Connect with us

Wayanad

സി പി ഐ കുടിയേറ്റ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

Published

|

Last Updated

കല്‍പ്പറ്റ: വനം പരിസ്ഥിതി റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയ മാധവ് ഗാഡ്ഗിലിനെ കേരളത്തിലേക്ക് ആനയിച്ച അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടിയായ സിപിഐ കുടിയേറ്റ കര്‍ഷകരുടെ പേരില്‍ മുതലകണ്ണീര്‍ ഒഴുക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ സ്വഭാവമാണ് കാണിക്കുന്നത്. ജില്ലയില്‍ കോറോത്ത് കാഞ്ഞിരത്തിങ്കല്‍ ജോര്‍ജ് എന്ന കര്‍ഷകന്റെ 12 ഏക്കര്‍ ഭൂമി ഹൈകോടതി ഇടപെട്ടിട്ടും വിട്ടുകൊടുക്കുന്നതിന് അന്നത്തെ വനം-റവന്യു മന്ത്രിമാര്‍ എതിരു നിന്നു. സിപിഎം അനുകൂലിച്ചിട്ടും ഒരു സെന്റ് ഭൂമിപോലും ലഭിക്കാതെ വൃദ്ധസദനത്തില്‍ കിടന്നാണ് അദ്ദേഹം മരിച്ചത്.
പേര്യ, ബോയ്‌സ് ടൗണ്‍, കോറോം, അമ്പുകുത്തി തുടങ്ങിയ കാര്‍ഷിക മേഖലയില്‍ പട്ടയം നല്കുന്നതിന് സിപിഐ മന്ത്രിമാരാണ് എതിര് നിന്നത്.
ഗാഡ്ഗിലിനെ കേരളത്തിലേക്ക് ഇടതുപക്ഷം കൊണ്ടുവന്നപ്പോള്‍ എംഎല്‍എ ആയിരുന്ന ഇപ്പോഴത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സത്യന്‍ മൊകേരി അതിനെതിരെ പ്രതികരിച്ചില്ല. എല്ലാ കാലത്തും കര്‍ഷകരെ വഞ്ചിച്ച് ചരിത്രമുള്ളവര്‍ക്ക് കര്‍ഷകരുടെ പേര് പറയാന്‍ യോഗ്യതയില്ല.
എന്നാല്‍ യുഡിഎഫ് ഭരണകാലത്താണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ജനരോഷം ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് കസ്തൂരി രംഗന്‍ കമ്മിറ്റിയും ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയും കേരളത്തില്‍ എത്തിയത്.
പരിസ്ഥിതി ലോലപ്രദേശ പ്രഖ്യാപനം തിരുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ തെളിവാണ് ഇലക്ഷന്‍ പ്രഖ്യപിച്ച ശേഷവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ കരട് വിജ്ഞാപനം കൊണ്ടുവന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പറയുന്ന ബിജെപി, ഇടത് സാംസ്‌കാരിക സംഘടനകള്‍, വി.എസ്. അച്യുതാനന്ദന്‍, ചില മത തീവ്രവാദ വിപ്ലവ സംഘടനകള്‍ എന്നിവര്‍ക്ക് കര്‍ഷകരെ രക്ഷിക്കാന്‍ സാധിക്കില്ല.
യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മാത്രമേ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ. കഴിഞ്ഞ കാലത്ത് 750 കോടിയിലധികം കാര്‍ഷിക കടം എഴുതിതള്ളിയതും കരാ#ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്കിയതും യുപിഎ ഗവണ്‍മെന്റാണ്. ആയിരം കോടിയിലേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്ന എം ഐ ഷാനവാസിനെ കരിവാരിത്തേക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.
എല്‍ഡിഎഫിന്റെ പരാജയ ഭീതിയാണ് ഇതിന് പിന്നില്‍. മുന്‍ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറയാതെ എം ഐ ഷാനവാസ് വിജയിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം സി സെബാസ്റ്റ്യന്‍, കെ എം ഏബ്രഹാം, പി.ജെ. കുര്യന്‍ എന്നിവര്‍ പറഞ്ഞു.