Connect with us

Gulf

സൊഹാര്‍ ഫ്‌ളൈ ഓവര്‍ ഭാഗികമായി തുറന്നു

Published

|

Last Updated

സൊഹാര്‍: മസ്‌കത്ത്-ദുബൈ പ്രധാന ഹൈവേയില്‍ സൊഹാറില്‍ നിര്‍മിച്ച ഫ്‌ളൈ ഓവര്‍ ഒരു ദിശയിലേക്ക് തുറന്നു. ദുബൈ ഭാഗത്തേക്കുള്ള സഞ്ചാര പാതയാണ് വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഇതു യാത്രക്കാര്‍ക്ക് ഏറെ സൗകര്യ പ്രദമായി. മസ്‌കത്ത് ഭാഗത്തേക്കുള്ള പാതയും വൈകാതെ തുറക്കും.
നഗരത്തിലെ ഗതാഗതക്കുരുക്കു ഒഴിവാക്കുന്നതിനാണ് പ്രസിദ്ധമായ റൗണ്ട് എബൗട്ട് ഒഴിവാക്കി ഇവിടെ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ അധികൃതര്‍ പദ്ധതി തയാറാക്കിയത്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റൗണ്ട് എബൗട്ട് അടച്ചിട്ട് സമാന്തര റോഡ് തുറന്നത് കൂടുതല്‍ ഗതാഗതക്കുരുക്കിനു വഴി വെച്ചിരുന്നു. എന്നാല്‍ ഏതാനും ആഴ്ച മുമ്പ് ഇവിടെ റൗണ്ട് എബൗട്ട് വീണ്ടും തുറന്നു കൊടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ദുബൈ ഭാഗത്തേക്കുള്ള ഫ്‌ളൈ ഓവര്‍ തുറന്നത്. ഇതോടെ സൊഹാര്‍ നഗരത്തില്‍ ബന്ധപ്പെടാതെ നേരെ പോകുന്ന വാഹനങ്ങള്‍ക്ക് റൗണ്ട് എബൗട്ടോ സിഗ്നലോ ശ്രദ്ധിക്കാതെ നേരെ ഓടിച്ചു പോകാം. വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാരത്തിനൊപ്പം ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കുന്ന പദ്ധതിയാണിത്.
വികസനം നടന്നു കൊണ്ടിരിക്കുന്ന സൊഹാര്‍ പോര്‍ട്ടും സൊഹാര്‍ എയര്‍പോര്‍ട്ടും പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ നഗരത്തില്‍ ട്രക്കുകളുള്‍പെടെ വാഹനങ്ങള്‍ വര്‍ധിക്കുന്നത് കൂടുതല്‍ ഗതാഗതക്കുരുക്കിനു സാധ്യതകളുണ്ടെന്നതുകൂടി പരിഗണിച്ചാണ് നഗരത്തിലെ പ്രസിദ്ധമായ ഗ്ലോബ് റൗണ്ട് എബൗട്ട് ഇല്ലാതാക്കി ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പ്രധാന പാതയിലെ മറ്റു പ്രദേശങ്ങളിലും റൗണ്ട് എബൗട്ടുകള്‍ ഒഴിവാക്കി ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കുന്നതിന് പദ്ധതിയുണ്ട്. യു ടേണികള്‍ക്കു പകരം പാലം നിര്‍മിച്ചുള്ള എക്‌സിറ്റുകളും ഈ പാതയില്‍ നിര്‍മിച്ചു വരുന്നുണ്ട്. ഇതും വാഹന സഞ്ചാരത്തിന് കൂടുതല്‍ സൗകര്യം സൃഷ്ടിക്കുന്നതാണ്.

Latest