Connect with us

Kannur

ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയില്‍ പത്ത് വര്‍ഷമായി നിയമനമില്ല

Published

|

Last Updated

കണ്ണൂര്‍: ആരോഗ്യ വകുപ്പിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പി എസ് സി നിയമനമില്ല. ആകെയുള്ള 390 തസ്തികകളില്‍ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുമ്പോള്‍ നിയമനത്തിന് യാതൊരു നടപടിയും എടുക്കാതെ ആരോഗ്യ വകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
2003ലാണ് സംസ്ഥാനത്ത് ലാബ് ടെക്‌നീഷ്യന്‍ നിയമനം അവസാനമായി നടന്നത്. 2008 ല്‍ അന്നത്തെ എം എല്‍ എയായിരുന്ന കെ പി മോഹനന്‍ നിയമസഭയില്‍ സബ് മിഷന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടായത്.
ഇതേ തുടര്‍ന്ന് 2009 ല്‍ പി എസ് സി വിജ്ഞാപനം പുറപ്പെടുവിക്കുകയും 2011 ല്‍ നടത്തിയ എഴുത്തുപരീക്ഷയില്‍ വിജയിച്ച എല്ലാവരെയും ഉള്‍പ്പെടുത്തി ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കുകയും ചെയ്തു. പിന്നീട് 2013 മേയ് മാസത്തിലാണ് ഇന്റര്‍വ്യൂ നടന്നത്. ഇന്റര്‍വ്യൂ നടന്ന് ഏറെ നാളുകള്‍ക്ക് ശേഷമാണ് ലിസ്റ്റ് തയ്യാറാക്കിയത്. എന്നാല്‍ കാസര്‍കോട്, തിരുവനന്തപുരം ജില്ലകള്‍ ഒഴികെ ഒരിടത്തും ലിസ്റ്റ് തയാറാക്കിയില്ല.
പിന്നീട് സംസ്ഥാനത്തെ ആറ് ഡി എം ഒമാര്‍ അത്യാവശ്യമായി ലാബ് ടെക്‌നീഷ്യന്‍മാരെ നിയമിക്കണമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പി എസ് സിക്ക് രണ്ട് കത്തുകളയക്കുകയും നിയമനത്തിന് നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടും പ്രയോജനമുണ്ടായില്ല. ലാബ് ടെക്‌നീഷ്യല്‍ തസ്തികയിലേക്ക് പുതിയ ആളുകളെ നിയമിക്കാന്‍ പി എസ് സി പിന്നെയും മടികാട്ടി. അടുത്ത കാലത്ത് നിയമനം ത്വരിതപ്പെടുത്താന്‍ ഒരു പി എസ് സി അംഗത്തെ പ്രത്യേകം നിയോഗിച്ചത് കൊണ്ടും കാര്യമുണ്ടായില്ല.
390 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികകളില്‍ 370 തസ്തികകളാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. പുതിയ നിയമനം നടക്കാത്തതിനാല്‍ ഗ്രേഡ് വണ്‍ ആയി പ്രൊമോഷന്‍ ലഭിച്ചവര്‍ക്ക് മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറി പോകാനും കഴിയുന്നില്ല. എല്ലാ ജില്ലകളില്‍ നിന്നുമായി 229 ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്ത് 19 ലക്ഷം പനി കേസുകളാണ് കേരളത്തിലുണ്ടായത്. ആറ് ലക്ഷത്തിലധികം ഡെങ്കി ലക്ഷണം കാണിച്ച കേസുകളാണ്. അന്ന് ഉപയോഗപ്പെടുത്തിയത് എന്‍ ആര്‍ എച്ച് എം വഴിയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വഴിയും നിയമിച്ച ലാബ് ടെക്‌നീഷ്യന്മാരെയാണ്. ഇപ്പോള്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് നിര്‍ത്തുകയും താത്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തു.
പുതിയ സാഹചര്യത്തില്‍ ലാബ് ടെക്‌നീഷ്യന്‍മാരില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ ലാബ് ഉപകരണങ്ങള്‍ മിക്ക ആശുപത്രികളിലും കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചെറിയ അസുഖത്തിന് പോലും വിദഗ്ധമായ പരിശോധന വേണ്ടി വരുമ്പോള്‍ വലിയ തുക നല്‍കി സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട രോഗികള്‍. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ പ്രകാരവും മറ്റും സര്‍ക്കാര്‍ ആശുപത്രികളിലെ ലാബ് സൗകര്യം വികസിപ്പിച്ചിട്ടും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത സാധാരണക്കാരായ രോഗികള്‍ക്കാണ് തിരിച്ചടിയാകുന്നത്.