Connect with us

Articles

ക്രൈസ്തവ സയണിസവും സാമ്രാജ്യത്വാനുകൂല ദുര്‍വ്യാഖ്യാനവും

Published

|

Last Updated

വി എ മുഹമ്മദ് അശ്‌റഫിന്റെ “ക്രൈസ്തവസയണിസം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം” എന്ന പുസ്തകം നമ്മുടെ ഈ കാലഘട്ടം ആവശ്യപ്പെടുന്ന സുപ്രധാനമായ ഒരു പഠന വിഷയത്തിലേക്കു വെളിച്ചം വീശുന്നു. സയണിസം, സിയോണിസം, ഇസ്‌റാഈലിന്റെ പുനഃസ്ഥാപനം, യുഗാന്ത്യ സമീപനം എന്നിങ്ങനെ പല പേരുകളില്‍ ഒരേ അര്‍ഥം ധ്വനിപ്പിക്കുന്ന ഒരു പ്രതിലോമ ആശയത്തിന്റെ ഇഴകള്‍ അകത്തി പരിശോധിക്കുകയാണ് ഈ ഗ്രന്ഥകാരന്‍ ചെയ്തിരിക്കുന്നത്. ഒരിക്കല്‍ ഫാസിസം എന്ന പദത്തെ സാമൂഹിക രാഷ്ട്രീയ രംഗത്തെ ദാര്‍ശനിക എഴുത്തുകാര്‍ എങ്ങനെ വ്യവഹരിച്ചിരുന്നുവോ അപ്രകാരമുള്ള ഒരു പദമായി സയണിസം മാറിക്കഴിഞ്ഞു. ഹിന്ദു ഫാസിസത്തിനു പകരം ഹിന്ദു സയണിസം തന്നെ അരങ്ങേറിക്കഴിഞ്ഞു.
ഒരിക്കല്‍ തങ്ങളുടെ പിതൃസ്വത്തായിരുന്ന ഭൂപ്രദേശം കൈയേറിയവരില്‍ നിന്നും വീണ്ടെടുക്കുക, എന്ന ഗൃഹാതുരത്വം നിറഞ്ഞ ഒരു സങ്കല്‍പ്പം ആണ് ഈ പദപ്രയോഗത്തിന് പിന്നിലുള്ളത്. വെളുത്തവര്‍, കറുത്തവര്‍ എന്നൊക്കെയുള്ള പഴയ വംശീയ വേര്‍തിരിവിന്റെ സ്ഥാനത്ത് വന്നവര്‍, നിന്നവര്‍ എന്ന വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്‌ഫോടന പരമ്പരകള്‍ക്കു തീ കൊളുത്താനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. മധ്യപൗരസ്ത്യ നാടുകളില്‍ ഇതു സയണിസം ആണെങ്കില്‍ യൂറോപ്പില്‍ ഇതു നിയോനാസിസം ആണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ പ്രചരിപ്പിക്കുന്ന അതിരുവിട്ട ദേശീയതാവാദം കൃത്യമായി ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടും എന്നു നിശ്ചയമില്ല. രണ്ടായാലും ഇത്തരം പ്രതിലോമ സിദ്ധാന്തങ്ങള്‍ക്കു സാധൂകരണം ലഭിക്കാന്‍ പാകത്തില്‍ ബൈബിള്‍ പോലുള്ള മതഗ്രന്ഥങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കപ്പെട്ടുപോരുന്ന വികല വ്യാഖ്യാനത്തിന്റെ അപകടം മുകളില്‍ പരാമര്‍ശിച്ച പുസ്തകം ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ ചില ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നതിന്റെ അര്‍ഥം ക്രൈസ്തവ സയണിസം എന്ന രോഗം അവരെയും ബാധിച്ചുതുടങ്ങിയെന്നാണ്.
കോഴിയുടെ സംരക്ഷണാര്‍ഥം കുറുക്കനെ ഏല്‍പ്പിക്കുന്നതുപോലെ ആയിരിക്കും, ഇന്ത്യയിലെ ൈക്രസ്തവ ന്യൂനപക്ഷങ്ങളുടെ രക്ഷാധികാരിത്വം നരേന്ദ്ര മോദിയെ ഏല്‍പ്പിക്കുക എന്നത് തിരിച്ചറിയാന്‍ കഴിയാത്ത ചില സഭാ മേലധ്യക്ഷന്മാരും ബുദ്ധിജീവപ്പട്ടം കിട്ടിയ ചില ആത്മായ പ്രമുഖരും കേരളത്തിലെ ക്രൈസ്തവ സഭകളിലുണ്ടെന്നാണ് ചില സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിപദം പ്രതീക്ഷിച്ചു നാട്ടിലാകെ സ്വന്തം യാഗാശ്വവും ആയി ചുറ്റിത്തിരിയുന്ന മോദി മഹാത്മാവിനെ കണ്ടു ചില മെത്രാന്മാര്‍ ഒറ്റയായും കൂട്ടമായും തൊഴുതു പിന്‍വാങ്ങിയതായി വാര്‍ത്തയുണ്ടായിരുന്നു. ബ്രാഹ്മണരില്‍ നിന്നുള്ള മാര്‍ഗംകൂടല്‍ മുതല്‍ അന്ത്യാക്യായിലെ ബാവയും ആ ബാവാ മുഖാന്തിരം ബാവമാരാക്കപ്പെട്ട നാട്ടുബാവാമാര്‍ ഉള്‍പ്പടെ സര്‍വരും ആകാശത്തിലുള്ള ബാവാക്കും മീതെയാണെന്ന് സമര്‍ഥിക്കുന്ന ഈ ഇടയന്‍മാര്‍ അവര്‍ പാലിക്കുന്ന കുഞ്ഞാടുകളെ എങ്ങോട്ടാണ് നയിക്കുന്നതെറിയാതെ ആശങ്കപ്പെടാനേ നമുക്ക് നിവൃത്തിയുള്ളു. ഇത്തരം സഭാധ്യക്ഷന്മാരും ആത്മായപ്രമുഖരും സമീപകാല അമേരിക്കന്‍ ഉത്പന്നമായ ഇസ്‌ലാാമോഫോബിയ, ക്രൈസ്തവസയണിസം തുടങ്ങിയ അപകടകരമായ ലഹരി പദാര്‍ഥങ്ങള്‍ ആവശ്യത്തിലേറെ ഭുജിച്ച് സാമാന്യബോധം നഷ്ടപ്പെട്ടവരായിരിക്കും എന്നനുമാനിച്ചാല്‍ അതു തെറ്റാകുകയില്ല.
ക്രൈസ്തവ സയണിസം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം എന്ന പേരില്‍ വി എ മുഹമ്മദ് അശ്‌റഫ് രചിച്ച ഒരു പുസ്തകത്തിന്റെ താളുകളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സില്‍ ഉയര്‍ന്ന ആശയങ്ങളാണ് മുകളില്‍ സമര്‍ഥിച്ചത്. ഗ്രന്ഥകാരന്‍ ക്രിസ്ത്യന്‍- ഇസ്‌ലാമിക് മത താരതമ്യപഠനത്തില്‍ അവഗാഹം തെളിയിച്ചിട്ടുള്ള പ്രഗത്ഭമതിയാണ്. ഈ വിഷയത്തില്‍ ദേശീയ അന്തര്‍ദേശീയ ആനുകാലികങ്ങളില്‍ അനേകം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ്. ഇപ്പോള്‍ ഫോറം ഫോര്‍ ഫെയ്ത്ത് ആന്‍ഡ് ഫ്രാറ്റേര്‍ണിറ്റിയുടെ ജോയിന്റ് സെക്രട്ടറിയും ഇന്റര്‍നാഷനല്‍ ഇന്റെര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ സെക്രട്ടറിയും ആണ.് ക്രൈസ്തവ സയണിസം എന്തെന്നറിയാതെ തന്നെ അതുവെട്ടി വിഴുങ്ങുന്നവരാണ് ലോകത്തിന്റെ മിക്ക കോണുകളിലും ഉള്ള വിവിധ സഭാനുയായികളായ ക്രൈസ്തവര്‍. ഈ പുസ്തകത്തിന് അവതാരിക എഴുതിയ വിഖ്യാത രാഷ്ട്രീയ സാമൂഹിക ചിന്തകനും പ്രഭാഷകനും ആയ പ്രൊഫസര്‍ നൈനാന്‍ കോശിയെ ഉദ്ധരിക്കട്ടെ: “ക്രൈസ്തവ സയണിസം ഒരു സാമ്രാജ്യത്വ പദ്ധതിയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പശ്ചിമേഷ്യയിലെ സ്ഥിരം പ്രതിനിധിയാണ് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ ഭീകരവാദമെന്നു വിശേഷിപ്പിക്കുന്നത് ഫലസതീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെയാണ്. ഭീകരവാദികള്‍ ഫലസ്തീന്‍കാരും. ഈ നിലപാട് സാധൂകരിക്കുന്നതായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ചില പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു(പേജ് 16).”
ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്നത് ലക്ഷ്യമാക്കിയ ജൂത ദേശീയപ്രസ്ഥാനം ആണ് സയണിസം എന്ന പേരില്‍ അറിയപ്പെടുന്നത്. നിരന്തരമായി സംഭവിച്ചുകൊണ്ടിരുന്ന യഹൂദവിരുദ്ധ ചിന്താഗതികളെ നേരിട്ടുകൊണ്ടുതന്നെ തിയോഡോര്‍ ഹേഴ്‌സല്‍, ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുവേണ്ടി വാദിച്ചു. 1897 ല്‍ അദ്ദേഹം ആദ്യ സയണിസ്റ്റ് കോണ്‍ഗ്രസ് വിളിച്ചുകൂട്ടി. ജൂതന്മാര്‍ക്കും ഫലസ്തീന്‍ മേഖലയില്‍ സ്വന്തമായ ഒരു രാഷ്ട്രം എന്ന ആശയത്തെ അറബികള്‍ എതിര്‍ക്കുകയും ബ്രിട്ടീഷുകാര്‍ ജൂതന്മാരുടെയും അറബികളുടെയും ആവശ്യങ്ങള്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്തു. 1948 ല്‍ പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും കൈവിട്ട സഹായത്തോടും ഒത്താശയോടും കൂടി ഇസ്‌റാഈലിന്റെ രൂപവത്കരണം യാഥാര്‍ഥ്യമായി. അതോടെ സയണിസം അതിന്റെ ലക്ഷ്യം കൈവരിച്ചു. ഇസ്‌റാഈല്‍ സ്ഥാപനത്തിനായി ഉന്നയിക്കപ്പെട്ട തെറ്റായ അവകാശവാദങ്ങളെ സാധൂകരിക്കുകയും അതു തുടരുകയും ചെയ്യുന്ന പ്രത്യയശാസ്ത്രത്തെയാണ് ക്രൈസ്തവ സയണിസം എന്ന് വിളിക്കുന്നത്. ഇതു ന്യായീകരിക്കാന്‍ സ്ഥാനത്തും അസ്ഥാനത്തും ബൈബിള്‍ ഉദ്ധരിക്കുന്ന ഇവാഞ്ചലിസ്റ്റുകള്‍ എന്നു സ്വയം വിളിക്കുന്ന ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകരെ നാടിന്റെ ഏതു മുക്കിലും മൂലയിലും ഇന്നു സുലഭമായിക്കാണാം. ഇവര്‍ സത്യം മനസ്സിലാക്കിയിട്ടും സത്യത്തിനെതിരെ കൊഞ്ഞനം കുത്തുന്നവരോ, തങ്ങളുടെ ഉപരിപ്ലവധാരണകളെ അള്ളിപ്പിടിച്ചുകഴിഞ്ഞു കൂടുന്ന അല്‍പ്പബുദ്ധികളോ ആകാനേ തരമുള്ളൂ.
നാലാം നൂറ്റാണ്ടില്‍ റോമാ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ എന്ത് ഉദ്ദേശ്യത്തോടെ ആണോ താനും തന്റെ പൂര്‍വികരും യഥാശക്തി എതിര്‍ത്തുപോന്നിരുന്ന ക്രിസ്തുമതത്തെ സാമ്രാജ്യത്തിന്റെ ഔദേ്യാഗിക മതമാക്കിമാറ്റിയത് അതേ ഉദ്ദേശ്യത്തോടെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ യൂറോ അമേരിക്കന്‍ ശക്തികള്‍ ഇസ്‌റാഈലിനെ മുന്‍നിറുത്തിക്കൊണ്ട് ജൂത സയണിസത്തെ ക്രൈസ്തവ സയണിസമാക്കി മാമോദീസമുക്കി സ്വായത്തമാക്കുകയായിരുന്നു. ഇതിന്റെ പിന്നിലെ നിഗൂഢ താത്പര്യങ്ങള്‍ തെല്ലും ഗ്രഹിക്കാതെ, ശുദ്ധാത്മാക്കളായ അനേകം ക്രിസ്തുമതാനുയായികള്‍ ക്രൈസ്തവ സയണിസം എന്ന പാഷാണത്തെ അമൃതുപോലെ വെട്ടിവിഴുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
സയണിസം ഇന്ന് അന്തര്‍ദേശീയ പ്രാധാന്യമുള്ള ഒരു അക്കാദമിക് വിഷയമാണ്. ലോകത്തിലെ മിക്ക ഭാഷകളിലും ഈ വിഷയത്തെ മുന്‍നിന്‍ത്തി സുപ്രധാനമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കുട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്, റജാഗരോദിയുടെ “സയണിസം. സാമൂഹിക, രാഷ്ട്രീയ വിശകലനാത്മകമായ പഠനങ്ങള്‍ക്കു അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലിയായ ഒരു ഫ്രഞ്ചു തത്വചിന്തകനാണ് റജാഗരോദി. മോശയുടെ ന്യായപ്രമാണങ്ങളിലോ, പില്‍ക്കാലചരിത്രരേഖകളിലോ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഈ സയണിസ്റ്റ് ആശയങ്ങളെ നീതീകരിക്കുന്ന യാതൊരു പരാമര്‍ശങ്ങളും ഇല്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. വിവിധ രാഷ്ട്രങ്ങളില്‍ പാര്‍ത്തിരുന്ന ജൂതന്മാരെ ഫലസ്തീനിലേക്ക് ആട്ടിത്തെളിക്കാന്‍ സയണിസ്റ്റുകള്‍ ആസൂത്രണം ചെയ്ത ഭീകര നടപടികള്‍ റജാഗരോദി തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. വ്യവസ്ഥാപിതവും ശിഥിലീകൃതവും ആയ ഒട്ടേറെ നൂതന ക്രൈസ്തവ സഭകളെ ഉപയോഗിച്ച് ഇസ്‌റാഈലും അവരുടെ ആത്മീയ തലതൊട്ടപ്പന്മാരും ആയ അമേരിക്കന്‍ സാമ്രാജ്യത്വം കെട്ടിയാടുന്ന പ്രച്ഛന്ന വേഷങ്ങളാണ് വേദഗ്രന്ഥമായ ബൈബിളിനു നല്‍കിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭാഷ്യം. ശക്തി കൂടിയവന്‍ ശക്തി കറുഞ്ഞവനെ അടക്കിഭരിക്കുക എന്ന കാട്ടുനീതിയുടെ പുനര്‍ജീവനം മാത്രമല്ല, ഒരു തരം ദൈവനിന്ദ (Blasphemy) കൂടിയാണിത്. ബൈബിളിനു ഇവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന അധിനിവേശാനുകൂല ദുര്‍വ്യാഖ്യാനത്തെ പ്രതിരോധിക്കാന്‍ മലയാളവായനക്കാര്‍ക്കു ലഭിച്ചിരിക്കുന്ന ഫലപ്രദമായ ഒരു ഉപകരണമാണ് “ൈക്രസ്തവ സയണിസം അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രം””എന്ന പുസ്തകം.
ആധുനിക കാലത്തെ ഏറ്റവും ഭീകരമായ യുദ്ധങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച സുപ്രധാന ഘടകം ക്രിസ്ത്യന്‍ സയണിസമാണ്. ഇസ്‌റാഈലിന്റെ ശത്രുക്കളെ നിഷ്പ്രഭരാക്കുക വിശാല ഇസ്‌റാഈലിന് തടസ്സം നില്‍ക്കുന്ന ഘടകങ്ങളെ ഉന്മൂലനം ചെയ്യുക, ഇസ്‌റാഈലിന്റെ കോളനിവത്കരണ ശ്രമങ്ങളെയും യുദ്ധഭ്രാന്തിനെയും ക്രൂരതകളെയും തുറന്നുപിന്തുണക്കുകയും ഇവയൊക്കെ ദൈവേച്ഛയാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുക ഇതൊെക്കയാണ് ക്രിസ്ത്യന്‍ സയണിസം എന്ന പ്രചാരണ തന്ത്രത്തിലെ വെളിവാക്കപ്പെട്ട അജന്‍ഡകള്‍. സംഭവിച്ചതെല്ലാം ദൈവഹിതം. ഇനി സംഭവിക്കാനിരിക്കുന്നതും ദൈവഹിതം എന്നിങ്ങനെ ദൈവത്തെ ഒരു മുഖാവരണമോ പ്രതിരോധ യന്ത്രമോ എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിച്ച ജനസാമാന്യത്തിന്റെ ഉപബോധ മനസ്സിലെ ദൈവോന്മുഖ ചിന്തകളെ ഉദ്ദീപിപ്പിച്ച് തങ്ങള്‍ക്കനുകൂലമാക്കിമാറ്റുക, അതിലൂടെ ദയാലുവും കരുണാമൂര്‍ത്തിയും സത്യനീതിധര്‍മാദികളുടെ ഉറവിടവുമായ യഥാര്‍ഥ ദൈവത്തെ ഒരു രൗദ്രമൂര്‍ത്തിയും യുദ്ധപ്രിയനും സാമ്രാജ്യത്വാനുകൂലിയും ആയി ജനമനസ്സുകളില്‍ പുനഃപ്രതിഷ്ഠ നടത്തുക എന്ന വളരെ കൗശലപൂര്‍ണമായ ഒരു പ്രതിലോമ നടപടിക്കു ചുക്കാന്‍ പിടിക്കുക എന്ന ജോലിയാണ് നിര്‍ഭാഗ്യവശാല്‍ സംഘടിത ക്രൈസ്തവ സഭകളുടെ അക്കാദമിക് പാണ്ഡിത്യം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ പ്രസരിപ്പിക്കുന്ന ഇരുട്ടിന്റെ ലോകത്തേക്ക് പ്രകാശവീചികള്‍ പ്രസരിപ്പിക്കാന്‍ പര്യാപ്തമാണ് ഈ പുസ്തകം.
അവതാരികയും പ്രവേശികയും കൂടാതെ ഏഴ് അദ്ധ്യായങ്ങളിലായി വിഷയവും ആയി ബന്ധപ്പെട്ട ഏഴ് സുപ്രധാന പോയിന്റുകള്‍ വിശദീകരിക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ക്രൈസ്തവ സയണിസ്റ്റ് ആശയങ്ങള്‍ ബ്രിട്ടീഷ് അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളില്‍ ചെലുത്തിയ സ്വാധീനത്തെ അനാവരണം ചെയ്തുകൊണ്ട് ഒരു കൊളോണിയന്‍ സാമ്രാജ്യത്വ പദ്ധതിയായി അത് വളര്‍ന്നതെങ്ങനെയെന്നു വിശദീകരിക്കുകയാണ് പ്രഥമ അധ്യായം. അമേരിക്കന്‍ ഭരണകൂടത്തെ സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ ലോബി ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെതാണെന്നത്രെ വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ മാത്രം 25 മില്യനും ( രണ്ടര കോടി) 30 മില്യനും ( മൂന്ന് കോടി) ഇട ക്കു ക്രിസ്ത്യന്‍ സയണിസ്റ്റുകളുണ്ടെന്നാണ് കണക്ക്. 8000 പാസ്റ്റര്‍മാര്‍, 1000 ക്രിസ്ത്യന്‍ റേഡിയോ നിലയങ്ങള്‍, 100 ക്രിസ്ത്യന്‍ ടി വി ചാനലുകള്‍ ഇവയിലൂടെ കോടിക്കണക്കിനു ജനങ്ങളില്‍ ദിവസേന പല ആവര്‍ത്തി, തെറ്റായ സന്ദേശങ്ങള്‍ എത്തിക്കുന്നു. ആധുനിക ഇസ്‌റാഈലിന്റെ ആവിര്‍ഭാവം ദൈവേച്ഛയുടെ പ്രതിഫലനവും അവിടെ നടക്കുന്ന അനീതി നിറഞ്ഞ തദ്ദേശീയ വേട്ട ദൈവിക പ്രവചനങ്ങളുടെ സാക്ഷാത്കാരവും ആണെന്ന തരത്തിലാണ് പ്രഘോഷണം. ബൈബിള്‍ ഉദ്ധരണികള്‍ നിരത്തിക്കൊണ്ട് ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന വ്യാഖ്യാനങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാണ്. ജൂതജനവിഭാഗം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമായി കാലാന്ത്യത്തോളം തുടരും എന്നതാണ് ഇവരുടെ പ്രധാന വാദഗതി. ഫലസ്തീന്‍ പ്രദേശം. അബ്രഹാമിന്റെ സന്തതിപരമ്പരകള്‍ക്കു ദൈവം നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. അബ്രഹാമിന്റെ പുത്രന്‍ ഇസ്ഹാവിന്റെ പരമ്പര മാത്രമെ അവര്‍ പരിഗണിക്കുന്നുള്ളു. അദ്ദേഹത്തിന്റെ ആദ്യജാതനായ ഇസ്മാഈലിന്റെ സന്തതികള്‍ അടിമകളും ആട്ടിപ്പായിക്കപ്പെട്ടവരും പരദേശികളുമാണെന്ന് സമര്‍ഥിക്കാന്‍ ഇവര്‍ക്കു വല്ലാത്ത ആവേശമാണ്. ജറൂസലം തലസ്ഥാനമാക്കി ഉയിരെടുക്കുന്ന ഒരു വിശാല ഇസ്‌റാഈല്‍ രാഷ്ട്രം നിലവില്‍ വന്നാലേ യേശുവിന്റെ രണ്ടാം വരവ് സാക്ഷാത്കരിക്കപ്പെടൂ എന്ന് ഇവര്‍ പറയുന്നു. ഇസാറാഈലിന്റെ അതിരുകള്‍ ഒരു കാലത്തും നിര്‍ണയിക്കപ്പെട്ടിരുന്നില്ല. ദാന്‍ മൂതല്‍ ബേര്‍ഷേബ വരെ, യൂഫ്രട്ടീസ് മുതല്‍ നൈല്‍ വരെ (ഉല്‍പ്പത്തി 15:15) എന്നൊക്കെയുള്ള തികച്ചും അവ്യക്തമായ അടയാളപ്പെടുത്തലുകള്‍ക്കപ്പുറം പോയിട്ടില്ല എന്നതാണ് വസ്തുത. അതിനാല്‍ സാമ്രാജ്യത്വശക്തികള്‍ക്ക് ആവശ്യമായത്രത്തോളം ഈ അതിര്‍ത്തികളെ വലിച്ചുനീട്ടാനും വികസിപ്പിക്കാനും തങ്ങള്‍ക്കിഷ്ടമില്ലാത്ത തദ്ദേശവാസികളെ പ്രവാസികളായി പുറംതള്ളാനും എളുപ്പമാണ്.
നൂറ്റാണ്ടുകളായി ഒരു പ്രദേശത്ത് സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതക്കെതിരായി നടന്ന അതിക്രമങ്ങളെ ന്യായീകരിക്കാന്‍ പാകത്തില്‍ വേദപുസ്തകവാക്യങ്ങളെ വ്യാഖ്യാനിക്കുന്നതിലെ നീതിരാഹിത്യം ഇന്ന് ഭൂരിപക്ഷം ക്രൈസ്തവരും കണ്ടില്ലെന്നു നടിക്കുന്നു. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് നിലനിന്നിരുന്നതായി പറയപ്പെടുന്ന ജൂത രാഷ്ട്രം പുനഃസൃഷ്ടിക്കണമെന്നാണെങ്കില്‍ അതിനു മുമ്പ് നിലനിന്നിരുന്ന കാനാന്‍ ദേശവും അവിടുത്തെ ഭരണവ്യവസ്ഥകളും പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ന്യായമാണെന്നു വരില്ലേ?
എണ്ണസമ്പന്നമായ മധ്യപൗരസ്ത്യദേശത്തെ അമേരിക്കന്‍ താത്പര്യങ്ങളുടെ കാവല്‍നായ് എന്ന നിലക്കാണ് ഇസ്‌റാഈല്‍ പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത ഇന്ന് ആര്‍ക്കാണ് അറിയാത്തത് ? പുറമെ എന്തൊക്കെ വേദവാക്യങ്ങള്‍ ഉദ്ധരിച്ചാലും കൃത്യമായ ഭൗതിക നേട്ടങ്ങളാണ് ആധുനിക സയണിസത്തിന്റെ പ്രണവമന്ത്രം. ഇസ്‌റാഈല്‍, ചരിത്രത്തില്‍ എക്കാലത്തും ഒരു യാഥാര്‍ഥ്യം എന്നതിലുപരി ഒരു സങ്കല്‍പ്പം ആയിരുന്നു. ഇതുതന്നെയല്ലേ ഇപ്പോള്‍ ഇന്ത്യയില്‍ നരേന്ദ്ര മോദിയും സംഘ്പരിവാറും ഉന്നയിക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മണ്ണടിഞ്ഞുപോയ ആര്യന്‍ സവര്‍ണ നാഗരികത പുനഃസൃഷ്ടിക്കണമെന്നു പറയുന്നവര്‍ അതിനു മുമ്പുണ്ടായിരുന്ന ദ്രാവിഡ നാഗരികതക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെ എന്തു പറഞ്ഞാണ് ന്യായീകരിക്കുക ? ലോകത്തിന്റെ പല ഭാഗങ്ങളിലും അനാവശ്യമായി ഇടപെട്ടുകൊണ്ട് അമേരിക്ക നടത്തുന്ന കുത്തിത്തിരിപ്പുകളെ ന്യായീകരിക്കുന്ന ഒരുതരം സയണിസ്റ്റ് ദൈവശാസ്ത്രം പോലും ഇന്ന് ക്രൈസ്തവ പാതിരിമാര്‍ രൂപപ്പെടുത്തിയിരിക്കുന്നു. സയണിസം കേവലം ഒരു പശ്ചിമേഷ്യന്‍ പ്രശ്‌നം മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് മോദിയും സംഘവും ഉയര്‍ത്തുന്ന ഹൈന്ദവ പുനര്‍ജീവനവാദം തെളിയിക്കുന്നു.
ഇസ്‌റാഈല്‍കേന്ദ്രീകൃത സയണിസം യുക്തിശൂന്യമായ എല്ലാത്തരം വംശീയവാദങ്ങളുടെയും വീണ്ടുവരവിനാണ് വഴി തുറക്കുക. സാമ്രാജ്യത്വം തുറന്നുവിട്ട പാന്‍ഡോറായുടെ പെട്ടിയാണ് സയണിസം. ഫലസ്തീനിലെ തദ്ദേശീയ ജനതയുടെ മാത്രമല്ല ഈ ഭൂമുഖത്ത് സൈ്വരജീവിതം കാംക്ഷിക്കുന്ന സര്‍വരേയും ആക്രമിക്കുന്ന ക്ഷുദ്ര ജീവികളാണ് ആ പെട്ടിയില്‍ നിന്ന് പുറത്തു ചാടിയിരിക്കുന്നത്. ഇതു മനസ്സിലാക്കാത്ത ചില ക്രൈസ്തവ സവര്‍ണ ക്രിസ്ത്യന്‍ പുരോഹിതന്മാരാണ് മോദിക്ക് സഞ്ചരിക്കാന്‍ പച്ചപ്പരവതാനി വിരിച്ച് ഹിന്ദു ക്രൈസ്തവ ഐക്യം എന്ന പ്രാര്‍ഥനാ മന്ത്രം ഉരുവിടുന്നത്.