Connect with us

International

ദക്ഷിണ സുഡാന്‍ ആഭ്യന്തര യുദ്ധത്തിലേക്ക്

Published

|

Last Updated

ജുബ: അഞ്ഞൂറോളം പേരുടെ മരണത്തിനിടയാക്കിയ സൈനിക കലാപം ആഭ്യന്തര കലാപമായി മാറുന്നു. മുന്‍ വൈസ് പ്രസിഡന്റും സര്‍ക്കാറിനെതിരെ സൈനിക അട്ടിമറിക്ക് ശ്രമിച്ചെന്ന് ആരോപിക്കപ്പെട്ട വ്യക്തിയുമായ റിയാക് മച്ചറിന്റെ നേതൃത്വത്തിലുള്ള നുയര്‍ വിഭാഗവും പ്രസിഡന്റ് സല്‍വാ കീറിനെ പിന്തുണക്കുന്ന ഭൂരിപക്ഷ വിഭാഗമായ ദിന്‍ഗാസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് രാജ്യത്ത് നടക്കുന്നതെന്ന് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച സൈനികര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായത്. വ്യാപകമായ അഴിച്ചുപണിയുടെ ഭാഗമായി മച്ചറിനെ ജൂലൈയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.
അതിനിടെ, അഞ്ച് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിനിടെ സൈന്യത്തിലെ വിമത വിഭാഗം പിടിച്ചടക്കിയ പ്രദേശത്തേക്ക് ഔദ്യോഗിക സൈന്യം കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് 34,000ല്‍ അധികം ജനങ്ങള്‍ രാജ്യത്തെ യു എന്‍ കേന്ദ്രങ്ങളില്‍ അഭയം തേടിയെത്തിയതായി യു എന്‍ വക്താക്കള്‍ അറിയിച്ചു. എന്നാല്‍, അഭയാര്‍ഥി ക്യാമ്പുകളിലേക്കും ഏറ്റുമുട്ടല്‍ വ്യാപിച്ചിട്ടുണ്ടെന്നും യു എന്‍ കേന്ദ്രങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദക്ഷിണ സുഡാനിലെ ആഭ്യന്തര അവസ്ഥ ഭീതിജനകമാണെന്നും അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും യു എസ് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ദക്ഷിണ സുഡാനിലെ യു എസ് പൗരന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണത്തിന് വേണ്ടി 45 സൈനികരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest