Connect with us

Gulf

ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്നതിന് 5,230 വാഹനങ്ങള്‍ പിടികൂടി

Published

|

Last Updated

അബുദാബി: നഗര സുരക്ഷക്കായി അബുദാബി പോലീസ് ഏര്‍പ്പെടുത്തിയ ആകാശ നിരീക്ഷണത്തില്‍ നിരവധി വാഹനങ്ങള്‍ നിയമം ലംഘിച്ചതിന് പിടിക്കപ്പെട്ടു. പ്രധാന നിരത്തുകളിലെ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക വാഹനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്നതിന് പിടിക്കപ്പെട്ടത് 5,230 വാഹനങ്ങള്‍.

ഇതില്‍ 3,897 കേസുകള്‍ കഴിഞ്ഞ വര്‍ഷമാണ്. ഈ വര്‍ഷം ഫെബ്രുവരി 22 വരെ മാത്രം 1,333 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തെന്ന് അബുദാബി പോലീസിന്റെ കണക്കുകള്‍. നഗരപരിധിയിലെ പല സ്ഥലങ്ങളിലും ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന് പോകുന്നത് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാല്‍ ഇതുപേക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകിച്ചും പോലീസിന്റെ പെട്രോളിംഗ് വാഹനങ്ങള്‍ക്കു പുറമെ വ്യോമ നിരീക്ഷണവും ഉണ്ടായിരിക്കും. നിരത്തുകളില്‍ ഉണ്ടാകുന്ന ഗതാഗതകുരുക്കുകളില്‍ പെടുന്നവര്‍ ഊഴമെത്തുന്നത് വരെ ക്ഷമിക്കണമെന്നും ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണക്കാരാകരുതെന്നും ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു.
ഷോള്‍ഡര്‍ ലൈനിലൂടെ മറികടക്കുന്നത് ഒരിക്കലും ഡ്രൈവറുടെ യോഗ്യതയല്ല. പക്വതയില്ലായ്മയാണ്. സ്വന്തം മുറ്റുള്ളവരുടെയും ജീവനുള്‍പ്പെടെ വിലപ്പെട്ട പലതും അപകടത്തിലാകാന്‍ ഇത് കരണമാകും. നിയമം ലംഘിക്കുന്നവര്‍ക്ക് 600 ദിര്‍ഹം പിഴക്കു പുറമെ 6 പോയിന്റുകളും ലഭിക്കും അധികൃതര്‍ പറഞ്ഞു.
ട്രാഫിക് നിരീക്ഷണങ്ങള്‍ ശക്തമാക്കിയ അബുദാബി പോലീസ് പൊതുജനങ്ങള്‍ക്കിടയില്‍ നിയമ ബോധവല്‍കരണവും വ്യാപകമാക്കിയിട്ടുണ്ട്. പോലീസിന്റെ യൂറ്റിയൂബ്, ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക് പേജുകളില്‍ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ട്രാഫിക് നിരീക്ഷണ വിഭാഗം തലവന്‍ മര്‍സൂഖ് അല്‍ സഈസി പറഞ്ഞു.

Latest