Connect with us

Articles

ആചാരം, ഉപചാരം

Published

|

Last Updated

ബജറ്റ് പ്രസംഗം വായിച്ച് തീര്‍ക്കുക എന്ന ആചാരം, കഴിഞ്ഞ പത്ത് വര്‍ഷം ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തില്‍ വിശേഷമായെന്തെങ്കിലും സംഭവിക്കുമായിരുന്നോ? നിയമസഭയിലെ നടപടിക്രമം പാലിക്കപ്പെട്ടില്ല എന്നതിനപ്പുറത്ത് വലിയ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല എന്നു വേണം കരുതാന്‍. ഭരണപരമായ ചെലവുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന് വര്‍ഷത്തിലൊരിക്കല്‍, (ഭരണം മാറുന്ന വര്‍ഷങ്ങളില്‍ രണ്ട് വട്ടം) അരങ്ങേറുന്ന ഈ ആചാരം വേണ്ടിവരുന്നുണ്ട്. അത് പോലും വിവിധ വകുപ്പുകള്‍ക്ക് പണം ഉപയോഗിക്കാനുള്ള അനുമതി നല്‍കുന്ന ബില്ലുകള്‍, നിയമസഭയില്‍ പാസ്സാക്കിക്കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. അതിനപ്പുറത്ത് ബജറ്റുകള്‍ക്ക് പ്രസക്തി വേണമെങ്കില്‍ ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാനും ഭാവനാസമ്പന്നമായി പ്രവര്‍ത്തിക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ധനവകുപ്പ് കൈകാര്യം ചെയ്യുന്ന നേതാവിനും സാധിക്കണം. അതുണ്ടായിട്ടേയില്ല എന്നതാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ (ഒരു പക്ഷേ അതിന് മുമ്പത്തെ ദശകത്തെയും) അനുഭവം. ലോകം സാമ്പത്തിക മാന്ദ്യത്തിലാഴുകയും അതിന്റെ ആഘാതം രാജ്യത്തെ ബാധിക്കുകയും ചെയ്ത കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ടി എം തോമസ് ഐസക്ക്, റോഡ് നിര്‍മാണമുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ പാകത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത് മാത്രമാണ് പത്ത് വര്‍ഷത്തിനിടെ വേറിട്ടുനില്‍ക്കുന്ന അനുഭവം. അതും സര്‍ക്കാറിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്ന പ്രതീതി സൃഷ്ടിക്കാനും മാന്ദ്യമെന്ന മാനസിക ആഘാതത്തില്‍ നിന്ന് വിപണിയെ മാറ്റിനിര്‍ത്താനും മാത്രമുള്ള പ്രഖ്യാപനമായി ശേഷിച്ചു. പദ്ധതി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ആ സര്‍ക്കാറിനുണ്ടായില്ല.
മറ്റ് ബജറ്റുകള്‍, ഏതാണ്ടെല്ലാം, വിവിധ വകുപ്പുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും അവയെല്ലാം നടപ്പാക്കാന്‍ പോകൂന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ തുക വകയിരുത്തുകയും മാത്രമാണ് ചെയ്തത്. വര്‍ഷാരംഭത്തിലെ സമ്മേളനത്തില്‍ നടക്കുന്ന മറ്റൊരു ആചാരമായ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഏതാണ്ടെല്ലാം ബജറ്റുകളില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ പാകത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകാറില്ല. ഇവ നടപ്പാക്കാനെന്ന പേരില്‍ കടമെടുക്കുന്ന പണം, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങി സര്‍ക്കാറിന്റെ നടത്തിപ്പിന് വേണ്ടി ചെലവഴിക്കപ്പെടുകയും ചെയ്യുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിന് സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍ പോലും ഇക്കാലത്തിനിടെ സ്വീകരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഭൂ നികുതിയായി, 1960-61ല്‍ ലഭിച്ചത് ആകെ വരുമാനത്തിന്റെ നാല് ശതമാനമായിരുന്നുവെങ്കില്‍, 2012-13ല്‍ അത് 0.5 ശതമാനം മാത്രമായിരുന്നു. ഭൂമി വിലയിലുണ്ടായ വര്‍ധന, ക്രയവിക്രയങ്ങളുടെ തോത് കൂടിയത് എന്നിവയൊക്കെ കണക്കിലെടുക്കുമ്പോള്‍, ഭൂനികുതിയില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറുകള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. മൊത്തം സാമ്പത്തിക വളര്‍ച്ചയിലേക്ക് വലിയ സംഭാവന നല്‍കിയത് കെട്ടിട നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് എന്ന വൈരുധ്യം കൂടി ഇവിടെയുണ്ട്. വാഹന നികുതിയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. വാഹനങ്ങളുടെ എണ്ണം കൂടി, ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു, എന്നിട്ടും ഇതില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം വര്‍ധിച്ചിട്ടില്ല.
ഈ ഇനങ്ങളില്‍ ചെറിയമാറ്റം വരുത്താന്‍ പന്ത്രണ്ടാമത്തെ ബജറ്റില്‍ കെ എം മാണി ശ്രമിച്ചിട്ടുണ്ട്. പക്ഷേ, രണ്ട് തീരുമാനങ്ങളും സംസ്ഥാനത്ത് ഭൂരിപക്ഷമായ ഇടത്തരക്കാരെ ബാധിക്കും വിധത്തിലായെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഭൂമിയുടെ ന്യായവില പുതുക്കി, ഏകീകൃത സ്റ്റാമ്പ് ഡ്യൂട്ടി (ആറ് ശതമാനം) പ്രാബല്യത്തിലാക്കുന്നതോടെ ഏറ്റവുമധികം ബാധ്യതയുണ്ടാകുക വീട്ടാവശ്യത്തിന് ഭൂമി വാങ്ങുന്നവര്‍ക്കാണ്. ചെറുകാറുകളുടെ വില്‍പ്പന നികുതി, ഓട്ടോ – ടാക്‌സി നികുതി വര്‍ധിപ്പിച്ചത് മൂലം നിരക്കിലുണ്ടാകുന്ന വര്‍ധന, ആഡംബര ബസ്സുകളെന്ന പേരില്‍ അറിയപ്പെടുന്ന ദീര്‍ഘദൂര സ്വകാര്യ ബസ്സുകളുടെ നിരക്കിലുണ്ടാകുന്ന വര്‍ധന എന്നിവയൊക്കെ ഇടത്തരക്കാരെയാകും ബാധിക്കുക. ഇത്തരം നികുതികളുടെ പരിഷ്‌കരണം നേരത്തെ മുതല്‍ ആരംഭിച്ചിരുന്നുവെങ്കില്‍, പൊടുന്നനെ വലിയ വര്‍ധനയുണ്ടായെന്ന പ്രതീതി സൃഷ്ടിക്കപ്പെടില്ലായിരുന്നു. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാനും സാധിക്കുമായിരുന്നു. ഇപ്പോള്‍ വരുത്തിയ വര്‍ധന, ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെങ്കിലും സര്‍ക്കാര്‍ ഖജാനയിലേക്ക് വലിയ തോതില്‍ ഒഴുക്കുണ്ടാക്കില്ലെന്നത് കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
കെട്ടിട നികുതിയാണ് വര്‍ധിപ്പിച്ച മറ്റൊരിനം. 17 വര്‍ഷത്തിന് ശേഷമാണ് കെട്ടിട നികുതി പരിഷ്‌കരിക്കുന്നത് എന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കുന്നുണ്ട്. 1100 ചതുരശ്ര അടിയില്‍ അധികം വലിപ്പമുള്ള വീടുകളുടെ കെട്ടിട നികുതിയാണ് ഇരട്ടിയാക്കിയത് എന്നും സാധാരണക്കാരെ ഇത് ബാധിക്കില്ലെന്നും സര്‍ക്കാറിനും ഭരണത്തിന് നേതൃത്വം നല്‍കുന്ന യു ഡി എഫിനും വാദിക്കാം. സംസ്ഥാനത്ത് വളര്‍ന്നുവന്ന, തീര്‍ത്തും പ്രതിലോമകരമായ വീട് നിര്‍മാണ രീതി കൊണ്ട് കൂടിയാണെങ്കിലും ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെയും വീടുകളുടെ വലുപ്പം ഇതിലധികമായിരിക്കുമെന്നുറപ്പ്. നികുതി ഭാരം ഇവര്‍ പേറേണ്ടിയും വരും. കാലാകാലങ്ങളിലുള്ള പരിഷ്‌കാരമില്ലാതിരുന്നതാണ് ഇവിടെയും പ്രശ്‌നം. അത്തരം പരിഷ്‌കാരമുണ്ടായിരുന്നുവെങ്കില്‍ ആവശ്യത്തിലപ്പുറത്തുള്ള നിര്‍മാണം ഒഴിവാക്കാന്‍ ഇടത്തരക്കാര്‍ നേരത്തെ തന്നെ ശ്രമിക്കുമായിരുന്നു.
ഇതിലപ്പുറത്ത് ഈ ബജറ്റ്, ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന മറ്റൊരു മേഖല കൃഷിയാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കുടിയേറ്റ, മലയോര കര്‍ഷകരെ സര്‍ക്കാറിന് എതിരാക്കിയ സാഹചര്യത്തില്‍ കാര്‍ഷികമേഖലയെ കെ എം മാണി, ബജറ്റിലൂടെ സവിശേഷമായി അഭിമുഖീകരിക്കുമെന്ന് ഉറപ്പായിരുന്നു. 25 വിളകളെ ഇന്‍ഷ്വര്‍ ചെയ്ത് പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാര്‍ വഹിക്കുമെന്നതാണ് കാര്‍ഷിക മേഖലക്കുള്ള വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടത്. വരുമാനം ഉറപ്പ് നല്‍കുന്നതിന് പദ്ധതി, വായ്പകള്‍ ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് എന്നു തുടങ്ങി മറ്റ് പ്രഖ്യാപനങ്ങളും. കാര്‍ഷിക മേഖലക്ക് പലിശ ഇളവുള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ബജറ്റിലുമുണ്ടായിരുന്നു. ഈ പ്രഖ്യാപനങ്ങള്‍ നടപ്പായോ, നടപ്പായെങ്കില്‍ എന്ത് ഫലമേകി എന്നൊക്കെ അവലോകനം ചെയ്യാതെയാണ് പുതിയ നിര്‍ദേശങ്ങള്‍. ഇത്തരം സംഗതികള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ഉതകുന്നതോ എന്നതിലും സംശയം നിലനില്‍ക്കുന്നു. കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നു, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം കുറയുന്നു, കൃഷി നടത്താന്‍ ഒരുങ്ങിയാല്‍ തന്നെ കാലാവസ്ഥാ വ്യതിയാനവും ജലസേചന സൗകര്യമില്ലായ്മയും ചതിക്കുന്നു എന്നു തുടങ്ങി പരിഹാരത്തിന് ആഴത്തിലുള്ള നടപടികള്‍ വേണ്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതേക്കുറിച്ചെല്ലാം ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കള്‍ സംസാരിക്കാറുണ്ടെങ്കിലും ബജറ്റുകളില്‍ അതൊന്നും പ്രതിഫലിക്കാറില്ല. കെ എം മാണിയുടെ ബജറ്റ് പ്രസംഗവും ആ പതിവ് തെറ്റിച്ചില്ല.
നികുതി വര്‍ധനകള്‍, കാര്‍ഷിക മേഖലക്ക് കാര്യമായി ചിലത് ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കല്‍ എന്നിവക്കപ്പുറത്ത് ഈ ബജറ്റ് പ്രസംഗം, ആണ്ടാരംഭത്തിലേക്ക് മാറ്റപ്പെട്ട ആചാരം മാത്രമാണ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മൂന്ന് ത്രിവേണി സ്റ്റോറുകള്‍ പുതുതായി ആരംഭിക്കുമെന്നത് മുതല്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ന്യൂസ് ആര്‍ക്കൈവ്‌സ് വിഭാഗത്തിന് പണമനുവദിക്കുന്നതു വരെ നുള്ളുനുറുങ്ങ് കാര്യങ്ങളൊക്കെ പരാമര്‍ശിച്ചു പ്രസംഗത്തില്‍. ഇതൊക്കെ അതാത് വകുപ്പുകള്‍ക്ക് തീരുമാനിച്ച് നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്. “എല്ലാവരെയും ഞങ്ങള്‍ പരിഗണിച്ചിട്ടുണ്ട്” എന്ന തോന്നല്‍ സൃഷ്ടിക്കുക എന്ന, മുന്നണി രാഷ്ട്രീയ സംവിധാനത്തിന്റെ പൊതു രീതി ആവര്‍ത്തിക്കപ്പെടുകയാണ് ഇവിടെ. ഇത്തരം പരിഗണനകള്‍ വേണ്ടെന്നല്ല, അത് ബജറ്റുമായി കൂട്ടിയിണക്കുമ്പോള്‍ സംഭവിക്കുന്ന ഗൗരവനഷ്ടം ചൂണ്ടിക്കാട്ടുക മാത്രമാണ്. പ്രതിമാ, സംസ്‌കാരിക കേന്ദ്ര ദൗത്യങ്ങള്‍ക്കൊക്കെ (ജാതി, മതം, സമുദായം എന്നിവ തിരിച്ചുള്ളത്) പണം അനുവദിക്കാന്‍ സംസ്‌കാരിക വകുപ്പിനൊരു വിഹിതം നീക്കിവെച്ചാല്‍ മതിയാകും. അതിനപ്പുറത്തുള്ള ആലോചനകള്‍ക്ക് സമയം നീക്കിവെക്കുകയാണ് ധനമന്ത്രി (മാര്‍), ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്.
തൊഴിലില്ലായ്മ, മുന്‍കാലങ്ങളെപ്പോലെ വലിയ തലവേദന സൃഷ്ടിക്കുന്ന വിഷയമല്ല കേരളത്തിലിപ്പോള്‍. പുതുതായി തുറന്ന് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള കഴിവുകളുടെ വികസനത്തില്‍ ശ്രദ്ധയൂന്നുന്നില്ലെന്നതാണ് പ്രശ്‌നം. അതിലേക്ക് വലിയ തോതിലുള്ള സംഭാവന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന സൂചന ഈ ബജറ്റ് നല്‍കുന്നു. തൊലിപ്പുറത്തുള്ള ചില നിര്‍ദേശങ്ങള്‍ മാത്രമാണ് ബജറ്റ് ഈ മേഖലയില്‍ മുന്നോട്ടുവെക്കുന്നത്. കോളജുകള്‍ക്ക് സ്വയംഭരണം, അത് തല്‍ക്കാലം അക്കാദമികത്തില്‍ ഒതുങ്ങുന്നുവെങ്കിലും, അനുവദിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇത്തരം ഉദ്യമങ്ങളില്‍ വരുംകാലത്ത് സ്വകാര്യമേഖലക്കായിരിക്കും നിര്‍ണായക സ്ഥാനമെന്ന് പറയാതെ പറയുകയാണ് കെ എം മാണി.
മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന, കെ എം മാണിയുടെ ധനഭരണം സംസ്ഥാനത്തെ ചെറുതല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട് എന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ നികുതി വര്‍ധനയിലൂടെ അധിക വിഭവ സമാഹരണത്തിന് മുതിര്‍ന്നത് തന്നെ ധനസ്ഥിതി അത്രക്ക് മോശമായതിനാലാണ്. എന്നിട്ടും പ്രതീക്ഷിക്കുന്ന കമ്മി 2053 കോടിയാണ്. 2014-15ല്‍ പൊതുകടമായി 13,721 കോടി രൂപ സ്വീകരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 11,844 കോടിയാണ് കടമായി സ്വീകരിച്ചത്. കൂടുതല്‍ കടം സ്വീകരിക്കുകയും അത് മൂലധന ചെലവിലേക്കല്ലാതെ ഒഴുക്കിവിടുകയും ചെയ്യുമെന്ന് അര്‍ഥം. ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങി സാക്ഷരതയില്‍ പിന്നാക്കം നില്‍ക്കുകയും മനുഷ്യവിഭവശേഷിയുടെ വികസനത്തിലെ മുന്നേറ്റം കുറവായിരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍ പോലും റവന്യൂ മിച്ചമുണ്ടാക്കുകയും പൊതു കടമായി സ്വീകരിക്കുന്ന പണത്തിലെ വലിയ ഭാഗം അടിസ്ഥാന സൗകര്യത്തിലേതുള്‍പ്പെടെ വികസനങ്ങള്‍ക്കായി ചെലവിടുകയും ചെയ്യുമ്പോഴാണ് കേരളത്തിന് കൈയടക്കമില്ലാതെ പോകുന്നത്.
ഈ ബജറ്റില്‍ പ്രഖ്യാപിച്ച വലിയ പദ്ധതികളിലൊന്ന് തിരുവനന്തപുരം – ചെങ്ങന്നൂര്‍ – ഹരിപ്പാട് സബ് അര്‍ബന്‍ റെയില്‍പാതയാണ്. മറ്റൊന്ന് കാലടിയില്‍ നിന്ന് ശബരിമലയേലിക്കുള്ള ഹരിവരാസനമെന്ന പുതിയ പാതയും. കെ പി സി സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ മണ്ഡലമെന്നതാണ് പാത ഹരിപ്പാട് അവസാനിക്കാന്‍ കാരണമെന്നതില്‍ തര്‍ക്കമില്ല. ഈ പാതക്കായി ഒരു ലക്ഷം രൂപ നീക്കിവെച്ച ധനമന്ത്രി, ബാക്കി തുക അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതി വിഹിതത്തില്‍ നീക്കിവെച്ച 1,225 കോടിയില്‍ നിന്ന് അനുവദിക്കുമെന്നാണ് പ്രഖ്യാപനം. മറ്റ് നിരവധി പദ്ധതികള്‍ക്കും ഈ 1,225 കോടിയാണ് സ്രോതസ്സ്. ഇത് തന്നെയാണ് ധന മാനേജ്‌മെന്റിലും പദ്ധതി നടത്തിപ്പിലുമുള്ള പിടിപ്പുകേടിന് തെളിവ്. ഒരു പദ്ധതി ആലോചിക്കുമ്പോള്‍ തന്നെ അതിന് വേണ്ട വിഭവസമാഹരണം എങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. അതിന് പകരമൊരു ബജറ്റ് ഹെഡുണ്ടാക്കി, ചില്ലറത്തുക അനുവദിക്കുമ്പോള്‍ പദ്ധതി പ്രഖ്യാപനമായി വര്‍ഷങ്ങളോളം നിലകൊള്ളും. മുന്‍കാല ബജറ്റുകളിലും കെ എം മാണി, ഈ സര്‍ക്കാറിന്റെ കാലത്ത് അവതരിപ്പിച്ച മൂന്ന് ബജറ്റുകളിലും ഇത്തരം പദ്ധതികള്‍ ധാരാളമുണ്ട്. അതുകൊണ്ടുകൂടിയാണ് ബജറ്റ് പ്രസംഗമെന്നത് നിയമസഭാ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണം മാത്രമായി ചുരുങ്ങിപ്പോകുന്നതും. കാത്തിരിക്കാം അടുത്തയാണ്ടത്തെ ആചാരത്തിന് വേണ്ടി. അതൊരുപക്ഷേ, കെ എം മാണിയുടെ പതിമൂന്നാമത്തേതാകാം.

sankaranrajeev@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest