Connect with us

Articles

ധനകാര്യ കമ്മീഷന്റെ ശ്രദ്ധയിലേക്ക്‌

പതിനാലാം ധനകാര്യ കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് സംസ്ഥാനത്തെത്തുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതത്തില്‍ അര്‍ഹമായ വര്‍ധന ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കമ്മീഷന് മുന്നില്‍ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. ധനകാര്യ കമ്മീഷന്‍ തയാറാക്കിയ ടേംസ് ഓഫ് റഫറന്‍സ് പരിശോധിച്ചാല്‍ പുതിയ കാഴ്ചപ്പാടിന് അനുസൃതമായാണ് അവ അവതരിപ്പിച്ചതെന്ന് ബോധ്യപ്പെടും. മാറിയ ലോക സാഹചര്യങ്ങളും ഇന്ത്യന്‍ സാഹചര്യങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് കാണാന്‍ കഴിയും. മറ്റേതൊരു സംസ്ഥാനത്തേക്കാളും പുരോഗതിയുടെ കാര്യത്തില്‍ കേരളം മുന്നിലാണ്. എന്നാല്‍ ഈ ഘടകങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ കുറവ് വരുന്നതായാണ് കാണുന്നത്.
പതിനൊന്നാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് ലഭിച്ച വിഹിതം 3.05 ശതമാനമായിരുന്നെങ്കില്‍ 12-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് അത് 2.66 ശതമാനമായി. കഴിഞ്ഞ ധനകാര്യ കമ്മീഷന്‍ വിഹിതം 2.34 ശതമാനമായി വീണ്ടും കുറഞ്ഞു. ഇങ്ങനെ ഓരോ സമയത്തും വിഹിതത്തില്‍ കുറവുണ്ടായതിന്റെ കാരണം പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമായ സംഗതിയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കി മുന്നോട്ടുപോകുന്ന കേരളത്തിന്റെ പുരോഗതിയെ ഗൗരവമായി ബാധിക്കുന്ന നടപടികളാണ് ധനകാര്യ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
കേന്ദ്ര ധനകാര്യ കമ്മീഷന്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ കേരളത്തിന് ദോഷകരമായ പലതും ഉള്ളതിനാലാണ് ഈ അപാകങ്ങള്‍ സംഭവിക്കുന്നതെന്നാണ് കരുതേണ്ടത്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.05 ശതമാനമായിരുന്നത് 13-ാം ധനകാര്യ കമ്മീഷനിലെത്തി നില്‍ക്കുമ്പോള്‍ 2.34 ശതമാനമായി കുറഞ്ഞത് ഗൗരവപൂര്‍വം വിലയിരുത്തിയേ മതിയാകൂ. പ്രതിശീര്‍ഷ വരുമാനം കണക്കിലെടുത്തുള്ള ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിഹിതം നിശ്ചയിക്കപ്പെടുന്നത്. അതിനാല്‍ കേരളത്തിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല. 1971ലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയുള്ള മാനദണ്ഡമാണ് ധനകാര്യ കമ്മീഷന്‍ ഇപ്പോഴും തുടരുന്നത്. എന്നാല്‍ പിന്നീടുണ്ടായ വ്യത്യാസം പരിഗണിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. അതിനാല്‍ ഈ വ്യത്യാസം കണക്കിലെടുക്കണമെന്നാണ് ധനകാര്യ കമ്മീഷന് മുന്നില്‍ വെക്കാനുള്ള പ്രധാന നിര്‍ദേശം. പ്രതിശീര്‍ഷ വരുമാനത്തിന്റെ വെയ്‌റ്റേജ് പത്ത് ശതമാനമായി നിജപ്പെടുത്തണം. സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയിലുണ്ടായ വ്യത്യാസവും പരിഗണിക്കേണ്ടതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ആഭ്യന്തര സുരക്ഷ, അതിര്‍ത്തി സംരക്ഷണം തുടങ്ങി ഭരണപരമായ ചെലവ് ഉള്‍പ്പെടെ ധനകാര്യ കമ്മീഷനാണ് നിര്‍ദേശിക്കുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെലവ് കേന്ദ്രം വഹിക്കുന്നില്ല. പല തവണ ഇതുസംബന്ധിച്ച് ധനകാര്യ കമ്മീഷന് മുമ്പാകെ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ഫലപ്രാപ്തിയുണ്ടായിട്ടില്ല. ഇക്കുറി ഇക്കാര്യവും ധനകാര്യ കമ്മീഷന്‍ കണക്കിലെടുക്കണം. 1971ന് ശേഷം ഉണ്ടായ ജനസംഖ്യാ വര്‍ധന ഉള്‍പ്പെടെയുള്ളവ കണക്കിലെടുക്കുമെന്ന ധനകാര്യ കമ്മീഷന്റെ പ്രഖ്യാപനം കേരളത്തിന് ആശാവഹമാണ്. അങ്ങനെയെങ്കില്‍ ഇതിനായി 25 ശതമാനം വിഹിതം മാറ്റിവെക്കണം.
ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റമാണ് ധനകാര്യ കമ്മീഷന്‍ പരിഗണിക്കേണ്ട മറ്റൊരു കാര്യം. ഇങ്ങനെ നഗരങ്ങളിലെത്തുന്നവര്‍ക്ക് വേണ്ടി അടിസ്ഥാനസൗകര്യ വികസനം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവക്ക് വേണ്ടിയുള്ള പദ്ധതികള്‍ യഥാസമയം നടപ്പിലാക്കേണ്ടതുണ്ട്. അതിനാല്‍ ഓരോ വര്‍ഷവും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ കണക്ക് ശേഖരിക്കണം.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമ്പോള്‍ പലപ്പോഴും കേരളത്തിന്റെ സാമൂഹികാവസ്ഥ പരിഗണിക്കാറില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ സാമൂഹിക, ഭൂമിശാസ്ത്രപരമായ ചുറ്റുപാടുകളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഇവ തയാറാക്കുന്നത്. എന്നാല്‍ ഇത് കേരളത്തിന് യോജിച്ചതായിരിക്കില്ല. റോഡുകളുടെ നിര്‍മാണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. കൂടാതെ പല പദ്ധതികള്‍ക്കും സംസ്ഥാനം 50 ശതമാനം ഫണ്ട് കണ്ടെത്തേണ്ടിയും വരുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ക്ക് ഇത് പലപ്പോഴും വലിയൊരു ബാധ്യതയാണ്. ഒന്നുകില്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ സംസ്ഥാന സര്‍ക്കാറുമായും കൂടിയാലോചിക്കണം. അല്ലെങ്കില്‍, പദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയായി സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തണം. ഈ വിഷയവും ധനകാര്യ കമ്മീഷന് മുന്നില്‍ പല തവണ കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യമാണ് മറ്റൊരു പ്രശ്‌നം. യുവാക്കളുടെ സംസ്ഥാനമെന്നാണ് പറയപ്പെടുന്നതെങ്കിലും വൃദ്ധരുടെ എണ്ണം അടിക്കടി വര്‍ധിക്കുകയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യപരിരക്ഷാ പരിപാടികള്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതും ധനകാര്യ കമ്മീഷന്‍ ഗൗരവമായി കണക്കിലെടുക്കണം. അതോടൊപ്പം ജനസാന്ദ്രതയിലുണ്ടായ മാറ്റവും പരിഗണിക്കണം.
അധികാര വികേന്ദ്രീകരണം നടപ്പാക്കിയതുവഴി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണച്ചെലവ് വര്‍ധിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പാക്കിയ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് വര്‍ധിക്കുമ്പോള്‍ അത് സംസ്ഥാനത്തിന് വലിയ ഭാരമായി മാറുന്നു. കേന്ദ്രവിഹിതം ഇപ്പോള്‍ നിശ്ചയിക്കുന്നത് ഗാഡ്ഗില്‍ മുഖര്‍ജി ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പുതിയ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുരാമന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഈ ഫോര്‍മുല മാറ്റണമെന്നാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് കേരളം പോലുള്ള സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കും. അതിനാല്‍ ഫോര്‍മുല തുടരണമെന്നാണ് കേരളത്തിന്റെ ആവശ്യം.
വികസന പ്രവര്‍ത്തനങ്ങളിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തി മുന്നോട്ടുപോകുകയെന്നതാണ് കേരളത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍ ഇത് സംസ്ഥാനത്തിന് വലിയൊരു സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികള്‍ക്ക് പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന തടസ്സം തന്നെയാണ് ഇതിനുദാഹരണമായി എടുത്തുകാട്ടാനാകുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ വൈദ്യുതി ഉത്പാദനത്തിന് ജലവൈദ്യുതി നിലയങ്ങളാണ് അഭികാമ്യം. എന്നാല്‍ കേരളത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മൂലം ജലവൈദ്യുത പദ്ധതികള്‍ തുടങ്ങാനാകുന്നില്ല. ഇതുമൂലം വൈദ്യുതി ദൗര്‍ലഭ്യമുണ്ടാകുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പരിഹരിക്കാനായി കൂടിയ വിലക്ക് താപവൈദ്യുതിയും മറ്റും വാങ്ങേണ്ടി വരുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ലാഭകരമായ നിലയിലേക്ക് മാറ്റിയെടുക്കണമെന്നാണ് ധനകാര്യ കമ്മീഷന്റെ നിര്‍ദേശം. ഇത് കേരളത്തില്‍ പ്രായോഗികമല്ല. യാത്രാനിരക്ക് വര്‍ധിപ്പിച്ച് കെ എസ് ആര്‍ ടി സിയെ ലാഭത്തിലാക്കാനോ കുടിവെള്ളത്തിന് അമിത വില ഈടാക്കി ജല അതോറിറ്റിയെ ലാഭത്തിലാക്കാനോ കഴിയുന്ന സാഹചര്യമല്ല ഉള്ളത്. ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളിലൂടെയുണ്ടാകുന്ന നഷ്ടം ധനകാര്യ കമ്മീഷന്‍ വിഹിതത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി സ്‌പെഷ്യല്‍ ഗ്രാന്റുകള്‍ അനുവദിക്കണം. നേരത്തെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഉണ്ടായിരുന്ന കേരള മോഡലിന് മങ്ങലേറ്റ സാഹചര്യമാണ് ഇന്നുള്ളത്. യൂറോപ്യന്‍ യൂനിയനൊപ്പം പ്രശസ്തി നേടിയ കേരള മോഡല്‍ ഇന്ന് മങ്ങിക്കഴിഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ കുറഞ്ഞോയെന്ന കാര്യം വിലയിരുത്തേണ്ടതാണ്. അതുകൊണ്ടു തന്നെ കേരളാ മോഡലിന് പുനരാഖ്യാനം വേണം. ജനങ്ങള്‍ക്ക് സൗജന്യമായി മരുന്നെത്തിക്കാനും സൗജന്യ വിദ്യാഭ്യാസത്തിനുമായി സര്‍ക്കാര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നത്. അതിനാല്‍ സാമൂഹിക സുരക്ഷക്കായി സ്‌പെഷ്യല്‍ ഗ്രാന്റുകള്‍ അനുവദിക്കണം.
പ്രവാസികളുടെ മടങ്ങിവരവിലൂടെ കേരളത്തിനുണ്ടായിരിക്കുന്ന ബാധ്യതയാണ് ധനകാര്യ കമ്മീഷന്‍ പരിഗണിക്കേണ്ട മറ്റൊരു വസ്തുത. സഊദിയില്‍ സ്വദേശിവത്കരണം നടന്നതോടെ ആയിരങ്ങളാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷത്തോളം മലയാളികള്‍ക്ക്ക്ക് കുവൈത്തില്‍ നിന്ന് മടങ്ങേണ്ടിവരുമെന്നാണ് കരുതുന്നത്. ഇവരുടെ പുനരധിവാസം, തൊഴില്‍, ജീവിത സാഹചര്യം എന്നിവ സര്‍ക്കാര്‍ ഉടനടി ചെയ്യേണ്ടതാണ്. 60,000 കോടിയോളം രൂപ വിദേശനാണ്യം നേടിത്തന്ന വിദേശ മലയാളികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി പ്രത്യേക ഗ്രാന്റ് അനുവദിക്കണം. പ്രവാസികള്‍ക്കായി കൂടുതല്‍ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണം.
രമേശ് ചെന്നിത്തല