Connect with us

Editorial

കള്ളപ്പണത്തിന്റെ ഒഴുക്ക് തടയണം

Published

|

Last Updated

ഇന്ത്യന്‍ ജനാധിപത്യം പണാധിപത്യത്തിന് വഴിമാറുന്നുവെന്നതിനെ സാധൂകരിക്കുന്നതാണ് തിരഞ്ഞെടുപ്പ് രംഗത്ത് വര്‍ധിച്ചു വരുന്ന പണത്തിന്റെ സ്വാധീനം. പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രതീക്ഷിത ചെലവായി, സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് കണക്കാക്കുന്നത് 30,000 കോടി രൂപയാണ്. ഇതില്‍ 8000 കോടി രൂപ തിരഞ്ഞെടുപ്പ് പ്രക്രിയക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അവശേഷിക്കുന്നത് പ്രാചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളും ചിലവിടുന്നതാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിന് മൊത്തം ചെലവായത് 16 കോടിയായിരുന്നുവെന്നറിയുമ്പോഴാണ് പണത്തിന്റെ സ്വാധീനം ഈ രംഗത്ത് എത്രമാത്രം വര്‍ധിച്ചുവെന്ന് വ്യക്തമാകുന്നത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെലവായത് ഏതാണ്ട് 10,000 കോടിയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് സംഖ്യ മൂന്ന് മടങ്ങായി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാകുന്ന പരമാവധി തുക 70 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ ഇത് 25 ലക്ഷമായിരുന്നു. 2011 ല്‍ 40 ലക്ഷമാക്കി ഉയര്‍ത്തി. തുക വീണ്ടും വര്‍ധിപ്പിക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയിന്മേന്മേല്‍ കേന്ദ്ര മന്ത്രിസഭയാണ് 70 ലക്ഷമാക്കിയത്. എന്നാല്‍ പ്രചാരണച്ചെലവ് ഈ സംഖ്യയിലൊതുങ്ങില്ലെന്നും 2,000 മുതല്‍ 2,500 കോടി വരെ സ്ഥാനാര്‍ഥികള്‍ അനധികൃതമായി ചെലവിടുന്നുണ്ടെന്നുമാണ് സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ കണ്ടെത്തല്‍. കോര്‍പ്പറേറ്റുകളും വന്‍വ്യവസായികളും അധോലോക രാജാക്കന്മാരുമൊക്കെയാണ് ഈ അനധികൃത പണത്തിന്റെ ഉറവിടം. കോര്‍പ്പറേറ്റുകളുടെ കൊടിയ ശത്രുക്കളായി ഭാവിക്കുന്ന പ്രസ്ഥാനങ്ങളുടെ ഫണ്ടുകളില്‍ പോലും അവരുടെ വിഹിതമുണ്ട്. ഇതുവഴി ജനപ്രതിനിധികളെ വിലക്കെടുക്കുകയും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുകയാണ് വ്യവസായ, വാണിജ്യ കുത്തകകള്‍. സര്‍ക്കാര്‍ അവര്‍ക്ക് നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന്റെയും നികുതി കുടിശ്ശിക എഴുതിത്തള്ളുന്നതിന്റെയും രഹസ്യവും മറ്റൊന്നല്ല. കോടികള്‍ സംഭാവന നല്‍കിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും താത്പര്യങ്ങള്‍ മാനിക്കാന്‍ രാഷ്ട്രീയക്കാര്‍ ബാധ്യസ്ഥമാണല്ലോ. രാജ്യത്ത് അഴിമതി തഴച്ചുവളര്‍ന്നത് ഇത്തരം അവിശുദ്ധ ബന്ധങ്ങള്‍ കാരണമാണ്.
ദേശീയ പാര്‍ട്ടികളാണ് പണം വാരിയെറിയുന്നതില്‍ മുന്‍പന്തിയില്‍. കണക്കില്‍ കാണിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഏറെയും കുഴല്‍പ്പണമായാണ് ഈ സംഖ്യകള്‍ എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് വര്‍ധിച്ചതായി ഇന്റലിജന്‍സും പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും സാക്ഷ്യപ്പെടുത്തുന്നു. രണ്ടാഴ്ചക്കിട 200 കോടിയോളം കള്ളപ്പണം സംസ്ഥാനത്തെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച പിടിച്ചെടുത്ത 60 ലക്ഷം രൂപയും തൃശുര്‍ നാട്ടികയില്‍ പിടിച്ചെടുത്ത 25 ലക്ഷവും ആലപ്പുഴയില്‍ പിടികൂടിയ ആറ് ലക്ഷവും ഈയിനത്തില്‍ പെട്ടതാണെന്നാണ് പോലീസ് നിഗമനം. എറണാകുളത്ത് കഴിഞ്ഞ വാരത്തില്‍ തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടിയും പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തേക്കൊഴുകുന്ന കള്ളപ്പണത്തിന്റെ ചെറിയൊരംശം മാത്രമേ പിടികൂടുന്നുള്ളു. ഏറെയും അധികൃതരുടെ കണ്ണുവെട്ടിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നുണ്ട്. അധികൃതര്‍ കണ്ടിട്ടും കണ്ണടക്കുന്ന സംഭവങ്ങളും കുറവല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പണമാകുമ്പോള്‍ കരുതി കളിച്ചില്ലെങ്കില്‍ പൊല്ലാപ്പാണല്ലോ.
വളഞ്ഞ വഴിയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാണ് കള്ളപ്പണം വിനിയോഗിക്കുന്നത്. പണമായും മദ്യമായും മറ്റും ഇത് വോട്ടര്‍മാരുടെ കൈകളിലെത്തുമ്പോള്‍, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കാണ് തകര്‍ച്ച നേരിടുന്നത്. വോട്ട് നേടാന്‍ ഏത് വൃത്തി കെട്ട മാര്‍ഗവും സ്വീകരിക്കാമെന്ന അവസ്ഥയിലേക്ക് തരം താണിരിക്കുന്നു സമകാലിക രാഷ്ട്രീയം. ആദര്‍ശ ബന്ധിതവും മൂല്യാധിഷ്ടിതവുമായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് പ്രചാരണവുമെന്ന അംഗീകൃത തത്വം പരസ്യമായി ലംഘിക്കപ്പെടുകയാണിന്ന്. സ്വതന്ത്രവും സ്വാധീനങ്ങളില്‍ നിന്ന് മുക്തവുമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ അടിത്തറ. തിരഞ്ഞെടുപ്പ് സുതാര്യവും കുറ്റമറ്റതുമാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണത കൈവരിക്കുന്നത്. ഇത് സാധ്യമാകണമെങ്കില്‍ തിരഞ്ഞെടുപ്പ് വേദികളിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് കര്‍ശനമായി തടയുകയും സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച പരിധിയില്‍ ഒതുങ്ങുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.

Latest