ഗ്രഹപ്പിഴകളില്‍ നിന്ന് നവരാഷ്ട്രീയവും മുക്തമല്ല എന്നതാണ് പ്രശ്‌നം.

Latest