Connect with us

Kozhikode

എടോടിയിലെ വിവാദ കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം

Published

|

Last Updated

വടകര: എടോടിയില്‍ അനധികൃതമായി നിര്‍മിച്ച താത്കാലിക കെട്ടിടം പൊളിച്ചുമാറ്റാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. അഞ്ച് മാസത്തിലേറെയായി ഈ കെട്ടിടവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ വിവാദ കെട്ടിടം എത്രയും പെട്ടെന്ന് നോട്ടീസ് നല്‍കി പൊളിച്ചുമാറ്റും. വടകര മുനിസിഫ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ കേവിയറ്റ് ഫയല്‍ ചെയ്യാനും തീരുമാനമായി. ഇതോടൊപ്പം ഈ കെട്ടിടത്തോട് ചേര്‍ന്ന് വൈദ്യുതി ലൈനിനോട് തട്ടി നില്‍ക്കുന്ന പരസ്യബോര്‍ഡ് നീക്കം ചെയ്യാനും തീരുമാനിച്ചു.
താഴെ അങ്ങാടി വലിയ വളപ്പില്‍ കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്റര്‍ നിര്‍മാണ പ്രവര്‍ത്തി തടസ്സപ്പെടുത്തിയതിനെതിരെയും യോഗത്തില്‍ ഭരണകക്ഷി അംഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. വ്യവസായത്തിന് വേണ്ടി വാങ്ങിയ രണ്ടര ഏക്കര്‍ സ്ഥലത്തുനിന്നാണ് ഒരേക്കര്‍ സ്ഥലം നഗരസഭ കെ എസ് ആര്‍ ടി സിക്ക് കൈമാറിയിട്ടുള്ളത്. ബാക്കിവരുന്ന സ്ഥലത്ത് ഗ്രൗണ്ട് നിര്‍മിക്കണമെന്നത് അംഗീകരിക്കാനാവില്ലെന്നും നാരായണ നഗര ഗ്രൗണ്ടിന്റെ ജോലി ആരംഭിക്കുന്ന മുറക്ക് സ്റ്റേഡിയത്തിന്റെ പേരില്‍ കെ എസ് ആര്‍ ടിസിയുടെ കെട്ടിടനിര്‍മാണ പ്രവര്‍ത്തി തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും സി പി എം അംഗം ഇ അരവിന്ദാക്ഷന്‍ പറഞ്ഞു.
വ്യവസായ എസ്റ്റേറ്റ് തുടങ്ങുന്നത് വരെ കളിസ്ഥലമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും വികലാംഗ സ്ത്രീയുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
തീരദേശ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് ഉചിതമായ സ്ഥലം നല്‍കാന്‍ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്ത് ചുമതലപ്പെടുത്തി.
യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു. കെ പി ബാലന്‍ മാസ്റ്റര്‍, പി അബ്ദുല്‍കരീം, നല്ലാടത്ത് രാഘവന്‍, അഡ്വ. എം കെ സദാനന്ദന്‍, ഇ സജിത്ത്കുമാര്‍, സി എച്ച്, അഡ്വ. ലതികാ ശ്രീനിവാസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

 

Latest