Kozhikode
ഗ്രാമങ്ങളിലും ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കി

വടകര: വടകര ആര്‍ ടി ഒ ഓഫീസിന്റെ പരിധിയിലുള്ള ഗ്രാമപ്രദേശങ്ങളിലും ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കി. വിവിധ കേസുകളില്‍ 35,000 രൂപ പിഴ ഈടാക്കി.
രണ്ട് സ്‌ക്വാഡുകള്‍ രണ്ട് സ്ഥലത്തായി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തോടന്നൂര്‍, താഴെ അങ്ങാടി, സാന്റ് ബേങ്ക്‌സ്, ഉള്ള്യേരി, അത്തോളി, കൂമുള്ളി, കൊടശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 148 മോട്ടോര്‍ ബൈക്ക് യാത്രക്കാരെ ഹെല്‍മറ്റില്ലാത്തതിനാല്‍ പിഴയടപ്പിച്ചു.
അപകടകരമായ വേഗതക്കെതിരെ ഏഴ് കേസുകളും ലൈസന്‍സില്ലാത്ത ഒമ്പത് കേസുകളും എയര്‍ഹോണ്‍, ഓവര്‍ലോഡ്, സീറ്റ് ബല്‍റ്റില്ലാത്ത യാത്ര തുടങ്ങിയ കേസുകളും പിടികൂടി. ഹെല്‍മറ്റ് വേട്ട ശക്തമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിശോധനക്ക് എം വി ഐമാരായ ആര്‍ അജികുമാര്‍, എന്‍ കെ ദീപു, എ എം വി ഐമാരായ സനല്‍കുമാര്‍, അജില്‍കുമാര്‍, എം മുസ്തഫ, അനു എസ് കുമാര്‍, റിനുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.